Image

കനത്ത മഴ: നാലുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published on 20 October, 2019
കനത്ത മഴ: നാലുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാലും യെല്ലോ,ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഒക്ടോബര്‍ 21 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

പത്തനംതിട്ട ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകളും അംഗനവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാല/ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ചപ്രകാരം നടക്കും.

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയിലെ കോളേജുകള്‍ക്ക് തിങ്കളാഴ്ച അവധിയില്ല.

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ അങ്കണവാടികള്‍ക്കും സ്കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.

കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും, സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ, സ്കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ തുറക്കുമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അവധിയായിരിക്കും. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക