Image

ചിരിച്ച് കൊണ്ട് മലയാളികളെ കരയിപ്പിച്ച "ദശരഥം" പിറന്നിട്ട് ഇന്നേക്ക് 30 വർഷങ്ങൾ

Published on 21 October, 2019
ചിരിച്ച് കൊണ്ട് മലയാളികളെ കരയിപ്പിച്ച "ദശരഥം" പിറന്നിട്ട് ഇന്നേക്ക് 30 വർഷങ്ങൾ

"ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമൊ" മോഹൻലാൽ എന്ന നടന്റെ ഈ ഒരറ്റ ഡയലോഗിൽ മലയാളക്കര വിതുമ്പിയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ. ചിരിച്ച് കൊണ്ട് കരയിപ്പിക്കാൻ ലാലേട്ടൻ എന്ന നടനെ മാത്രമേ കഴിയുകയുള്ളു. മലയാളികൾക്ക് ഇന്നും അഭിമാനത്തോടെ ഇതാണ് ഞങ്ങളുടെ സിനിമ എന്ന് ഉറക്കെ വിളിച്ച് പറയാവുന്ന ചിത്രത്തെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധേയമാവുന്നു.


കുറിപ്പിന്റയെ പൂർണരൂപം

 

ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമൊ എന്ന് ചോദിച്ച് ചിരിച്ച് കൊണ്ട് മലയാളികളെ കരയിപ്പിച്ച, മലയാളി മനസുകളുടെ നൊമ്പരമായ രാജീവ് മേനോൻ വന്നിട്ട് 30 ർഷങ്ങൾ.. അതെ, ലോഹിതദാസ് സിബിമലയിൽ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദശരഥം, മലയാളത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ സിനിമ, മലയാളികൾക്ക് അഭിമാനത്തോടെ ഇതാണ് ഞങ്ങളുടെ സിനിമ, ഇതാണ് ഞങ്ങളുടെ നടൻ എന്ന് ഉറക്കെ വിളിച്ച് പറയാവുന്ന സിനിമ വന്നിട്ട് 30 വര്‍ഷങ്ങള്‍…

 

Image may contain: 4 people, people smiling, text

 

അമ്മയുടെ സ്നേഹപരിലാളനകൾ ലഭിക്കാത്ത, സ്ത്രീകളെ വെറുക്കുന്ന, സ്നേഹബന്ധങ്ങളുടെ വില അറിയാത്ത, മുഴുക്കുടിയനായ, അതിസമ്പന്നനനായ, അരക്കിറുക്കൻ എന്ന് തോന്നിപ്പിക്കുന്ന രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്റെ ശക്തമായ തൂലികയിലൂടെ, സിബിമലയിലിന്റെ മികച്ച അവതരണത്തിലൂടെ മലയാളികൾ അനുഭവിച്ചത്…

 

Image may contain: 8 people, people smiling

 

 

കാലത്തിന് മുമ്പേ പിറന്ന സിനിമയാണ് ശരിക്കും ദശരഥം എന്ന് പറയാം… കൃത്രിമ ബീജ സങ്കലനം/വാടകയ്ക്കൊരു ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾ കേട്ട് തുടങ്ങുന്നതിന് മുമ്പാണ് ഇത്തരം ഒരു അതിസങ്കീർണമായ വിഷയം സിബി മലയിലും ലോഹിതദാസും കൂടി മലയാള പേക്ഷകരുടെ മുന്നിൽ ലളിതമായി അവതരിപ്പിച്ചത് എന്നത് ആശ്ചര്യകരമായ കാര്യമാണ്…. മലയാള സിനിമയിലെ ഏറ്റവും ധീരമായ പരീക്ഷണം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രമങ്ങളിൽ മുൻനിരയിൽ ദശരഥം ഉണ്ടെന്ന് നിസംശയം പറയാം….

 

 

Image may contain: 5 people, people smiling

39 വർഷത്തെ മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദശരഥത്തിലെ രാജീവ് മേനോൻ… അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ആദ്യത്തെ 5 അതിഗംഭീര പ്രകടനങ്ങളിലൊന്ന്… മോഹൻലാലിലെ അതുല്യ പ്രതിഭയെ എത്ര സ്വഭാവികതയോടെയാണ് സിബിമലയിലും ലോഹിതദാസും കൂടി അവതരിപ്പിച്ചിരിക്കുന്നത്…
രാജീവ് എന്ന കഥാപാത്രത്തിന് മോഹൻലാൽ കൊടുത്ത ശരീരഭാഷ എടുത്ത് പറയേണ്ട ഒന്നാണ്…രാജീവിന്റെ നടത്തം, സംസാരം, ആംഗ്യ വിക്ഷേപങ്ങൾ ഒക്കെ എത്ര മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്, എന്തൊരു ആകർഷണീയതയാണ് അതിന്….

സിനിമയിലെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ??

 

Image may contain: 8 people, people smiling, child

 

പേര് കേട്ട പല മഹാനടന്മാരുടെയും അഭിനയത്തിലെ പോരായ്മ വെളിവാകുന്നത് മദ്യപാന രംഗങ്ങളിൽ അല്ലെങ്കിൽ മദ്യപാനിയുടെ വേഷം കെട്ടുമ്പൊഴാണ്… ആടിയാടി നടക്കുന്ന, കുഴഞ്ഞ് സംസാരിക്കുന്ന മദ്യപാനിയാണ് കാലാകാലങ്ങളായിട്ടുള്ള സിനിമയിലെ ടിപ്പിക്കൽ മദ്യപാനി, സിനിമയിലെ ക്ലിശേകളിൽ ഒന്ന്… മഹാനടന്മാരെന്ന് പേര് കേട്ട പലരും പിൻതുടരുന്നതും മേല്പ്പറഞ്ഞ രീതി തന്നെയാണ്… അവിടെയാണ് മോഹൻലാൽ എന്ന നടന്റെ ആക്റ്റിങ്ങ് ബ്രില്യൻസ്… പരമ്പരാഗത രീതികളെ തച്ചുടച്ച് എത്ര മനോഹരമായിട്ടാണ്, അതിലേറെ എത്ര സ്വഭാവികമായിട്ടാണ് മോഹൻലാൽ രാജീവ് മേനോൻ എന്ന മുഴുകുടിയൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്…

 

Image may contain: 6 people, people smiling, text

ഇന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിനോളം സ്വഭാവികമായി ഇത്തരം റോളുകൾ ചെയ്യുന്ന നടന്മാർ ഇല്ല എന്ന് തന്നെ പറയാം…
ദശരഥത്തിലെ ഏറ്റവും മികച്ച സീൻ ഏതെന്ന് ചോദിച്ചാൽ മിക്കവരും പറയുക ക്ലൈമാക്സ് രംഗം എന്നായിരിക്കും…. എന്നാൽ ക്ലൈമാക്സ് രംഗത്തിന് ഒപ്പം നില്ക്കുന്ന ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ദശരഥം…തൊമ്മിയെ എനിക്ക് തരുമൊ എന്ന് കറിയാച്ചനോട് രാജീവ് ചോദിക്കുന്നത് ദശരഥത്തിലെ വൈകാരികമായ, മനോഹരമായ ഒരു രംഗമാണ്… നെടുമുടി വേണുവും മോഹൻലാലും മൽസരിച്ച് അഭിനയിച്ച രംഗം… ബന്ധങ്ങളുടെ വില തനിക്കറിയില്ല എന്ന് കറിയാച്ചൻ എന്ന് പറയുമ്പൊൾ രാജീവിന്റെ ഒരു തലയാട്ടൽ ഉണ്ട്, കറിയാച്ചൻ പറഞ്ഞത് സങ്കടത്തോടെ, ചെറു ചിരിയോടെ ശരിയാണെന്ന് സമ്മതിച്ച് കൊണ്ടുള്ള ഭാവം, ഹൊ, അതിമനോഹരം എന്നേ വിശേഷിപ്പിക്കാൻ പറ്റു… ഗർഭപാത്രം വാടകയ്ക്ക് കിട്ടിയ കാര്യം ഡോക്ടർ ഹമീദ് രാജീവിനോട് പറയുമ്പോൾ രാജീവ് അക്ഷമയോടെ കേട്ടിരിക്കുന്നത്, അവസാനം ഡോക്ടർ പേര് പറയുമ്പൊ ആനി എന്ന് രാജീവ് പറയുന്നത് മറ്റൊരു മനോഹര രംഗം…


ചന്ദ്രദാസുമായി ആദ്യമായി സംസാരിക്കുന്ന രംഗം, ആനിയെ ആദ്യമായി കാണുമ്പോൾ ഉള്ള രാജീവിന്റെ ഭാവം,തന്റെ വയറ്റിൽ അവൻ അനങ്ങി തുടങ്ങി, ലക്ഷണം കണ്ടിട്ട് ആൺകുട്ടിയാണെന്ന് ആനി പറയുമ്പൊഴുള്ള രാജീവിന്റെ സന്തോഷവും ഒപ്പം ചെറിയ കണ്ണീരും ഉള്ള രംഗം, ലേബർ റൂമിന്റെ മുന്നിൽ നിന്ന് കുഞ്ഞിനെ കൈയ്യിൽ വാങ്ങുന്ന രംഗത്തിലെ രാജീവിന്റെ സന്തോഷം, ആശുപത്രി മുറിയുടെ ജനലരികിൽ നിന്ന് ആനിയുടെ ചൂടേറ്റ് കിടക്കുന്ന തന്റെ കുഞ്ഞിനെ നോക്കി കാണുന്ന രംഗം, അത് കഴിഞ്ഞ് വീട്ടിലെത്തി അങ്കിളിനോട് താനും അമ്മയുടെ ചൂടേറ്റ് തന്റെ കുഞ്ഞ് ആനിയുടെ അടുത്ത് കിടന്നത് പോലെ കിടന്നിട്ടുണ്ടാകുമൊ എന്ന് രാജീവ് ചോദിക്കുന്ന രംഗം, കുഞ്ഞിന്റെ പാൽ കുപ്പി രാജീവ് എടുത്ത് കുടിച്ച് നോക്കുന്ന രംഗം, ഒരിക്കൽ കൂടി ചോദിച്ചിരുന്നെങ്കിൽ കുഞ്ഞിനെ കിട്ടുമായിരുന്നു എന്ന് പിന്നീട് തോന്നാതിരിക്കാൻ ആനിയുടെ അടുത്ത് പോയി എന്റെ മോനെ എനിക്ക് തരൊ’ എന്ന് ചോദിക്കുന്ന രംഗം… ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ… തിയേറ്ററിൽ ഇല്ലാതിരുന്ന, എന്നാൽ വീഡിയൊ കാസറ്റിൽ ഉണ്ടായിരുന്ന വളരെ രസകരമായ ഒരു രംഗമുണ്ട് ദശരഥത്തിൽ… ആശുപത്രിയിൽ രാജീവ് സെമൻ കളക്റ്റ് ചെയ്യാനായി പോകുന്ന രംഗം…. ഇതെങ്ങനെയാണ് എടുക്കുന്നത് എന്ന് രാജീവ് നിഷ്കളങ്കമായി ഡോക്ടർ ഹമീദിനോട് ചോദിക്കുന്നതും പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ എന്ന് ഡോക്ടർ ഹമീദ് മറുപടി പറയുന്നതും ഒക്കെ വളരെ രസകരമായിട്ടാണ് സിബിമലയിൽ അവതരിപ്പിച്ചിരിക്കുന്നത്… സെമൻ കളക്റ്റ് ചെയ്ത് വന്നതിന് ശേഷം ഡോക്ടർ ഹമീദിനെ നോക്കി രാജീവിന്റെ ഒരു ചിരിയുണ്ട്, മലയാളികളെ വശീകരിച്ച മോഹൻലാൽ എന്ന നടന്റെ പ്രശസ്തമായ ആ ചമ്മൽ ചിരി…. തിയേറ്ററിൽ ഈ സീൻ ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷകർ ചിരിച്ച് മറിയുമായിരുന്നു….

 

Image may contain: 10 people, people smiling

മാതൃത്വവും അതിന്റെ പവിത്രതയും മഹത്വവും എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് ആനി എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടിരിക്കുന്നത്…തന്റെ എല്ലാമെല്ലാമായ ചന്ദ്രദാസിന് വേണ്ടി പത്ത് മാസത്തെ ട്യൂമർ എന്ന് പറഞ്ഞ് കൊണ്ട് ഗർഭം ധരിക്കുന്ന ആനിയുടെ പതിയെ ഉള്ള മാറ്റമാണ് ദശരഥം സിനിമ നല്കുന്ന സന്ദേശം, ഒരമ്മയ്ക്ക് തന്റെ കുഞ്ഞ് കഴിഞ്ഞേ ഈ ലോകത്ത് മറ്റെന്തും ഉള്ളു എന്ന പൊതുവായ സന്ദേശം… ഒരു സ്ത്രീക്ക് ഏറ്റവും വലുത് തന്റെ ഭർത്താവാണൊ കുഞ്ഞാണൊ എന്ന് ചന്ദ്രദാസ് അമ്മയോട് ചോദിക്കുന്നുമുണ്ട് ഒരു രംഗത്തിൽ… ചന്ദ്രദാസ് എന്ന നിസഹായനായ ഭർത്തവായി മുരളിയും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു….രേഖ എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രം ദശരഥത്തിലേതായിരിക്കും….
ഹൃദയസ്പർശിയായ, വൈകാരികമായ ഒട്ടേറെ കഥാസന്ദർഭങ്ങളെ, അതിനാടകീയതിലേയ്ക്ക് വഴുതി പോകാതെ വളരെ സ്വഭാവികമായിട്ടാണ് സിബി മലയിൽ ദശരഥത്തിൽ അവതരിപ്പിച്ചിരിക്കുന്നത്… ഇത്തരം രംഗങ്ങൾ അവതരിപ്പിക്കുന്നതിൽ സിബിമലയിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്… അദ്ദേഹത്തിന്റെ ആ കഴിവ് തനിയാവർത്തനം, കിരീടം, ഭരതം, സദയം, ചെങ്കോൽ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾ അനുഭവിച്ചറിഞ്ഞതുമാണ്..

 

 

Image may contain: 6 people, people smiling

സിബി മലയലിന്റെ സിനിമകളിൽ മോഹൻലാൽ എന്ന നടന്റെ അഭിനയം കാണുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്… ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒരു തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ ശോഭിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്.. പ്രിയദർശന്റെ സിനിമകളിൽ തലക്കുത്തി മറിയുന്ന, സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ തമാശ കാണിക്കുന്ന, പിന്നെ ആക്ഷൻ മാത്രം ചെയ്യാൻ പറ്റുന്ന നടൻ എന്നായിരുന്നു കിരീടം വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ… കിരീടത്തിന് മുമ്പ് അമൃതംഗമയ, പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു അക്കാലത്ത്…. പക്ഷെ കിരീടത്തിലെ പെർഫോമൻസിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന മുൻധാരണകളെ മോഹൻലാൽ തിരുത്തി വിമർശരകരുടെ വായ് അടപ്പിച്ചു…. കിരീടത്തിലെ ഗംഭീര പ്രകടനം യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് അടിവരയിടുന്നതായിരുന്നു ദശരഥത്തിലെ മോഹൻലാലിന്റെ പ്രകടനം…. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച മികച്ച നടന്മാരുടെ ഒരു മൽസരം നടത്തുകയാണെങ്കിൽ അതിന് മലയാള സിനിമയുടെ എൻട്രിയായി വേറെ സിനിമകൾ അയക്കേണ്ടതില്ല, കിരീടവും ദശരഥവും അയച്ചാൽ മതി, മികച്ച നടന്മാരുടെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉറപ്പായും മോഹൻലാൽ ഉണ്ടാകും….

 

1989 ലെ സംസ്ഥാന/ദേശീയ അവാർഡ് മത്സരത്തിൽ വരവേൽപ്പ്, കിരീടം, ദശരഥം തുടങ്ങിയ സിനിമകളിലെ ഗംഭീര പെർഫോമൻസിലൂടെ അവസാന റൗണ്ട് വരെ മോഹൻലാൽ ഉണ്ടായിരുന്നു… പക്ഷെ മോഹൻലാലിന്റെ ഈ മൂന്ന് ഗംഭീര അഭിനയ പ്രകടനത്തെ മനപ്പൂർവ്വം അവഗണിച്ച്, അതിനെ മറികടന്ന് അതിനാടകീയ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ് നിന്ന ഒരു പ്രകടനത്തിനാണ് അന്ന് ജൂറി അവാർഡ് കൊടുത്തത്….

 

Image may contain: 8 people, people smiling, child and close-up

1989 ഒക്ടോബർ 19 ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും ആദ്യ ഷോ കണ്ടതാണ് ഞാൻ ദശരഥം… അന്നത്തെ ഒമ്പതാം ക്ലാസ്ക്കാരനായ എനിക്ക് ഉൾക്കൊള്ളാവുന്നതിനപ്പുറമായിരുന്നു ദശരഥത്തിന്റെ പ്രമേയമെങ്കിലും വിങ്ങുന്ന മനസോടെയാണ് ഞാൻ അന്ന് തിയേറ്ററിൽ നിന്നും ഇറങ്ങിയത്….
ദശരഥത്തെ കുറിച്ച് എഴുതുമ്പോൾ ആ മികച്ച ക്ലൈമാക്സിനെ കുറിച്ച് പരാമർശിച്ചില്ലെങ്കിൽ അതൊരിക്കലും പൂർണമാകില്ല…. അത്രമാത്രം പ്രേക്ഷകരെ സ്വാധിനിച്ച, നൊമ്പരപ്പെടുത്തിയ ക്ലൈമാക്സായിരുന്നു ദശരഥത്തിന്റെത്… ആനിക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം കണ്ടാണ് രാജീവ് തന്റെ ഓർമ്മയിൽ പോലും ഇല്ലാത്ത അമ്മയെ പറ്റി മാഗിയോട് ചോദിക്കുന്നത് എല്ലാ അമ്മമാരും ആനിയെ പോലെയാണൊ എന്ന്…. ഒരു അമ്മയുടെ സ്നേഹം, ലാളന ഒക്കെ രാജീവ് എന്ന അനാഥൻ ചെറുപ്പം മുതലേ ആഗ്രഹിക്കുന്നുണ്ട്, ഒരിക്കലും ലഭിക്കുകയില്ല എന്ന യാഥാർത്ഥ്യം അറിഞ്ഞിരുന്നിട്ടും കൂടി… ആ യാഥാർത്ഥ്യത്തിന്റെ അപകർഷകത മറച്ച് വെയ്ക്കാനായിരിക്കാം അയാൾ മദ്യത്തിൽ അഭയം പ്രാപിച്ചത്, അരക്കിറുക്കനായി ഒക്കെ അഭിനയിച്ചത് … ആനിയിലെ അമ്മയെ കണ്ടതോട് കൂടി രാജീവ് വീണ്ടും ഒരമ്മയുടെ സ്നേഹം ആഗ്രഹിക്കുകയാണ്, അതാണ് ‘ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’ എന്ന് ചോദിക്കാൻ അയാളെ പ്രേരിപ്പിച്ചതും… താൻ വർഷങ്ങളായി കൊണ്ട് നടന്ന ദുഖം, വേദന, അനാഥത്വം ഒക്കെ ഇറക്കി വെച്ച സന്തോഷത്തിലായിരിക്കും മാഗിയോട് തന്നെ സ്നേഹിക്കാമൊ എന്ന് ചോദിച്ചതിന് ശേഷം രാജീവ് ചിരിച്ച് കൊണ്ട് കരഞ്ഞത്…. എത്ര മനോഹരമായിട്ടാണ്, അങ്ങേയറ്റം സ്വാഭാവികതയോടാണ് നാടകീയതയിലേക്ക് പോകാതെ മോഹൻലാൽ ഈ ക്ലൈമാക്സ് രംഗത്ത് പകർന്നാടിയിരിക്കുന്നത്…. വിസ്മയം എന്ന പദത്തിന് മേലെ ഏതെങ്കിലും പദം ഉണ്ടെങ്കിൽ അത് ഉപയോഗിക്കേണ്ടി വരും മോഹൻലാലിന്റെ ഈ അത്യുജ്വല അഭിനയ മികവിനെ വിശേഷിപ്പിക്കാൻ… വിങ്ങുന്ന മനസോടെ പ്രേക്ഷകർ തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ അവരുടെ മനസിൽ മോഹൻലാൽ എന്ന അതുല്യപ്രതിഭ എന്നേന്നേക്കുമായി കുടിയേറിരുന്നു…
മേല്പ്പറഞ്ഞ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചപ്പോൾ സിബിമലയിൽ എങ്ങനെയായിരിക്കും മോഹൻലാലിന് അത് വിശദീകരിച്ച് കൊടുത്തിട്ടുണ്ടാകുക?എന്നെങ്കിലും സിബിമലയിനെ നേരിട്ട് കാണുമ്പോൾ ഞാൻ ചോദിക്കാൻ കരുതി വെച്ചിരിക്കുന്ന ചോദ്യമാണിത്…മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓഡിഷനിൽ മോഹൻലാലിന് ഏറ്റവും കുറവ് മാർക്ക് കൊടുത്തത് സിബിമലയിൽ ആയിരുന്നു… പക്ഷെ ആ സിബിമലയിലാണ് പിൽക്കാലത്ത് മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച പെർഫോമൻസുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എന്നത് കൗതുകകരമായ ഒന്നാണ്…

 

മോഹൻലാൽ, മുരളി, രേഖ എന്നിവരുടെ മികച്ച പ്രകടത്തിനൊപ്പം എടുത്ത് പറയേണ്ടതാണ് നെടുമുടി വേണു, കരമന ജനാർദ്ദനൻ,സുകുമാരൻ,KPAC ലളിത, സുകുമാരി, കവിയൂർ പൊന്നമ്മ തുടങ്ങിയവരുടെ പ്രകടനങ്ങളും…. വേണു വിന്റെ ഛായാഗ്രഹണവും ജോൺസൺ മാഷിന്റെ സംഗീതവും ദശരഥം എന്ന സിനിമയെ മികച്ചൊരു അനുഭവമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു… ദശരഥത്തിന്റെ ഓഡിയൊ കാസറ്റിൽ ചിഞ്ചിലം, മന്താരചെപ്പുണ്ടൊ എന്നീ പാട്ടുകൾ കൂടാതെ MG ശ്രീകുമാർ പാടിയ കറുകുറുകെ….. അടുത്ത വീട്ടിലെ കറുത്ത പെണ്ണേ മീനാക്ഷി എന്ന ഒരു നാടൻ പാട്ട് കൂടി ഉണ്ടായിരുന്നു…. മന്താരച്ചെപ്പുണ്ടോ എന്ന പാട്ട് 30 വർഷങ്ങൾക്കിപ്പുറവും എവർഗ്രീൻ പാട്ടായി നിലനില്ക്കുന്നു…. പൂവ്വച്ചൽ ഖാദർ ഗാനരചന നിർവ്വഹിച്ച അവസാനത്തെ മോഹൻലാൽ സിനിമ കൂടിയാണ് ദശരഥം….

30 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ ദശരഥത്തെ കുറിച്ച്, മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ച് വാനോളം പുകഴ്ത്തുന്നുണ്ടെങ്കിൽ അത് ലോഹിതദാസ് എന്ന അതുല്യ കഥാക്കാരന്റെ തൂലികയുടെ ശക്തി കൊണ്ടാണ്, എഴുത്തിന്റെ മികവിനെ വെല്ലുന്ന രീതിയിൽ അത് സിബിമലയിൽ എന്ന സംവിധായകൻ അവതരിപ്പിച്ചത് കൊണ്ടാണ്, സർവ്വോപരി മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ വിസ്മയ പ്രകടനം കൊണ്ടാണ്….. അന്നത്തെ പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത പ്രമേയം ആയത് കൊണ്ടാകാം മികച്ച സിനിമ ആയിട്ട് കൂടി ബോക്സ് ഓഫിസിൽ ശരാശരിക്ക് മേലെയുള്ള വിജയമേ ദശരഥത്തിന് നേടാനായുള്ളു…

ദശരഥം എന്ന എക്കാലത്തെയും മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ലോഹിതദാസ്, സംവിധായകൻ സിബിമലയിൽ, നിർമ്മാതാവ് സാഗ അപ്പച്ചൻ പിന്നെ രാജീവ് മേനോനായി നിറഞ്ഞാടിയ മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക