Image

പ്രിയങ്ക രണ്ടാം ഇന്ദിര, മാറ്റത്തിന്റെ കൊടുങ്കാറ്റ്! 2022ല്‍ യുപി പിടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

Published on 20 October, 2019
പ്രിയങ്ക രണ്ടാം ഇന്ദിര, മാറ്റത്തിന്റെ കൊടുങ്കാറ്റ്! 2022ല്‍ യുപി പിടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയെ രണ്ടാം ഇന്ദിരയെന്ന് വിശേഷിപ്പിച്ച്‌ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. മാറ്റത്തിന്റെ കൊടുങ്കാറ്റാണ് പ്രിയങ്ക ഗാന്ധിയെന്നും അജയ് കുമാര്‍ ലല്ലു അഭിപ്രായപ്പെട്ടു. 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് വിജയം കൈവരിക്കുമെന്നും യുപി അധ്യക്ഷന്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഭയക്കുന്നു. പ്രിയങ്കയും രാഹുലും ഒരുമിച്ച്‌ തെരുവിലേക്ക് ഇറങ്ങിയാല്‍ തങ്ങള്‍ വിയര്‍ക്കുമെന്ന് അവര്‍ക്കറിയാമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനായിരിക്കില്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ലല്ലു പറഞ്ഞു. താന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ മാത്രമാണ്. പാര്‍ട്ടി ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് തന്റെ ധര്‍മം. നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ സുവര്‍ണ ചരിത്രമുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈ പോരാട്ടങ്ങളാണ് ചരിത്രം തിരുത്തിക്കുറിച്ചിട്ടുളളത്.

സംസ്ഥാനത്തെ പ്രധാനപ്രതിപക്ഷമായി കണക്കാക്കപ്പെടുന്ന അഖിലേഷ് യാദവിന്റെ എസ്പി പൂര്‍ണ പരാജയമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി. യുപിയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണെന്നും ലല്ലു കൂട്ടിച്ചേര്‍ത്തു. പ്രാദേശിക പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായ സ്വരൂപണം നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഗാന്ധിയുടെ ആശയങ്ങള്‍ പിന്‍പറ്റുന്ന പാര്‍ട്ടിയാണെന്നും അതേസമയം ബിജെപിയുടേത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും അജയ് കുമാര്‍ ലല്ലു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക