Image

സാധാരണരാജു (നോവല്‍- ഭാഗം 3: അശോക് വിക്രം)

Published on 17 October, 2019
സാധാരണരാജു (നോവല്‍- ഭാഗം 3: അശോക് വിക്രം)
തന്റെ കമ്പിളിക്കിടക്കയില്‍ നിന്നും ഇഴഞ്ഞിറങ്ങിയ കുട്ടി തമിഴത്തിയെ കീഴ്‌പ്പെടുത്തുന്നതില്‍ വ്യാപൃതനായിരുന്ന സോമിച്ചന്റെ പാദങ്ങളില്‍ മെല്ലെ തൊട്ടുവിളിച്ചുകൊണ്ട് തന്റെ കരച്ചില്‍ തുടര്‍ന്നു. കൊച്ചുകുഞ്ഞാണെങ്കിലും മനുഷ്യജന്മമായതിനാലാവാം അതിനു മനസ്സിലായെന്നുതോന്നി അയാള്‍ തന്റെ അമ്മയെ ഉപദ്രവിക്കുകയാണെന്നും, രക്ഷനേടാന്‍ കാലുപിടിക്കണമെന്നും ! അത് തുടര്‍ന്നപ്പോള്‍ ഒരു അലോസരമായി തോന്നിയതിനാല്‍ തമിഴത്തിയുടെ മേലുള്ള പിടിവിട്ട് സോമിച്ചന്‍ കുറേനേരം തന്റെ കാല്‍ക്കീഴിലിരുന്നു കരയുന്ന കുഞ്ഞിനെ തുറിച്ചുനോക്കി. പിന്നീട് "വാടാ" എന്ന് കൂട്ടാളികളോടായുള്ള ഒരു മുരള്‍ച്ചയോടെ കടത്തിണ്ണക്കു പുറത്തിറങ്ങി ഉറയ്ക്കാത്ത ചുവടുകളോടെ ഒരു നടത്തമായിരുന്നു !

അന്നുവരെയുണ്ടായിട്ടില്ലാത്ത ആ അത്ഭുതസംഭവത്തിലമ്പരന്ന് അനുചരവൃന്ദവും മനസ്സില്ലാമനസ്സോടെ പുറത്തിറങ്ങി സോമിച്ചനെ പിന്തുടര്‍ന്നു. കൂര്‍ക്കംകുളങ്ങര ടോമി മാത്രം പിന്നാലെ ഓടിയെത്തി ചോദിച്ചു :
".. എന്തായിത് സോമിച്ചാ..? "
ലഹരിനിറഞ്ഞ കണ്ണുകളോടെ അവനെയൊന്നു നോക്കിയതല്ലാതെ സോമിച്ചന്‍ മറുപടിയൊന്നും പറഞ്ഞില്ല.
".. നിനക്കു വേണ്ടേല്‍വേണ്ട, ഞങ്ങളൊന്ന്…"
ടോമി വീണ്ടും തുടര്‍ന്നു. കരണം പൊത്തിയുള്ള ഒരടിയായിരുന്നു ഇത്തവണ സോമിച്ചന്റെ മറുപടി. ടോമി വട്ടംകറങ്ങി താഴെവീണുപോയി ! പടനായകന്‍ പിന്തിരിഞ്ഞാല്‍പ്പിന്നെ പടയില്ല എന്ന തത്ത്വമനുസരിച്ച് ബാക്കിയുള്ളവരും മുന്നോട്ടുനടന്ന സോമിച്ചനെ അനുഗമിച്ചു. അന്നദാതാവായ സോമിച്ചനെ അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതിരിക്കുകയാല്‍, വീണിടത്തു നിന്നെണീറ്റ്, കവിളും തിരുമ്മി അല്പം പിന്നിലായി ടോമിയും അവരെ പിന്തുടര്‍ന്നു.

കുട്ടിയെ വാരിയെടുത്ത് തമിഴത്തി ടോമിയുടെ ചവിട്ടേറ്റ് ഭിത്തിയില്‍ ചാരിയിരിക്കുന്ന തമിഴനടുത്തെത്തി. അവര്‍ കെട്ടിപ്പിടിച്ച് ഒരുപാടുനേരം കരഞ്ഞു. ദു:ഖത്തേക്കാള്‍ കൂടുതല്‍ ഭീതി തളംകെട്ടിയ മനസ്സുകളുമായി അവര്‍ പുലരുവോളം ഉറങ്ങാതെ, ചുറ്റുപാടും മിഴികളോടിച്ച്, ഓരോ ചെറിയ ശബ്ദങ്ങളില്‍പ്പോലും നടുങ്ങിവിറച്ച് കാത്തിരുന്നു. ഒടുവില്‍ കിഴക്കന്‍ മലനിരകളില്‍ പുലരിവെളിച്ചം തലപ്പാവണിയിക്കുന്നതു കണ്ടപ്പോഴാണ് ചകിതനായിരുന്ന കൊച്ചുകുഞ്ഞിന്റെ കണ്‍പോളകള്‍ ഒന്നടഞ്ഞത്.

അവര്‍ ആരേയും ഈ വിവരം അറിയിച്ചില്ല. അല്ലെങ്കില്‍ത്തന്നെ ആരോടുപറയാന്‍ ? പക്ഷേ അതിനുശേഷം സോമിച്ചനോ, അനുചരന്മാരോ, മറ്റാരെങ്കിലുമോ അവരെ ഉപദ്രവിക്കാനോ, ശല്യപ്പെടുത്താനോ ആ വഴി വന്നിട്ടില്ല. പിന്നീടെപ്പോഴെങ്കിലും സോമിച്ചന്റെ കൂട്ടാളികളുടെ വായില്‍നിന്ന് അബദ്ധത്തില്‍ പുറത്തുചാടിയതിനാലാവണം ഈ വാര്‍ത്ത ഒരാഴ്ചക്കുശേഷം ഔതച്ചന്‍സിറ്റിയില്‍ ഒരു രഹസ്യസംസാരമായി കുറേക്കാലം തുടര്‍ന്നിരുന്നു.

കഥകളില്‍ പറയാറുള്ളതുപോലെ കാലം ആര്‍ക്കുവേണ്ടിയും കാത്തുനിന്നില്ല. അപ്പോഴേക്കും മറച്ചുകെട്ടിയ സാരിക്കൂടിനുള്ളില്‍നിന്നും ഒരു കരുമാടിക്കുട്ടന്‍ അരയില്‍ക്കെട്ടിയ കറുത്ത നൂലുമായി ഉടുക്കാക്കുണ്ടനായി കടത്തിണ്ണയിലൂടെ ഓടിനടക്കാനാരംഭിച്ചിരുന്നു. തൊട്ടടുത്തുള്ള പീടികയായ രാജുവിന്റെ ബാര്‍ബര്‍ഷോപ്പില്‍ ഇടയ്ക്കിടെ അവന്‍ ചെന്ന് തട്ടിക്കു മറഞ്ഞുനിന്നു നോക്കും ! ജോലിത്തിരക്കിനിടയില്‍ രാജു അവനെ കപടഗൗരവത്തില്‍ നാക്കുകടിച്ച് പേടിപ്പിക്കും. അവന്‍ വീണ്ടും ഓടിച്ചെന്ന് സാരിക്കൂടിനുള്ളില്‍ കയറും. അലിയാരുടെ ചായക്കടയുടെ മുന്നില്‍ത്തന്നെയുള്ള വലിയ കണ്ണാടിയലമാരയുടെ പിന്നില്‍നിന്നും അവന്‍ കടക്കുള്ളിലേക്ക് നോക്കിനില്‍ക്കും. രാവിലെ സമയമാണെങ്കില്‍ ഒരു ദോശയോ, അപ്പമോ ഒക്കെ ചുരുട്ടി അലിയാരോ, സഹായിയായ പയ്യനോ അവന്റെ കൈകളില്‍ വച്ചുകൊടുക്കും. ഉച്ചക്കു ശേഷമാണെങ്കില്‍ ബോണ്ടയോ, സുഖിയനോ, പരിപ്പുവടയോ ഒക്കെ ഉറപ്പാണ്. എന്താണെങ്കിലും കൈയില്‍കിട്ടിയതുമായി അവന്‍ സാരിക്കൂടിനുള്ളിലേക്ക് നുഴഞ്ഞുകയറും.

തമിഴ്കുടുംബം കുളിക്കുവാനും, തുണികള്‍ കഴുകുവാനും, പ്രാഥമികകൃത്യങ്ങള്‍ക്കായും മറ്റും ആശ്രയിച്ചിരുന്നത് കഴുതച്ചാല്‍ കലുങ്കിനടിയിലൂടെ ഒഴുകിയിരുന്ന നീരൊഴുക്കിനെയാണ്. ഔതച്ചന്‍സിറ്റിയില്‍ ഇടയ്ക്കിടെ വണ്ടിനിര്‍ത്താറുണ്ടായിരുന്ന ലോറിക്കാര്‍ക്കും കലുങ്കിന്റെ അധോഭാഗമായിരുന്നു ആശ്രയം. കുഞ്ഞിനു മൂന്നുവയസ്സുള്ളപ്പോഴാണ്, ആര്‍ത്തിരമ്പിപ്പെയ്യുന്ന ഒരു മഴക്കാലത്ത് കഴുതച്ചാല്‍തോട്ടില്‍ തുണി കഴുകാനിറങ്ങിയ അവന്റെ അമ്മയെ മലവെള്ളച്ചാട്ടത്തില്‍പ്പെട്ട് കാണാതായത്….!

( തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക