Image

ഒറ്റപ്പെട്ടവരും കയ്യൊഴിഞ്ഞവരും (എഴുതാപ്പുറങ്ങള്‍ 46: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 15 October, 2019
ഒറ്റപ്പെട്ടവരും കയ്യൊഴിഞ്ഞവരും (എഴുതാപ്പുറങ്ങള്‍ 46:  ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
'കാണ്മാനില്ല' എന്ന വലിയ അക്ഷരത്തിലുള്ള വയോജനങ്ങളുടെ ചിത്രം അടങ്ങുന്ന പോസ്റ്ററുകള്‍ റെയില്‍വേസ്‌റ്റേഷനുകളിലും  ബസ്സ്സ്റ്റാന്റുകളിലും    ദിനംപ്രതി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. വഴിയരികില്‍ ഭിക്ഷക്കാരി എന്ന് തോന്നുന്ന ഒരു വൃദ്ധയുടെ ശവശരീരം കണ്ടുകിട്ടി. അവരുടെ പക്കലുള്ള തുണിഭാണ്ഡത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. വീട്ടില്‍ തനിയെ താമസിച്ചരുന്ന വയോജനങ്ങളെ പട്ടാപ്പകല്‍ കൊലചെയ്ത് കവര്‍ച്ച നടത്തി. വൃദ്ധയെ വായില്‍ തുണിതിരുകി കെട്ടിയിട്ട് പണവും ആഭരണവും എടുത്ത് വേലക്കാരി കടന്നു കളഞ്ഞു ഇത്തരം വാര്‍ത്തകള്‍ ഇന്ന് വളരെയേറെ സുപരിചിതമാണ്. 

ഈ വയസ്സായ ആളുകള്‍ അപ്രത്യക്ഷരാകുന്നെങ്കില്‍ അവര്‍ എവിടെ പോകുന്നു? ഇത്രയും പണം കയ്യിലുള്ളപ്പോള്‍ വൃദ്ധ എന്തിനു ഭിക്ഷക്കാരിയായി അലയുന്നു?  വയസ്സായവര്‍ എങ്ങിനെ ഇത്രയും വലിയ ഫ്‌ലാറ്റില്‍ തനിയെ താമസിയ്ക്കുന്നു? കൂട്ടിനു വേലക്കാരിയെ നിര്‍ത്തി തനിയെ വിട്ടതുകൊണ്ടല്ലേ അവര്‍ പണമെടുത്ത് കടന്നു കളഞ്ഞത്? അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ നമ്മില്‍ തലപൊക്കിയേയ്ക്കാം. എല്ലാം സാഹചര്യങ്ങള്‍ എന്നതാണ് ഇതിനുള്ള ഉത്തരം.  എന്നാല്‍ ഈ ഉത്തരം തൃപ്തികരമല്ല.  ജരാനരകള്‍ ബാധിക്കുമ്പോള്‍, കായികശേഷിയും മനശേഷിയും ദുര്‍ബലമാകുമ്പോള്‍ അത്തരം അവസ്ഥയില്‍ സംരക്ഷിക്കാന്‍ ആരും ഇല്ലാതെ വരുമ്പോള്‍ ആണ് വയോജനങ്ങള്‍ എന്ന് തിരിച്ചറിയപ്പെടുന്നവര്‍ ഒറ്റപ്പെടുന്നത്, അവരെ സ്വന്തക്കാര്‍ കയ്യൊഴിയുന്നത്.  സ്വന്തമെന്ന പദത്തിന് എന്തര്‍ത്ഥം എന്ന് കവികള്‍ ചോദിച്ചെങ്കിലും    ഇന്നും അതിനു ഉത്തരമില്ല.  പാലൂട്ടി വളര്‍ത്തിയ  മാതാപിതാക്കള്‍ വൃദ്ധരാകുമ്പോള്‍ അവരില്‍ പലരും ഇങ്ങനെ ചുമര്‍  അറിയിപ്പുകളില്‍  സ്ഥലം പിടിക്കുന്നു.

ചിലര്‍ സമ്പന്നരാണ്. പക്ഷെ പണം കൊണ്ട് വാങ്ങാന്‍ കഴിയാത്ത ശരീരാരോഗ്യം ഇല്ലാത്തവരാണ്.  പരസഹായം  ആവശ്യമാണ്. ഇത് പണം കൊണ്ട് നേടാമെങ്കിലും അത് പൂര്‍ണമായി വിശ്വസനീയമല്ല. ആ ആശങ്കയിലും അസംതൃപ്തിയിലും നിരാശരായി വീട് വിട്ടിറങ്ങുന്നവര്‍  ഉണ്ട്.  അല്ലെങ്കില്‍ താഴത്തും തലയിലും വയ്ക്കാതെ താന്‍ വളര്‍ത്തിയ   മക്കള്‍ തങ്ങളെ വേലക്കാരെപ്പോല്‍ പരിഗണിയ്ക്കുന്നത് സഹിയ്ക്കവയ്യാതെ  എവിടേക്കെന്നില്ലാതെ ഇറങ്ങി തിരിയ്ക്കുന്നു.       സ്വത്തെല്ലാം മക്കള്‍ക്ക് വീതിച്ചുകിട്ടിക്കഴിയുമ്പോള്‍ മാതാപിതാക്കള്‍ അവര്‍ക്ക്   ഭാരമാകുന്നു. അങ്ങനെ ഭാരം ചുമക്കുന്ന മക്കളുടെ മാനസികനില മനസ്സിലാക്കി എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതെടുത്ത് രക്ഷപ്പടുന്നവരുമുണ്ട്. ചിലര്‍ സ്വമേധയാ വൃദ്ധാ ശ്രമങ്ങളില്‍ അഭയം തേടുന്നു. മറ്റുചിലര്‍ മക്കളാല്‍ പൊതുസ്ഥലങ്ങളിലും വൃദ്ധാശ്രമങ്ങളിലും ഉപേക്ഷിയ്ക്കപ്പെടുന്നവരാകുന്നു. ചിലര്‍ക്ക് എല്ലാ രാജകീയ സുഖങ്ങളും, പരിചാരകരും ഓണ്‍ലൈന്‍ സ്‌നേഹവും മക്കള്‍ നല്‍കുമ്പോള്‍ ജയിലറകളില്‍ എന്നപോലെ വലിയ  വീടുകളില്‍ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു പോകുന്നു.

എന്തായിരുന്നാലും ഇന്ത്യയിലെ വയോജനങ്ങള്‍ പൂര്‍ണ്ണ സംതൃപ്തരല്ല അല്ലെങ്കില്‍ സുരക്ഷിതരല്ല അതൊരുപക്ഷെ സാമ്പത്തിക പരാധീനതകൊണ്ടാകാം, ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാകാം അല്ലെങ്കില്‍ അരക്ഷിതത്വം കൊണ്ടാകാം.

ഇന്ന് ഇന്ത്യയിലെ വയോജങ്ങള്‍ എവിടെ നില്‍ക്കുന്നു? ഈ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ യുവാക്കള്‍ക്കും ഗവണ്മെന്റിനും എന്ത് ചെയ്യാന്‍ കഴിയും? 

ഏകദേശം 2025 ആകുമ്പോഴേയ്ക്കും ആകെ ജനസംഖ്യയുടെ 12 % വയോജനങ്ങള്‍, അല്ലെങ്കില്‍ 60 വയസ്സില്‍ കൂടുതലുള്ളവര്‍ ആയിരിയ്ക്കും എന്ന് പഠനങ്ങള്‍ പറയുന്നു.  അതായത് 60 വയസ്സില്‍ കുടുതലുള്ളവരുടെ എണ്ണം 5  വയസ്സില്‍  താഴെയുള്ള കുട്ടികളുടേതിനേക്കാള്‍ കുടുതലായിരിയ്ക്കും എന്നതാണ് പറയപ്പെടുന്നത്. ഇങ്ങനെയുള്ള ഒരു നിഗമനം നിലനില്‍ക്കെ വയോജങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ശുശ്രുഷയെക്കുറിച്ചും ആലോചിയ്‌ക്കേണ്ടതായുണ്ടെന്നു തോന്നുന്നു
  
ഞങ്ങള്‍ അനുഭവിയ്ക്കാത്ത എല്ലാ സുഖസൗകര്യങ്ങളും മക്കള്‍ അനുഭവിയ്ക്കണം അവര്‍ക്ക് ഒന്നിനും ഒരു കുറവും വരരുത്. ഞങ്ങള്‍ക്ക് നഷ്ടമായത് മക്കള്‍ക്കായി നേടണം ഇതാണ് ഒരു ശരാശരി ഭാരതീയ മാതാപിതാക്കളുടെ ലക്ഷ്യം. ഇതിനുവേണ്ടി തനിയ്ക്ക് ആകും വിധം എന്നല്ല, അതിനുമപ്പുറത്തുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കള്‍.  ഇതിനായുള്ള ത്യാഗത്തില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന  അവരുടെ ആരോഗ്യവും സ്വന്തബന്ധങ്ങളും ഒന്നും വകവെയ്ക്കാറില്ല. മക്കളുടെ ആരോഗ്യം, വിദ്യാഭ്യാസം, ജോലി വിവാഹം ഇത്രയും കടമകള്‍ക്കായി മാത്രം മാറ്റിവയ്ക്കുന്ന മാതാപിതാക്കളുടെ ജീവിതം.  പല മാതാപിതാക്കളും വിവാഹത്തിന് ശേഷവും മക്കളുടെ ജീവിതത്തില്‍ ഇടപെടല്‍ നടത്താറുണ്ട് ഇത് പലപ്പോഴും മക്കളുടെ ജീവിതത്തെ ബാധിയ്ക്കാറുണ്ട് എന്നതും ഇന്ത്യക്കാരുടെ മാത്രം പ്രത്യേകതയാണ്.

യൗവനം വിട്ടുപിരിഞ്ഞതിന്റെ മാനസിക സംഘര്‍ഷവും,വാര്‍ദ്ധക്യം കൊണ്ടുതന്ന  പുതിയ ആരോഗ്യപ്രശ്‌നങ്ങളും, നാണയങ്ങള്‍ ഒഴിഞ്ഞ കീശയും വയോജനങ്ങളുടെ തുടര്‍ന്നുള്ള ജീവിതം ദുസ്സഹമാക്കുന്നു  ഗവണ്മെന്റ് ഉദ്യോഗം ചെയ്തിരുന്ന ആളുകളാണെങ്കില്‍ അവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിലേയ്ക്കായ്, മുഴുവന്‍ ആവശ്യങ്ങളെയും കാണാന്‍ കഴിഞ്ഞില്ലെങ്കിലും, പെന്‍ഷന്‍ ഉണ്ടായേയ്ക്കാം. എന്നാല്‍ ഇതല്ലാത്തവരുടെ ജീവിതം വളരെ പ്രയാസമാകുന്നു ദൈനംദിന ജീവിതാവശ്യങ്ങള്‍ക്കുപോലും മക്കളെയോ മറ്റുള്ളവരെയോ  ആശ്രയിയ്‌ക്കേണ്ടതായി വരുന്നു.  സഹായഹസ്തവുമായി മക്കളെ സമീപിയ്ക്കുമ്പോള്‍ മക്കള്‍ അവര്‍ക്കുവേണ്ട പരിഗണന നല്‍കാറുണ്ടോ എന്നതിനും ഉത്തരം  ഒരുപക്ഷെ നല്‍കാന്‍ കഴിയുന്നത് വര്‍ദ്ദിച്ചുവരുന്ന വൃദ്ധാശ്രമങ്ങള്‍ക്കു തന്നെയാകാം.

 മക്കളില്‍ നിന്നും വയോജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന സഹതാപകരമായ അവസ്ഥകള്‍ക്ക് ഒരു പരിധിവരെ കാരണമാകുന്നത് ഇക്കാലത്തെ ജീവിത സാഹചര്യങ്ങള്‍ തന്നെയാകാം. അതായത് കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സ്ത്രീകളോ, കുട്ടികളോ, മറ്റുള്ളവരോ വയസ്സായവരുടെ പരിചരണത്തിനായി ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥയില്‍ മാറ്റം സംഭവിച്ച് അണുകുടുംബ വ്യവസ്ഥയിലേയ്ക്ക് ചുവടുവച്ചിരിയ്ക്കുന്നു. മിക്ക മാതാപിതാക്കളും വലിയ വീടുകളില്‍ തനിച്ച് താമസിയ്ക്കുന്നതായി നമ്മുടെ ചുറ്റുപാടും കാണാന്‍ സാധിയ്ക്കും. മറ്റൊരു കാരണം വീടുകളിലെ സ്ത്രീകള്‍ വിദ്യാഭ്യാസസമ്പന്നരും, തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരും ആയതിനാല്‍ വയോജനങ്ങളുടെ ശുശ്രുഷയ്ക്കായി അവര്‍ വീടുകളില്‍ ലഭ്യമല്ല എന്നതാണ്. അത് കൂടാതെ ഇന്ന് വിദ്യാസമ്പന്നരായ യുവാക്കള്‍ ജോലി സാധ്യത തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുകയും ക്രമേണ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു എന്നതാണ്.  

ഏയ്ജവെല്‍ റിസേര്‍വ് ആന്റ് അഡ്വക്കസി സെന്ററിന്റെ (Agewell Reserve and Advocacy Cetnre)  കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വയോജനങ്ങളില്‍ 62.1% ജനങ്ങള്‍ക്ക് പ്രായത്തിനോടനുബന്ധിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ വേണ്ടുന്നത്ര പരിചരണം ലഭിയ്ക്കുന്നില്ല. 52.4% വയോജനങ്ങള്‍ക്ക് കുടുംബത്തിന്റെ സഹായം വേണ്ടുന്നത്ര ലഭിയ്ക്കുന്നില്ല 75 % വയോജനങ്ങള്‍ കുടുംബക്കാര്‍ ശ്രദ്ധിയ്ക്കാത്തവരായി അവശേഷിയ്ക്കുന്നു. 67.6% കുടുംബക്കാര്‍ മാതാപിതാക്കളെ സംരക്ഷിയ്ക്കുക എന്ന വ്യാജേന കുട്ടികളെ പരിചരിയ്ക്കുന്നതിനും വീട്ടിലെ മറ്റുകാര്യങ്ങള്‍ ശ്രദ്ധിയ്ക്കുന്നതിനും ഉപയോഗപ്പെടുത്തുന്നു എന്നും മനസ്സിലാകുന്നു.   ഇന്ത്യയ്ക്കു വെളിയില്‍ വയോജനങ്ങള്‍ക്കായി വിവിധതരം പെന്‍ഷന്‍ പദ്ധതികളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അനുകൂലങ്ങളും മറ്റു പരിഗണനകളും ലഭ്യമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  ഇന്ത്യയില്‍ വയോജനങ്ങള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ സഹായങ്ങള്‍ വളരെ പരിമിതമാണെന്നു പറയാം.  അതുകൊണ്ടുതന്നെ വയോജനങ്ങള്‍ ചിലര്‍ ഇന്നത്തെ കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് വേലക്കാര്‍ എന്ന പരിഗണന ആണെങ്കില്‍ കുടി വിദേശങ്ങളില്‍ സ്ഥിരതാമസമാക്കാന്‍ തയ്യാറാകുന്നു

 ഇന്ദിരാ ഗാന്ധി നാഷണല്‍ ഓള്‍ഡ് എയ്ജ് പെന്‍ഷന്‍ സ്കീം, സീനിയര്‍ സിറ്റിസണ്‍സ് പെന്‍ഷന്‍ സ്കീം, പ്രധാന മന്ത്രി വയോ വന്ദന യോജന, വരിഷ്ട പെന്‍ഷന്‍ ഭീമാ യോജന, രാഷ്രീയ വയോശ്രീ യോജന തുടങ്ങിയ വളരെ ചുരുങ്ങിയ പദ്ധതികള്‍ ഗവണ്‍മെന്റ് വയോജനങ്ങള്‍ക്കായി നടപ്പിലാക്കിയിട്ടെണ്ടെങ്കിലും അതേ കുറിച്ചുള്ള ബോധവത്കരണം പര്യാപ്തമാണോ എന്നത് സംശയമാണ്.  ഇത് കൂടാതെ, 80വയസ്സില്‍ താഴെയുള്ള വയോജനങ്ങള്‍ക്ക്  3  ലക്ഷം  വരെയും 80വയസ്സില്‍ കുടുതലുള്ളവര്‍ക്ക് 5 ലക്ഷം വരെയും വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല എന്ന ആനുകൂല്യവും വയോജനങ്ങള്‍ക്കായി ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ വിമാനയാത്രയിലും ട്രെയിന്‍ യാത്രയിലും ടിക്കറ്റിനു കുറഞ്ഞ തുകയാണ് വയോജനങ്ങളില്‍ നിന്നും ഈടാക്കുന്നത്. ഇത്തരത്തിലുള്ള മിതമായ പരിഗണന മാത്രമാണ് ഇന്ന് ഇന്ത്യയില്‍ വയോജനങ്ങള്‍ക്കായുള്ളത്.

 ഏകദേശം യൗവനത്തിന്റെ അവസാനഘട്ടത്തില്‍ ജനങ്ങള്‍ക്ക്  പ്രായസംബന്ധമായ അസുഖങ്ങള്‍ കാഴ്ചക്കുറവ്, കേള്‍വിക്കുറവ്,  ഓര്‍മ്മക്കുറവ് എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിയ്ക്കുന്നു. ഇവ കൂടാതെ ക്യാന്‍സര്‍,    ബുദ്ധിമറച്ചില്‍, സ്വാധീനക്കുറവ് തുടങ്ങിയ മറ്റുപല ആരോഗ്യപ്രശ്‌നങ്ങളും അവരെ വേട്ടയാടുന്നു. ഇത്തരം സാഹചര്യത്തില്‍ അവര്‍ക്ക് സാമ്പത്തിക സഹായത്തിനുപരി പരസഹായവും വൈദ്യസഹായവും അനിവാര്യമായി വരുന്നു.  എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യരംഗത്ത് വയോജനങ്ങള്‍ക്കായുള്ള പ്രത്യേക പരിഗണയും,  വയോജനങ്ങള്‍ക്കായുള്ള ശുശ്രുഷകേന്ദ്രങ്ങളും സംരക്ഷയും പര്യാപ്തമല്ല എന്നതും,  വയോജനങ്ങളുടെ ജെറിയാട്രിക് കെയറില്‍ (Geritaric care) പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോക്ടര്‍മാരും , നഴ്‌സിംഗ് സ്റ്റാഫും വളരെ കുറവാണ്. കാരണം വയോജനചികിത്സയില്‍ പ്രത്യേക പഠനം നടത്താന്‍ ഇന്ത്യയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും പണം ചെലവഴിച്ച് പഠിച്ച് ഇന്ത്യയിലെത്തുമ്പോള്‍ വയോജനങ്ങള്‍ക്കായുള്ള സേവനത്തിനായുള്ള സാദ്ധ്യതകള്‍ക്കുവേണ്ടി അലഞ്ഞു തിരിയേണ്ട  അവസ്ഥയാണ് ഇന്ത്യയിലുള്ളത്. ഇവിടെ  പൂര്‍ണ്ണമായും വയോജനചികിത്സയ്ക്കായുള്ള ആശുപത്രികള്‍ വേണ്ടത്ര ഇല്ല, അല്ലെങ്കില്‍ അതിന്റെ ആവശ്യകതയെക്കുറിച്ചും സാധുതയെക്കുറിച്ചും ഇത്രയും ആകോളവത്കരിയ്ക്കപ്പെട്ടിട്ടും ജനങ്ങള്‍ ബോധവാന്മാരല്ല എന്നത് തികച്ചും ഖേദകരമായ ഒരു അവസ്ഥ തന്നെയാണ്  കുട്ടികള്‍ക്കായി പ്രത്യേക വിഭാഗം എന്നതുപോലെ വയോജനങ്ങള്‍ക്കായി പ്രത്യേക വിഭാഗം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല.  അതുകൊണ്ടു തന്നെ മറ്റു രോഗികള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ ലഭിയ്ക്കാതെ വയോജനങ്ങള്‍ കഷ്ടപ്പെടുന്നു.

 കൊച്ചിയിലെ അമൃത ആശുപത്രി, അപ്പോളോ ആശുപത്രി ചെന്നൈ, അവെയര്‍ ഗ്ലോബല്‍ ആശുപത്രി അഹമ്മദാബാദ്,  ബാപ്പിസ്റ്റ് ആശുപത്രി ബംഗളൂരു, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍,  ഡോ കാമാക്ഷി ആശുപത്രി ചെന്നൈ, ഫോര്‍ട്ടിസ് ആശുപത്രി ചെന്നൈ,  നാരായണ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി അഹമ്മദാബാദ് തുടങ്ങിയ തുടങ്ങിയ കുറച്ച് ആശുപത്രികളില്‍ ഈ അടുത്തകാലത്തായി വയോജനങ്ങള്‍ക്കായി പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇന്നും ഒരു ശക്തമായ തുടക്കം കുറിച്ചിട്ടുണ്ടോ എന്നത് സംശയമാണ്   ഇത് കൂടാതെ ജീരിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യ വയോജനങ്ങള്‍ക്കായുള്ള സേവന പരിപാടികള്‍ക്കായി തുടക്കം കുറിച്ചിട്ടുണ്ട്

ഇന്ന് കാണുന്ന നമ്മുടെ ഇന്ത്യ ഈ ഓരോ വയോജനങ്ങളുടെയും വിയര്‍പ്പിന്റെ ആകെ തുകയാണ്.  അവരുടെ വിയര്‍പ്പാണ് നമ്മുടെ ഇന്നത്തെ സമ്പത്ത്. അവരുടെ അനുഭവസമ്പത്താണ് ഇന്ന് നമ്മുടെ ഔഷധം. നമ്മുടെ ഓരോരുത്തരുടെയും സഞ്ചാരം അവര്‍ പിന്നിട്ടുപോയ വാര്‍ദ്ധ ക്കിലേയ്ക്ക് തന്നെയാണ്. തലമുറകളെ ബന്ധിപ്പിയ്ക്കുന്ന പ്രധാന കണ്ണികള്‍ വയോജനങ്ങളാണ്. ഇവര്‍ ശക്തരും സന്തുഷ്ഠരും ആയിരിയ്‌ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അവരെ ഇന്നവര്‍ അനുഭവിയ്ക്കുന്ന അവസ്ഥയില്‍ നിന്ന് മുക്തരാക്കേണ്ടത് നമ്മുടെ കുടി ആവശ്യമാണ്. 

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ട് അനുയോജ്യമായ പദ്ധതികളും പെന്‍ഷന്‍ പദ്ധതികളും നടപ്പിലാക്കുന്നതില്‍ ഇനിയും കൂടുതല്‍ ഉത്സാഹങ്ങള്‍ ആവശ്യമാണ്.  വയോജനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിലൂടെ സാമ്പത്തികമായ പ്രയാസങ്ങളാല്‍ വീട്ടില്‍ നിന്നും ഇറങ്ങിപോകുകയും, ആത്മഹത്യ മാര്‍ഗ്ഗം തേടുകയും ചെയ്യുന്ന വയോജനങ്ങളെ രക്ഷിയ്ക്കാന്‍ കഴിഞ്ഞേക്കാം. അതുപോലെത്തന്നെ വയോജനങ്ങളെ സേവിയ്ക്കുന്നതും ശുശ്രുഷിയ്ക്കുന്നതും മഹത്തായ കര്‍മ്മമായി പരിഗണിച്ചുകൊണ്ട് ഡോക്ടര്‍മാരും നേഴ്‌സുമാരും വയോജന ശുശ്രുഷയ്ക്കായി പ്രത്യേക പരിശീലനം നേടി അവര്‍ക്കായി സേവനം അനുഷ്ഠിയ്ക്കും എന്നുള്ള തീരുമാനം ഇന്നത്തെ യുവതലമുറകള്‍ എടുക്കണം  സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളല്ലാതെ, ഗവണ്മെന്റും വയോജനങ്ങള്‍ക്കായി സൗജന്യചികിത്സയും വൈദ്യസഹായവും വാഗ്ദാനം ചെയ്യുന്നതും വയോജനങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍ നിന്നും മുക്തിനേടുന്നതിനു അവരെ സഹായിച്ചേക്കാം .

വാര്‍ദ്ധക്യം എന്നത് നമ്മളില്‍ ഓരോരുത്തര്‍ക്കും നടന്നുപോകേണ്ട വഴിയാണ്. അതിനാല്‍ വയോജനസേവാ നമുക്ക് നമ്മുടെ വീട്ടില്‍ നിന്നുതന്നെ ആരംഭിയ്ക്കാം. മറ്റു രാഷ്ട്രങ്ങളെപ്പോലെ വയോജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഗവണ്‍മെന്റും, വയോജനങ്ങള്‍ക്കായി പ്രത്യേകം പരിശീലനം നേടിയ ഡോക്ടര്‍മാരും നേഴ്‌സുമാരും വയോജനങ്ങള്‍ക്കായി പ്രത്യേകവിഭാഗങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളും അടങ്ങുന്ന  ഇന്ത്യ എന്നുള്ള സ്വപ്നസാക്ഷാത്കാരം അതിവിദൂരമാകാതിരിയ്ക്കട്ടെ.

Join WhatsApp News
Sudhir Panikkaveetil 2019-10-16 08:09:24
മക്കൾ നോക്കിയാലും ഇല്ലെങ്കിലും അത് വരെ 
തങ്ങൾ സമ്പാദിച്ച സ്വത്തൊക്കെ അവർക്ക് 
മാത്രം. അത്രയും സ്നേഹം മക്കളോട് ഉണ്ടെങ്കിൽ 
പിന്നെ അവർ ചെയ്യുന്നത് മറന്നു ഒറ്റപ്പെട്ടാലും 
കയ്യൊഴിഞ്ഞാലും വാർധക്യം അങ്ങട് 
ഗംഭീരമാക്കുക. . ശ്രീമതി ജ്യോതിലക്ഷ്മി പറയുന്നപോലെ 
സർക്കാർ സ്ഥാപനങ്ങൾ ഉണ്ടാകണം പണം 
ഇല്ലാത്തവർക്ക്.  ഉള്ളവർ മക്കൾക്ക് വേണ്ടി 
സൂക്ഷിച്ചുവയ്ക്കുനമ്പോൾ  അവരുടെ 
ബാധ്യത സർക്കാർ ഏറ്റെടുക്കുമോ? നികുതിപ്പണമല്ലേ 
 ഉപയോഗിക്കുക. എങ്ങും എത്താത്ത ചർച്ചക്ക് 
പറ്റിയ വിഷയമാണ്. 
P R Girish Nair 2019-10-16 14:37:22
ഇന്ന് വയോജനങ്ങൾ കുട്ടികൾക്ക് സംരക്ഷണം നൾകാൻ രാപ്പകൾ പാടുപെടുന്നു. വീടുകളിൾ‍ ശാരീരികമായും ലൈംഗികമായും മാനസികമായും സാമ്പത്തികമായും അവരെ പീഡിപ്പിക്കപ്പെടുന്നു. ഭക്ഷണവും വസ്ത്രവും നല്കാതിരിക്കുക, രോഗം വന്നാൾ ചികിത്സിക്കാതിരിക്കുക, അവഗണനയും ആക്ഷേപങ്ങളും വിമർശനങ്ങളും ഇവയെല്ലാം നേരിടുന്നവരാണ് അവർ. വീട്ടിലെ അടുക്കളയിൾനിന്നും ഭക്ഷണമേശയിൽ നിന്നും കിടപ്പുമുറിയിൾ നിന്നും സ്വത്തിൾ നിന്നും പുറന്തള്ളപ്പെടുന്നു. മക്കളിൽ നിന്നും മരുമക്കളിൾനിന്നും മറ്റു ബന്ധുക്കളിൽ നിന്നും പീഡനങ്ങൾ സഹിക്കുന്നു. മാതാപിതാക്കളുടെ പ്രായവും രോഗവും വദ്ധിക്കുമ്പോൾ മക്കൾ‍ അടുത്തുകൂടി സ്നേഹിച്ചും വഞ്ചിച്ചും പീഡിപ്പിച്ചും പണവും സ്വത്തും തട്ടിയെടുക്കുന്ന സംഭവങ്ങൾ‍ നമ്മുടെ നാട്ടിൽ നിത്യ സംഭവം ആയി മാറിയിരിക്കുന്നു. വയോജനങ്ങൾക്ക് അവരുടെ ആവശ്യങ്ങളെ മുൻഗണന നൽകി അവ ദേശീയ ആവശ്യങ്ങളാണെന്ന് ഉറപ്പു വരുത്തി അവർ അവഗണിക്കപ്പെടുകയോ സംരക്ഷിക്കപ്പെടാതിരിക്കുകയോ മാറ്റിനിറുത്തപ്പെടുകയോ ചെയ്യുന്നില്ലെന്നു ഉറപ്പാക്കുന്നതിനു ഒരു കർമ്മപദ്ധതി സർക്കാർ രൂപപ്പെടുത്തണം. ലക്ഷ്യമിടുന്നത് വയോജനങ്ങളുടെ സൗഖ്യമായിരിക്കണം. അവരുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലും അവരെ ആദരവോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സഹായിക്കുകയും ചെയ്യുന്നതിന് ലക്ഷ്യമിടണം. അവരുടെ ജീവിതത്തിന്റെ മേന്മ മെച്ചപ്പെടുത്തിന് സാമ്പത്തിക സുരക്ഷ, ആരോഗ്യ സംരക്ഷണം, സുരക്ഷാകേന്ദ്രങ്ങൾ, വയോജനങ്ങളുടെ മറ്റ് ആവശ്യങ്ങൾ, പീഢനത്തിനും ചൂഷണത്തിനുമെതിരായി സംരക്ഷണം നൾകണം. അവരുടെ സാമർദ്ധ്യം കണ്ടെത്തി അവരുടെ വികാസത്തിനാവശ്യമായ ലഭ്യമായ അവസരങ്ങൾ സൃഷ്ടിചു, അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ നടപ്പാക്കുകയും സർക്കാർ തലത്തിൽ ചെയ്യെണ്ടതാണ്. ഒരു ദീർക്കവീക്ഷണമുള്ള വിഷയം അവതരിപ്പിച്ചതിൽ ശ്രീമതി ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം.
Donald 2019-10-16 15:31:13
നായന്മാര് പുറത്തിറങ്ങി തുടങ്ങി 
വേഷം 2019-10-16 17:05:06
ഒരുത്തൻ ഇനി മൊല്ലാക്ക വേഷത്തിൽ താമസിയാതെ വീണ്ടും ഇറങ്ങും.
ഹായ് ഹായ് എന്താ കഥ! 2019-10-16 17:46:22
നമ്പൂരിമാരെ കാണുമ്പോൾ പണ്ടേ ഇളക്കുമുള്ളതാ . അങ്ങനെയല്ലേ പണ്ടേ തൊട്ടേ അവരുടെ അല്ല അതിന്റെ  ഒരു കിടപ്പ് . ഏത് ?


Das 2019-10-17 01:04:59

Kudos Jyoti ! Perhaps the possibly brief - Appreciate your endeavour to showcase such alarming, burning & equally challenging fact, with figures  that common elderly face in  our most civilized era that we pretend to be;   as we all know with aging, the ability to do daily chores (functional ability) declines to some degree in every individual. It’s  the highest honors to care for those who once cared for us …

I am sure, this blog helps transforming someone;s dark moment with a blaze of light as it actually awakened the administration as well as readers at large !

amerikkan mollakka 2019-10-17 20:01:56
"വേഷം" സാഹിബ്  ഞമ്മള് ചില്ലറ കമന്റൊക്കെ 
എയ്തി കയിഞ്ഞോട്ടെ . ഞമ്മള് പ്രത്യേകിച്ച് 
ഒരാളുടെ മാത്രം എയ്ത്ത് നോക്കിയിരുന്നു 
എയ്തുന്നില്ല. അങ്ങനെ സെയ്യുന്നവർ ഉണ്ടാകാം.
അബരോട് വേഷം കാണിക്കണം. 
Gandhi 2019-10-17 22:10:46
 You can't transform or change anyone but 'Be the change you wish to see in the world.'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക