Image

ഫാ. ജോസ്‌ കൊച്ചുപറമ്പിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു

ജോസ്‌ മാളേയ്‌ക്കല്‍ Published on 09 May, 2012
ഫാ. ജോസ്‌ കൊച്ചുപറമ്പിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
കെന്നെസാ, അറ്റ്‌ലാന്റാ: സെന്റ്‌ കാതറൈന്‍ ഓഫ്‌ സിയെന്ന റോമന്‍ കത്തോലിക്കാ പള്ളിയിലെ സഹവികാരി റവ. ഫാ. ജോസ്‌ കൊച്ചുപറമ്പില്‍ പൗരോഹിത്യത്തിന്റെ 25 ാം വാര്‍ഷികം ലളിതവും, ഭക്തിനിര്‍ഭരവുമായ ചടങ്ങുകളോടെ ഏപ്രില്‍ 29 നു ആഘോഷിച്ചു. സിയെന്നായിലെ വിശുദ്ധ കാതറൈന്റെ നാമധേയത്തിലുള്ളതും ആല്‍മീയചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ ദേവാലയത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിനിര്‍ത്തി രാവിലെ 9 നു ജൂബിലേറിയന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ സെന്റ്‌ കാതറൈന്‍ ചര്‍ച്ച്‌ പാസ്റ്റര്‍ ഫാ. ജോണ്‍ മറ്റേയെക്‌, സഹവികാരി ഫാ. മാനുവല്‍ റിവാസ്‌ എന്നിവര്‍ സഹകാര്‍മ്മികരായി. ഡീക്കന്മാരായ റവ. സ്റ്റീഫന്‍ പോണിക്‌റ്റെറ, റവ. ഡിക്‌ കോണ്ടി, റവ. ഡേവിഡ്‌ ഗ്രബ്‌സ്‌, റവ. തോമസ്‌ റായന്‍, റവ. റോണ്‍ മാനിംഗ്‌, റവ. ചാണ്ടി ലൂക്കാ എന്നിവര്‍ സഹായികളുമായി. ഇടവക മദ്ധ്യസ്ഥയായ സെന്റ്‌ കാതറൈന്‍ ഓഫ്‌ സിയെന്നയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ 29 നായിരുന്നു 25 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഫാ. ജോസ്‌ വൈദികപട്ടം സ്വീകരിച്ചത്‌. വൊക്കേഷനു വേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാദിനം കൂടിയായിരുന്നു ഏപ്രില്‍ 29 ഞായര്‍.

ഫ്‌ളോറിഡാ, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയാ, നോര്‍ത്ത്‌ കരോലിനാ, ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളില്‍ നിന്നെത്തിയ ബന്ധുക്കളും, വൈദിക സുഹൃത്തുക്കളും, ഇടവകാസമൂഹവും ഉള്‍പ്പെടെ ധാരാളം വിശ്വാസികള്‍ ദിവ്യബലിയിലും, തുടര്‍ന്നു നടന്ന സ്വീകരണത്തിലും പങ്കെടുത്ത്‌ രജതജൂബിലിനിറവിലുള്ള അച്ചനു ആശംസകളും പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു. പരിശുദ്ധപിതാവ്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പായുടെ ശ്ലൈഹികാശീര്‍വാദമടങ്ങിയ മംഗളപത്രം തദവസരത്തില്‍ പാസ്റ്റര്‍ ഫാ. ജോണ്‍ മറ്റേയെക്‌ വിശ്വാസിസമൂഹത്തിനുമുന്‍പില്‍ വായിക്കുകയും ജൂബിലേറിയനു നല്‍കി അനുമോദിക്കുകയും ചെയ്‌തു. ചിക്കാഗോ സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ജൂബിലേറിയനു മംഗളങ്ങള്‍ ആശംസിച്ചു.

