Image

അന്നമ്മയെ അവസാനിപ്പിച്ചത് കള്ളങ്ങള്‍ മറച്ചുവെക്കാനെന്ന് ജോളി

Published on 16 October, 2019
അന്നമ്മയെ അവസാനിപ്പിച്ചത് കള്ളങ്ങള്‍ മറച്ചുവെക്കാനെന്ന് ജോളി

വടകര: പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചത് വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച്‌ പറഞ്ഞ കള്ളം. ഒരു കള്ളം മറയ്ക്കാന്‍ പിന്നീട് കള്ളങ്ങളുടെ പരമ്ബരതന്നെ ജോളി അഴിച്ചുവിട്ടു. ഇതോടെ വിദ്യാഭ്യാസവും ലോകവിവരവുമുള്ള അന്നമ്മടീച്ചര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നു. കള്ളങ്ങള്‍ പിടിക്കപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന വിവരങ്ങള്‍ പോലീസിന് കിട്ടി. ജോളിയുടെ മൊഴിക്കുപുറമെ ഇതിന് ബലമേകുന്ന തെളിവുകളും സാക്ഷിമൊഴികളുമുണ്ട്.


വിവാഹശേഷം ജോളി പറഞ്ഞത് താന്‍ എം.കോം ബിരുദധാരിയെന്നാണ്.യഥാര്‍ഥത്തില്‍ ബി.കോം ജയിച്ചിട്ടുപോലുമില്ലായിരുന്നു ജോളി. ഇത്രയും യോഗ്യതയുള്ളയാള്‍ വീട്ടില്‍ ഇരിക്കരുതെന്നും എന്തെങ്കിലും ജോലിക്ക് ശ്രമിക്കണമെന്നും അന്നമ്മ നിര്‍ദേശിച്ചു. യു.ജി.സി. നെറ്റ് യോഗ്യതയ്ക്ക് ശ്രമിക്കണമെന്നായിരുന്നു പ്രധാനനിര്‍ദേശം. തനിക്ക് 50 ശതമാനം മാര്‍ക്ക് മാത്രമേ ഉള്ളൂ എന്നും നെറ്റ് എഴുതാന്‍ 55 ശതമാനം മാര്‍ക്ക് വേണമെന്നും ജോളി മറുപടി നല്‍കി. പക്ഷേ, ടീച്ചര്‍ വിട്ടില്ല.


55 ശതമാനം മാര്‍ക്ക് നേടാന്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ നിര്‍ദേശിച്ചു. രക്ഷയില്ലാതെ ജോളി പരീക്ഷാ തയ്യാറെടുപ്പിന് കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്നെന്നും പറഞ്ഞ് കുറച്ചുദിവസം വെറുതെ വീട്ടില്‍നിന്നിറങ്ങി. പിന്നീട് പരീക്ഷ എഴുതിയെന്നും 55 ശതമാനം മാര്‍ക്ക് കിട്ടിയെന്നും പറഞ്ഞു. യു.ജി.സി. നെറ്റ് പരീക്ഷയെഴുതി ജെ.ആര്‍.എഫ്. കിട്ടിയതായും കള്ളം പറഞ്ഞു. ഇതോടെ ജോലിക്ക് ശ്രമിക്കണമെന്ന ആവശ്യം ശക്തമായി.


പാലായിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിന് താത്കാലിക ഒഴിവുണ്ടെന്നും കള്ളം പറഞ്ഞു. എന്നാല്‍ കുട്ടി ചെറുതായതിനാല്‍ പോകുന്നില്ലെന്ന് പറഞ്ഞതോടെ കുട്ടിയെ നോക്കാന്‍ താന്‍ വരാമെന്ന് അന്നമ്മ പറഞ്ഞു. രക്ഷയില്ലാതെ വന്നപ്പോള്‍ അന്നമ്മയെയും കുട്ടിയെയും കൂട്ടി കോട്ടയത്ത് പോയി താമസിച്ചു. ഒരാഴ്ച അന്നമ്മ അവിടെനിന്നു. പിന്നീട് കുട്ടിയെയും കൂട്ടി അന്നമ്മ വീട്ടിലേക്ക് മടങ്ങി. ഓണാവധിക്കെന്നും പറഞ്ഞ് വീട്ടിലേക്കുവന്ന ജോളി പിന്നെ കോട്ടയത്തേക്കു പോയില്ല. ഇതോടെ അന്നമ്മ വീണ്ടും ചോദ്യങ്ങള്‍ തുടങ്ങി.


പിടിച്ചുനില്‍ക്കുക പ്രയാസമാണെന്ന് തോന്നിയതോടെയാണ് അന്നമ്മയെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് ജോളി എത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഒരുതവണ വധിക്കാന്‍ ശ്രമം നടത്തി. ഇത് വിജയിച്ചില്ല. രണ്ടാം ശ്രമം വിജയിക്കുകയും ചെയ്തു. ടോം തോമസ് മരിച്ച ശേഷമാണ് എന്‍.ഐ.ടി.യിലേക്കെന്നും പറഞ്ഞ് ജോളി വീട്ടില്‍നിന്നിറങ്ങാന്‍ തുടങ്ങിയത്. ജോലിക്ക് പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യം വര്‍ധിച്ചതോടെയാണ് എന്‍.ഐ.ടി. കള്ളവും പിറന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ റോജോയില്‍നിന്നും റെഞ്ജിയില്‍ നിന്നും അന്വേഷണസംഘം ശേഖരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക