Image

എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം മൂന്നാം ദിനത്തിലേക്ക്: 20 സര്‍വീസുകള്‍ മുടങ്ങി

Published on 09 May, 2012
എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം മൂന്നാം ദിനത്തിലേക്ക്: 20 സര്‍വീസുകള്‍ മുടങ്ങി
മുംബൈ: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. രാവിലെ പുറപ്പെടേണ്ട 20 സര്‍വീസുകള്‍ സമരം മൂലം മുടങ്ങി. മുംബൈയില്‍ നിന്നും മൂന്ന് അന്താരാഷ്ട്ര സര്‍വീസുകളും ഡല്‍ഹിയില്‍ നിന്നും എട്ട് സര്‍വീസുകളും മുടങ്ങി.

മുംബൈയില്‍ നിന്നും റദ്ദാക്കിയ വിമാനങ്ങളില്‍ റിയാദിലേക്കും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള സര്‍വീസുകളും ഉള്‍പ്പെടും. കോഴിക്കോട് നിന്നുള്ള എയര്‍ഇന്ത്യയുടെ റിയാദ് വിമാനവും എയര്‍ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റ് വിമാനവും റദ്ദാക്കിയിട്ടുണ്ട്. സമരം നിയമവിരുദ്ധമാണന്ന് ഡല്‍ഹി ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിട്ടും പൈലറ്റുമാര്‍ സമരം പിന്‍വലിക്കാന്‍ തയാറായിട്ടില്ല. രാവിലെ പത്ത് മണിക്കുള്ളില്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആരും ഇത് പാലിച്ചിട്ടില്ല. ആദ്യദിനത്തില്‍ പത്ത് പൈലറ്റുമാരെ പുറത്താക്കിയ കമ്പനി ഇന്നലെ 26 പേരെക്കൂടി പുറത്താക്കിയിരുന്നു.

അതിനിടെ സമരം നടത്തുന്ന പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് കമ്പനി മാനേജ്മെന്റുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇതിനുളള അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരവും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി അജിത് സിംഗ് വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക