Image

കാണാതായ റഷ്യന്‍ സുഖോയ് വിമാനം ഇന്‍ഡോനേഷ്യയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി

Published on 09 May, 2012
കാണാതായ റഷ്യന്‍ സുഖോയ് വിമാനം ഇന്‍ഡോനേഷ്യയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി
 

ജക്കാര്‍ത്ത: കാണാതായ റഷ്യന്‍ വിമാനം ഇന്‍ഡോനേഷ്യയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. റഷ്യന്‍ സുഖോയ് സൂപ്പര്‍ ജെറ്റ് 100 ഇനത്തില്‍ പെട്ട വിമാനമാണ് സിജേരുക് മേഖലയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് വിമാനം കാണാതായത്.

വിമാനത്തില്‍ അന്‍പതോളം പേരുണ്ടായിരുന്നു. എല്ലാവരും മരിച്ചതായിട്ടാണ് വിവരം. ദുരന്തത്തില്‍ ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജക്കാര്‍ത്തയിലെ ഹാലിം പെര്‍ദനാകുസുമ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 50 മിനുട്ടുകള്‍ക്ക് ശേഷം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ബോഗോര്‍ നഗരത്തിന് സമീപമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സലാക് മലനിരയ്ക്ക് മുകളിലൂടെ ഒരു വിമാനം സാധാരണയിലധികം താഴ്ന്ന് പറന്നതായി ദൃക്സാക്ഷികളില്‍ നിന്ന് വിവരവും ലഭിച്ചിരുന്നു.

വിമാനത്തിനായി ഇന്നലെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും ഇരുട്ടും കനത്ത കാറ്റും മൂലം തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെ പ്രദേശത്തുണ്ടായ കനത്ത മൂടല്‍മഞ്ഞും തെരച്ചില്‍ വൈകിപ്പിച്ചു. റഡാറില്‍ നിന്നും അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുന്‍പ് വിമാനം 10,000 അടിയില്‍ നിന്നും 6000 അടിയിലേക്ക് താഴ്ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുഖോയ് സൂപ്പര്‍ജെറ്റ് വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ബോധ്യപ്പെടുത്താന്‍ കമ്പനി അധികൃതര്‍ സംഘടിപ്പിച്ച യാത്രയിലായിരുന്നു അപകടം. അപകടത്തില്‍ പെട്ടവരില്‍ ഇന്‍ഡോനേഷ്യന്‍ എയര്‍ലൈന്‍ അധികൃതരും വ്യോമയാന ഉദ്യോഗസ്ഥരും അഞ്ച് മാധ്യമപ്രവര്‍ത്തകരും വിമാനഎന്‍ജിന്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി സ്നേക്മയുടെ പ്രതിനിധിയും ഉള്‍പ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക