Image

അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

(രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി) Published on 18 October, 2019
അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)

ആറുമാസം മുമ്പ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നിയമസഭാമണ്ഡലത്തില്‍ നേടിയ നേടിയ 648 വോട്ടിന്റെ മേല്‍ക്കയ്യോടെ വീണ്ടും പട വെട്ടുന്ന ഷാനിമോള്‍ ഉസ്മാനും വയലാറില്‍ നിന്നുള്ള നവാഗതന്‍ മനു സി പുളിക്കലും അരൂരിനെ ഒരിക്കല്‍ കൂടി പുളകച്ചാര്‍ത്തണിയിക്കുന്നു. 21നു തിങ്കളാഴ്ചയാണ് പോളിംഗ്. വ്യാഴാഴ്ച ഫലപ്രഖ്യാപനം.

എഐസിസി സെക്രട്ടറി പദവിയിലെത്തുന്ന ആദ്യത്തെ കേരളീയ വനിത ഷാനിമോള്‍, 53, ഖദര്‍ സാരി പുതച്ച് വികസനവും സെക്കുലറിസവും ഊന്നി സംസാരിക്കുമ്പോള്‍ 37കാരനായ മനുവിന് ഉയര്‍ത്തിക്കാണിക്കാനുള്ളത് പുതിയ തലമുറയുടെ സ്വപ്നങ്ങളാണ്. ഇരുവരും അഭിഭാഷകരാണ്.

കടലിനും കായലിനും നടുവിലെ പച്ചസാര മണല്‍ വയലാര്‍ വിപ്ലവം ഉള്‍പ്പെടെ എത്രയോ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു. തൊട്ടടുത്ത ചേര്‍ത്തലമണ്ഡലത്തിലാണെങ്കിലും വയലാറില്‍ സിപിയുടെ മര്‍ദ്ദന ഭരണത്തിനെതിരെ നടന്ന സമരത്തില്‍ വാരിക്കുന്തവും ബയണറ്റും ഏറ്റുമുട്ടിയപ്പോള്‍ നൂറുകണക്കിനാളുകള്‍ മരിച്ചു വീണു. ആ ചോരപ്പുഴയുടെ ഓര്‍മ്മകള്‍ ഇന്നും അരൂരില്‍ നിന്ന് മാഞ്ഞിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യപോരാട്ടമായ ശിപായി ലഹളയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് 1957ല്‍ തിരുവനന്തപുറത്ത് ഉയര്‍ത്തിയ രക്സ്തസാക്ഷിമണ്ഡപം തുറന്നതു രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ആണ്. ആണ്. അന്ന് പാടാന്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ 'ബലികുടീരങ്ങളെ' ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജനസഹസ്രങ്ങളെ ആവേശം കൊള്ളിക്കുന്നു.

'സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' എന്ന് പാടി കടന്നു പോയ വയലാറിന്റെ വരികള്‍ അരൂരില്‍ ഒറ്റപ്രദക്ഷിണം നടത്തുബോള്‍ മനസില്‍ വീണ്ടും വീണ്ടും നുരച്ചു പൊങ്ങി. ചെങ്കൊടിയും മൂവര്‍ണക്കൊടിയും കാവിക്കൊടിയും മുട്ടി മുട്ടി പാറിക്കളിക്കുന്നു. മതേരത്വത്തിനും സഹിഷ്ണുതക്കും സാഹോദര്യത്തിനും പേരുകേട്ട നാട്ടില്‍ അതിനു വേണ്ടി രക്തസാക്ഷ്യം വഹിച്ച ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തില്‍ ആ തത്വശാസ്ത്രങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതില്‍ ദുഃഖം തോന്നി.

എല്‍ഡിഎഫ് സ്ഥാനാര്‍തഥി മനു സി പുളിക്കല്‍, 1946ല്‍ വയലാറില്‍ വെടി വച്ച പട്ടാളക്കാര്‍ക്ക് സദ്യയൊരുക്കിയ വീട്ടില്‍ നിന്നാണ് വരുന്നതെന്ന ഒരു പോസ്റ്റ് സൈബര്‍ ലോകത്ത് വൈറലായി. 'കാലം മാറി കഥ മാറി' എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്. മനുവിന്റെ എതിരാളാളി വെറുമൊരു പൂതനയാണെന്ന മന്ത്രി ജി സുധാകരന്റെ പ്രസംഗവും വൈറലായി തിരിഞ്ഞു കടിക്കുകയും ചെയ്തു.

ഇതൊന്നുമല്ല അരൂരിലെ പ്രധാന പ്രശ്നം. കടലില്‍ നിന്നും കായലില്‍ നിന്നും മല്‍സ്ബന്ധനം നടത്തുന്നവരും ചെമ്മീന്‍ പീലിംഗ്ഷെഡ്ഡുകളിലും പണിയെടുക്കുന്നവരും കയര്‍ത്തൊഴിലാളികളും ചൊരിയുന്ന വിയര്‍പ്പുതുള്ളികള്‍ ചൊരിമണലിനു ഉപ്പുരസം പകരുന്നു. അരൂരിലെ 1,89,938 വോട്ടര്‍മാര്‍. സമ്മതിദാനത്തിന്റെ വില നന്നായി അറിയാവുന്നവരാണ്. അവരില്‍ 85 ശതമാനവും വോട്ടു ചെയ്യുന്നു.

തൊഴിലാളികള്‍ക്ക് കുടികിടപ്പവകാശം ഉറപ്പാക്കുകയും എഴുപുന്ന തരകന്മാര്‍ ഉള്‍പ്പെടയുള്ള ഭൂസ്വാമിമാരുടെ സ്വത്തവകാശത്തിനു കടിഞ്ഞാണിടുകയും ചെയ്ത കെ ആര്‍ ഗൗരിഅമ്മയെ ഒമ്പതു തവണ വിജയിപ്പിച്ച മണ്ഡലമാണ്. ജെഎസ്എസ് കൊടിക്കീഴില്‍ യുഡിഎഫിലേക്ക് കാലുമാറ്റിച്ചവിട്ടിയ ഗൗരിയമ്മയെ 2006ല്‍ 4650 തോല്‍പ്പിച്ച് നിയമസഭയില്‍ എത്തിയ എ എം ആരിഫിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൂന്നു തവണ അസംബ്ലിയിലേക്കും ഇക്കൊല്ലം ലോക് സഭയിലേക്കും മത്സരിച്ചു ജയിച്ചു. പക്ഷെ അരൂര്‍ നിയമസഭാമണ്ഡലത്തില്‍ മാത്രം 648 വോട്ടിനു പിന്നിലായി. എങ്കിലും ജയിച്ച ഏക സിപിഎംകാരനായി.

അതെങ്ങനെ സംഭവിച്ചു? അതാണ് അരൂരിലെ ഇന്നത്തെ ചര്‍ച്ചാ വിഷയം. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊമ്പതും നേടിയ യുഡിഎഫിന് തോല്‍വി സംഭവിച്ചത് ആലപ്പുഴയില്‍ മാതം. അരൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് പകരം ചോദിയ്ക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ അവിടെ നേടിയ വിജയം കൊണ്ടുണ്ടായ ആവേശമാണ് യുഡിഎഫിനെ നയിക്കുന്നത്.

അരൂരിന്റെ രാഷ്ട്രീയ ചരിത്രം ഒരുപാടു ഗവേഷണം നടത്താനുള്ള രംഗഭൂമിയാണ്. മണ്ഡലത്തിലെ പന്ത്രണ്ടു പഞ്ചായത്തുകളില്‍ ഒമ്പത്തിലും ഭരിക്കുന്നത് സിപിഎം ആണ്കടലിനും കായലിനും ഇടയ്ക്കു പടിഞ്ഞാറേ കരയിലുള്ള അരൂര്‍, കുത്തിയതോട്, തുറവൂര്‍, കിഴക്കെ കരയില്‍ കായലിനോട് ചേര്‍ന്നുള്ള അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം പഞ്ചായത്തുകളില്‍. പടിഞ്ഞാറുള്ള എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളും കായലിനു നടുവിലെ പെരുമ്പളം ദീപും കോണ്‍ഗ്രസ് ഭരിക്കുന്നു.

ഒരുകാലത്ത് ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകള്‍ അടക്കി വാണിരുന്ന പാറായില്‍ തരകന്മാരെ നിയമസഭയിലേക്ക് തെരെഞ്ഞെടുത്തയച്ച പാരമ്പര്യം നാട്ടുകാര്‍ക്കുണ്ട്. മൂന്ന് നൂറ്റാണ്ടു മുമ്പ് തൃശൂരിലെ പഴുവില്‍ നിന്ന് കുടിയേറി കൈതപ്പുഴ കായലോരത്ത് പള്ളിപ്പുറം ദ്വീപിലെ തൈക്കാട്ടുശ്ശേരിയിലും ഒളവൈപ്പിലും പിന്നീട് കായലിനക്കരെ എഴുപുന്നയിലും വേരുകള്‍ ഉറപ്പിച്ച കുടുംബം.

കാര്‍ഷികവൃത്തികൊണ്ടും വ്യാപാരം കൊണ്ടും സമ്പന്നരായ അവര്‍ നമ്പൂതിരിമാരില്‍ നിന്നും സരസ്വതബ്രാഹ്മണരില്‍ നിന്നും നിന്നും മറ്റുമായി ഭൂമി വാങ്ങിക്കൂട്ടി. തിരുവിതാകൂര്‍കൊച്ചിയില്‍ 442 സര്‍വേ നമ്പരുകളില്‍ തരകന്‍മാര്‍ക്കു ഭൂമി ഉണ്ടായിരുന്നുവെന്ന് ഡോ. പി.കെ.മാത്യു തരകന്‍ (ബ്രസല്‍സില്‍ ആന്റ്വെര്‍പ് യൂണിവേഴ്സിറ്റിയില്‍ എമരിറ്റസ് പ്രൊഫസര്‍) എഴുതിയ പ്രൊഫൈല്‍സ് ഓഫ് പാറായില്‍ തരകന്‍സ് എന്ന ബൃഹദ് ഗ്രന്ഥത്തില്‍ (ബ്ലൂംസ്ബറി ഇന്‍ഡ്യ, രണ്ടാംപതിപ്പ്, 2019) പറയുന്നു. ഇതിനുള്ള ഗവേഷണപഠനത്തില്‍ ഇളയ സഹോദരന്മാരായ ഹോര്‍മിസ് തരകന്‍ ഐപിഎസും പ്രൊഫ. മൈക്കിള്‍ തരകനും വഹിച്ച പങ്കു വലുതാണെന്ന് അദ്ദേഹം എടുത്തു പറയുന്നു.

എഴുപുന്ന തരകന്മാരില്‍ ഉറുമീസ് തരകനും സഹോദരന്‍ വര്‍ക്കി തരകനും ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയില്‍ നിന്ന് മാര്‍ക്വിസ് (മാടമ്പി) സ്ഥാനം ലഭിച്ചവരാണ്. തിരുവിതാംകൂര്‍ മഹാരാജാവാണ് ഈ കുടുംബക്കാര്‍ക്കു തരകന്‍ (ബ്രോക്കര്‍) സ്ഥാനം സമ്മാനിച്ചതെന്നാണ് ചരിത്രം. തരകന്മാര്‍ ഇന്ന് പ്രൊഫര്‍മാരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമൊക്കെയായി ലോകത്തിന്റെ നാനാ ഭാഗത്തും വിന്യസിച്ചിരിക്കുന്നു. പ്രകൃതിതാണ്ഡവങ്ങളെ അതിജീവിച്ച അവരുടെ മണിമന്ദിരങ്ങള്‍ ഇന്ന് വിദേശ സഞ്ചാരികള്‍ക്കു ആതിഥ്യം അരുളുന്നു.

അയ്യനാട്ട്, തേക്കനാട്ട്, എഴുപുന്ന തരകന്മാര്‍ ഒരു കാലത്ത് നാട്ടുനടപ്പനുസരിച്ച് അടിമകളെ വിലക്ക് വാങ്ങി പണിചെയ്യിച്ചിരുന്നവരാണെന്ന് പ്രൊഫ. പികെഎം തരകന്‍ കുറ്റബോധത്തോടെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അവര്‍ പള്ളിയും പള്ളിക്കൂടങ്ങളും പണിതു, ആശുപത്രികള്‍ സ്ഥാപിച്ചു, വഴിയും തോടും വെട്ടി.

എഴുപുന്നയിലെ ഉറുമീസ് തരകന്‍ 1948ല്‍ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിലേക്കു മത്സരിച്ച് ജയിച്ചു. അന്ന് നാലണയെങ്കിലും കരം നല്കുന്നവര്‍ക്കേ വോട്ടവകാശം ഉണ്ടായിരുന്നുന്നള്ളു. 108 സീറ്റുള്ള നിയമസഭയില്‍ നൂറ്റേഴിലും കോണ്‍ഗ്രസുകാര്‍ ജയിച്ചു. അവശേഷിച്ച ഒരേ ഒന്നു അരൂര്‍ മണ്ഡലം ആയിരുന്നു. അവിടെ നിന്ന് ഉറുമീസ് തരകന്‍ സ്വതന്ത്രനായി വിജയിച്ചു.

തികച്ചും ജനകീയമായ മത്സരം രാജ്യം സ്വതന്ത്രമായ ശേഷം തിരുവിതാംകൂറും കൊച്ചിയും ഒന്നായപ്പോഴാണുണ്ടായത്. 1952ല്‍ തിരുകൊച്ചി നിയസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എഴുപുന്ന നവപുരത്ത് അവിരാതരകന്‍ കമ്മ്യുണിസ്റ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു.1954ല്‍ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ വിജയം നേടി. ഏതൊരാളി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച സ്വന്തം സഹോദരന്‍ വര്‍ക്കി തരകന്‍. സിപി വിരുദ്ധ പോരാട്ടത്തില്‍ ജയിലില്‍ കിടന്ന ആളാണ് അവിരാ തരകന്‍.

അടുത്ത തെരഞ്ഞെടുപ്പ് കേരളസംസ്ഥാനം നിലവില്‍ വന്ന ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യുണിസ്റ് മന്ത്രിസഭ അധികാരത്തില്‍ ഏറിയ 1957ലാണ് നടന്നത്. അവിരാതരകന്‍ വീണ്ടും കമ്യുണിസ്റ് സ്വതന്ത്രനായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്‌കാരനായ പിഎസ് കാര്‍ത്തികേയനോട് പരാജയപെട്ടു.

പി. കൃഷ്ണപിള്ള, ഇഎംഎസ്, എകെ ഗോപാലന്‍, ടിവി തോമസ് എംഎന്‍ ഗോവിന്ദന്‍ നായര്‍ തുടങ്ങിയ ആദ്യകാല കമ്മ്യൂണിസ്റ്റു നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു തന്റെ പിതാവെന്ന് മകന്‍ ബാബു തരകന്‍ (78) ഓര്‍മ്മിക്കുന്നു. അവരില്‍ പലരും കമ്മ്യുണിസ്റ് വേട്ടക്കാലത്ത് ഒളിച്ചുതാമസിച്ച വീടാണ് നവപുരം അവിരാതരകന്റെ വീട്. ആ വീട് ബാബുവിന് പൈതൃകമായി ലഭിച്ചു..

ടി വി തോമസും ഗൗരിയമ്മയും തമ്മിലുള്ള വിവാഹത്തിന് താലിമാല എടുത്തുകൊടുത്തത് തന്റെ 'അമ്മ വരാപ്പുഴ പുത്തന്‍പള്ളി തളിയത്ത് ഏലിക്കുട്ടിയായിരുന്നുവെന്നു ബാബു പറഞ്ഞു. 1957ല്‍ ജയിച്ചിരുന്നുവെങ്കില്‍ അപ്പന്‍ മന്ത്രിയാകുമായിരുന്നുവെന്നു തീര്‍ച്ചയാണ്. പിന്നീട് ഒരിക്കലും മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. അവിരാ തരകന്‍ 69ആം വയസില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. 'അമ്മ വളരെ നേരത്തെ 36ആം വയസിലും.

ബാബുതരകനും പൊതുരംഗത്തു ശോഭിച്ച ആളാണ്. നാലു തവണ എഴുപുന്ന പഞ്ചായത്തു അംഗം ആയി സേവനം ചെയ്തു.

എഴുപുന്നയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനം അവിരാ തരകന്റെ കസിന്‍ എബ്രഹാം ജോണ്‍ തരകന്റെ അമാല്‍ഗം ഗ്രൂപ്പാണ്. അമേരിക്കയിലേക്ക് യൂറോപ്പിലേക്കും തണുപ്പിച്ചുണക്കിയ സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. എഴുപുന്നയില്‍ തരകന്മാര്‍ സ്ഥാപിച്ച സെന്റ് റാഫേല്‍ പള്ളിയുടെ തൊട്ടുമുമ്പില്‍ അമാല്‍ഗം ആക്സിലറേറ്റഡ് ഫ്രീസ് ഡ്രയിങ് കമ്പനി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ഈ ടെക്നോളജിക്കു തുടക്കം കുറിച്ചത് അമാല്‍ഗം ആണ്.കോടികള്‍ വരുമാനമുള്ള ലിസ്റ്റഡ് കമ്പനി

അരൂരില്‍ മനു പാട്ടുംപാടി ജയിക്കുമെന്നാണ് മഹാരാജാസില്‍ എക്കണോമിക്സ് പഠിപ്പിച്ചിരുന്ന പ്രൊഫ. എം എല്‍ പ്രകാശിന്റെ കണക്കുകൂട്ടല്‍. ഇപ്പോള്‍ ഫുള്‍ ടൈം സിപിഎം പ്രവര്‍ത്തകനാണ് ഭാര്യ ശാന്തമ്മ തൈക്കാട്ടുശ്ശേരി പഞ്ചായത്തു പ്രസിഡന്റും.

മറുവശത്ത് ഏഴുപുന്ന പഞ്ചായത്തു പ്രസിഡണ്ട് ശ്യാമളകുമാരി ഉറച്ച കോണ്‍ഗ്രസ്‌കാരിയാണ്.. ഭര്‍ത്താവ് കെ. സോമശേഖരന്‍ നായര്‍ 40 വര്‍ഷമായി ചെമ്മീന്‍സ് എന്ന പ്രശസ്ത സ്ഥാപനത്തില്‍. ഓപ്പറേഷന്‍സ് ഹെഡ്.

കോണ്‍ഗ്രസിന് പ്രസക്തി നഷ്ട്പ്പെട്ടു, അവര്‍ പഴയ പ്രതാപത്തിനെ പേരില്‍ നിഴല്‍കൂത്ത് നടത്തുകയാണെന്ന് സിപിഎം പറയുന്നു. എന്നാല്‍ സിപിഎം അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്നകന്നു പണക്കാരെയാണ് തോളില്‍ ഏറ്റുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബൂത്ത് തലത്തില്‍ പ്രചാരണത്തിന് ആളെക്കിട്ടാത്തതിനാല്‍ അവര്‍ കണ്ണൂര്‍ നിന്ന് ആളെ ഇറക്കുമതി ചെയ്യുകയാണെന്ന് എഴുപുന്ന വോട്ടര്‍ ആന്റണി. രണ്ടുകൂട്ടരും കണക്കെന്നു ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു. ഈ വീക്ഷണ വൈവിധ്യമാണ് അരൂരിനു ഊടും പാവും നെയ്യുന്നത്.

എല്ലായിടത്തും നോക്കുകൂലിയാണ്, അഴിമതി കൊടികുത്തി വാഴുന്നു. ഇടത്തും വലത്തും പള്ളിയും പട്ടക്കാരും അമ്പലവും പൂജാരിയും ജനങ്ങളെ വട്ടം കറക്കുകയാണെന്ന് പരിതപിക്കുന്നു കോട്ടയത്ത് റബര്‍ ബോര്‍ഡിന്റെ എക്കണോമിക്സ് വിഭാഗം തലവന്‍ ആയിരുന്ന പള്ളിപ്പുറം കല്ലറക്കല്‍ കടവില്‍ ഡോ. തര്യന്‍ ജോര്‍ജ്. ജനങ്ങള്‍ക്കു എല്ലാം അറിയാം. അവര്‍ ബോധ്യമുള്ളവര്‍ക്കു വോട്ടു ചെയ്യും എന്നാലും നോക്കുകുത്തിക്കു കാതലായ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാണ് തര്യന്റെ പക്ഷം ഭാര്യ ടെസികുര്യന്‍ എക്കണോമിക്സ് പ്രൊഫസറായി റിട്ടയര്‍ ചെയ്തു. പിതാവ് അഡ്വ. ജോര്‍ജ് തര്യന്‍ പാറായില്‍ തരകന്മാരുടെ ലീഗല്‍ അഡൈ്വസര്‍ ആയിരുന്നു.

ഇത്തവണ അരൂര്‍ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലാണല്ലോ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോകസഭയിലേക്കുള്ള മത്സരം യുഡിഎഫ് തൂത്തുവാരിയ വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം.എന്നിവിടങ്ങളാണ് മറ്റുള്ളവ. എല്ലായിടത്തും തീപ്പൊരിപാറുന്ന മത്സരം. പക്ഷെ യുഡിഎഫിനു നേരിയതോതില്‍ വിജയം കൈവിട്ടു പോയ അരൂരിലേക്കു രാജ്യം ഉറ്റുനോക്കുന്നു. തന്മൂലം അവിടെ നടക്കുന്നത് ജീവന്മരണ പോരാട്ടവും.
അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)അരൂരില്‍ സിന്ദൂരമാലയും ഖദര്‍ സാരിയും ഒപ്പത്തിനൊപ്പം  (രചന, ചിത്രങ്ങള്‍: കുര്യന്‍  പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക