പെരുമ്പാവൂര്‍: പ്രമുഖ വ്യവസായിയെ ബ്ലാക്ക്മെയില്‍ ചെയ്ത് 50 ലക്ഷം തട്ടിയ കേസില്‍ അറസ്റ്റിലായ ചാലക്കുടി സ്വദേശി സീമയുടെ (32) സംഘത്തില്‍ പതിനഞ്ചോളം പേരുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസിലെ മുഖ്യ ആസുത്രകയായ പാലക്കാട് സ്വദേശി അടക്കമാണിത്. സീമയും കാമുകന് ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനും 31) അറസ്റ്റിലായ വിവരം പുറത്തായതിന് പിന്നാലെ ഇവര്‍ ഒളിവിലാണ്. പ്രതികള്‍ക്കായി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, സീമയും സംഘവും നിരവധി പ്രമുഖരെ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവരില്‍ നിന്ന് കണ്ടെടുത്ത ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇതേതുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആരെയെല്ലാം കുടുക്കിയെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്ന് ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കും. വ്യവസായിയുടെ പരാതിയില്‍ ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് സീമ വ്യവസായിയുമായി പരിചയപ്പെട്ടത്. പിന്നീട് കെണിയില്‍ കുടുക്കുകയായിരുന്നു. ഫേസ്ബുക്ക് ചാറ്റ് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. നാണക്കേട് ഭയന്ന് വ്യവസായി പണം നല്കി. എന്നാല്‍, വീണ്ടും ഭീഷണി തുടര്‍ന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. അതേസമയം, സീമയുമായി ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. പരാതി പിന്‍വലിപ്പിക്കാന്‍ ചില യുവ രാഷ്ട്രീയ നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. ഇത് സീമയുടെ സംഘത്തിന്റെ രാഷ്ട്രീയ സ്വാധീനം തുറന്ന് കാട്ടുന്നതായാണ് വിലയിരുത്തല്‍.