സീറോ മലബാര്‍ ആരാധനാക്രമത്തില്‍ ഉച്ചകഴിഞ്ഞു 3 നു മലയാളത്തില്‍ ജൂബിലേറിയന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ അറ്റ്‌ലാന്റാ സെ. അല്‍ഫോന്‍സാ പള്ളിവികാരി ഫാ. ജോണി പുതിയാപറമ്പില്‍, ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. ഡൊമിനിക്ക്‌ മഠത്തില്‍കളത്തില്‍, ഫാ. ജോസഫ്‌ മുല്ലക്കര, സെന്റ്‌ കാതറൈന്‍ ചര്‍ച്ച്‌ പാസ്റ്റര്‍ ഫാ. ജോണ്‍ മറ്റേയെക്‌ എന്നിവര്‍ സഹകാര്‍മ്മികരും, ഡീക്കന്‍ റവ. ചാണ്ടി ലൂക്കാ സഹായിയുമായി.

കോട്ടയം ജില്ലയില്‍ കടുത്തുരുത്തി മാന്നാറില്‍ ദിവംഗതരായ മാ
ത്യു കൊച്ചുപറമ്പില്‍ മേരി ദമ്പതികളുടെ ഇളയ മകനായ ജോസ്‌ കൊച്ചുപറമ്പില്‍ ക്ലരീഷ്യന്‍ സഭയില്‍ ചേര്‍ന്ന്‌ 1987 ഏപ്രില്‍ 29 നു വൈദിക പട്ടം സ്വീകരിച്ചു. ക്ലരീഷ്യന്‍ സഭയുടെ കുറവിലങ്ങാട്ടുള്ള മൈനര്‍ സെമിനാരിയില്‍ ഏഴുവര്‍ഷം വിവിധ മേഖലകളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചു. കേരളത്തിലും വെളിയിലും ഇന്നു സജീവമായി നടക്കുന്ന ദൈവവിളിക്യാമ്പുകള്‍ക്ക്‌ `ജീവിതദര്‍ശനക്യാമ്പ്‌' (ലൈഫ്‌ ഓറിയന്റേഷന്‍ ക്യാമ്പ്‌) എന്നു പുനര്‍നാമകരണം ചെയ്‌തത്‌ അന്നു വൊക്കേഷന്‍ പ്രാമോട്ടറായിരുന്ന ഫാ. ജോസ്‌ കൊച്ചുപറമ്പില്‍ എന്ന ക്രാന്തദര്‍ശിയായ കൊച്ചച്ചനായിരുന്നു. ഏഴുവര്‍ഷങ്ങളിലെ സേവനത്തിനു ശേഷം ഫാ. ജോസ്‌ മാധ്യമപഠനത്തിനായി റോമിലേക്കും അവിടെനിന്നും അമേരിക്കയിലേക്കും പോയി. സെന്റ്‌ കാതറൈന്‍ ഓഫ്‌ സിയെന്ന പള്ളിയിലെത്തുന്നതിനുമുമ്പ്‌ അറ്റ്‌ലാന്റാ അതിരൂപതയില്‍ സ്റ്റോണ്‍ മൗണ്ടനിലെ കോര്‍പ്പസ്‌ ക്രിസ്റ്റി, മക്‌ഡൊണായിലെ സെ. ജെയിംസ്‌ എന്നീ കത്തോലിക്കാപള്ളികളിലും സഹവികാരിയായി സേവനം ചെയ്‌തിട്ടുണ്ട്‌.

ഒരു ദശാബ്ദക്കാലമായി അറ്റ്‌ലാന്റാ അതിരൂപതയില്‍ സേവനം ചെയ്യുന്ന ഫാ. ജോസ്‌ അറിയപ്പെടുന്ന എഴുത്തുകാരനും വാഗ്മിയുമാണു. ദീപിക, മനോരമ, ഇന്‍ഡ്യന്‍ എക്‌സ്‌പ്രസ്‌, ഹിന്ദു, ഡക്കാന്‍ ഹെറാള്‍ഡ്‌ എന്നീ ഇന്ത്യന്‍ ദിനപ്പത്രങ്ങളിലും, അറ്റ്‌ലാന്റാ ജേര്‍ണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ (AJC), അറ്റ്‌ലാന്റാ അതിരൂപതയുടെ പ്രസിദ്ധീകരണമായ ജോര്‍ജിയാ ബുള്ളറ്റിന്‍, മലയാളം പത്രം, കേരള എക്‌സ്‌പ്രസ്‌, മലയാളീസംഗമം എന്നീ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലും വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ഫാ. ജോസ്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ഫാ. ജോസ്‌ കൊച്ചുപറമ്പിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക