Image

ചൊവ്വയില്‍ ഉപ്പുതടാകം: നിഗമനം സത്യമെന്ന് ഗവേഷകര്‍

Published on 19 October, 2019
ചൊവ്വയില്‍ ഉപ്പുതടാകം: നിഗമനം സത്യമെന്ന് ഗവേഷകര്‍
ഹ്യൂസ്റ്റന്‍: വളരെ പണ്ട് ചൊവ്വയില്‍ ഉപ്പുതടാകങ്ങളുണ്ടായിരുന്നുവെന്ന നിഗമനങ്ങള്‍ ശരിവെച്ച് പുതിയ പഠനം. ഭൂമിയിലെ പോലെ ജലാംശമുള്ള ഈ തടാകങ്ങള്‍ പിന്നീട് വറ്റിവരണ്ടുപോയതാണെന്ന് ഗവേഷകര്‍ പറയുന്നു. ചുവന്ന ഗ്രഹത്തിലെ അന്തരീക്ഷം വരണ്ടതായി മാറിയിട്ട് ഏറെ കാലമായെന്നാണ് പഠനത്തില്‍ തെളിയുന്നത്. യു.എസിലെ ടെക്‌സസ് എ ആന്‍ഡ് എം യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. 360 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഉല്‍ക്കാപതനമാണ് ഈ ഉപ്പുതടാകങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് നാച്വര്‍ ജിയോസയന്‍സ് മാസികയില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഗെയില്‍ ഗര്‍ത്തം എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്.

2012ല്‍ ചൊവ്വയിലിറങ്ങിയ നാസയുടെ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി ഉപ്പുതടാകങ്ങളെക്കുറിച്ച് സൂചനകള്‍ തന്നിരുന്നു. ഗെയില്‍ ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. 150 കി.മീറ്ററോളം വലുപ്പമുള്ള ഈ ഗര്‍ത്തം ഒരുകാലത്ത് തടാകമായിരുന്നുവെന്നാണ് കണ്ടെത്തിയത്. മഴയും മഞ്ഞുരുക്കവുംമൂലം ചുറ്റുവട്ടത്ത് ഒഴുകിയിരുന്ന വെള്ളവും ഇതിലേക്കുതന്നെ പതിച്ചു.

വെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന മണലും മറ്റും പതിയെ ഗര്‍ത്തത്തില്‍ നിറഞ്ഞു എന്നാണ് കരുതപ്പെടുന്നത്. ചൊവ്വയില്‍ പിന്നീട് വലിയ വരള്‍ച്ച വന്നു. വെള്ളം വറ്റി വരളുന്ന ഘട്ടത്തിലാണ് ഉപ്പുതടാകങ്ങള്‍ രൂപപ്പെട്ടത്. ക്രമേണ ഉപ്പുവെള്ളവും വറ്റി കല്ലും മണലും മാത്രമായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക