Image

മഞ്ചേശ്വരത്തെ കള്ളവോട്ട്; ആരോപണം തെറ്റെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 21 October, 2019
മഞ്ചേശ്വരത്തെ കള്ളവോട്ട്; ആരോപണം തെറ്റെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ കാസര്‍കോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കള്ള വോട്ട് ആരോപണം തെറ്റാണെന്നാണ് ഉണ്ണിത്താന്റെ പ്രതികരണം.


ഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്‌നമായത്. രണ്ട് പേര്‍ക്കും മണ്ഡലത്തില്‍ വോട്ടുണ്ട്. വോട്ടര്‍ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. വോട്ട് ചെയ്യാന്‍ വന്ന നബീസ സ്വന്തം ഐഡി കാര്‍ഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാന്‍ വന്നതാണെങ്കില്‍ സ്വന്തം ഐഡി കാര്‍ഡ് കൊണ്ടല്ലല്ലോ വരികയെന്നും ഉണ്ണിത്താന്‍ ചോദിക്കുന്നു.


എന്നാല്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല എന്ന് വ്യക്തമായിരുന്നു. അത് പരിശോധിച്ച്‌ തന്നെയാണ് പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കിയതും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതും. ഇത് വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.


ബാക്രബയല്‍ സ്വദേശി നബീസയാണ് അറസ്റ്റിലായത്. തന്റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്.ഇവര്‍ ഇവിടത്തെ വോട്ടറല്ലെന്ന് പരിശോധനയില്‍ മനസ്സിലായതിനെ തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.


മുസ്ലിം ലീഗ് പ്രവര്‍ത്തകയാണ് ഇവരെന്നാണ് സൂചന. ബാക്രബയലിലെ 42-ാം ബൂത്തിലാണ് സംഭവം.

പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നബീസയെ അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക