Image

രാത്രിയുടെ സൗന്ദര്യം (കവിത: നസീം ചെന്ത്രാപ്പിന്നി)

Published on 15 October, 2019
രാത്രിയുടെ സൗന്ദര്യം (കവിത: നസീം ചെന്ത്രാപ്പിന്നി)
പകലുകള്‍ പെറ്റുകൂട്ടുന്ന
രാത്രികളില്‍ ഭൂമിയില്‍
ഒരുദിനം ഉറങ്ങാതിരിക്കുക.

ഉപേക്ഷിച്ചുപോയ
സന്ധ്യകളെനോക്കി ഇരുട്ട്
ഒരു നിദ്രാടകനെപ്പോലെ
മരച്ചില്ലകളില്‍ കൂടുകൂട്ടുന്നതും.

ആകാശം തിരയുന്ന
കണ്ണുകളെതേടി
മേഘരാജ്യം വിട്ടിറങ്ങിവരുന്ന
ചന്ദ്രസ്മിതവും കാണാം.

പകല്‍പോലെ ആകാശം
തിരമറന്നൊരു കടലാകും അന്നേരം.

വലമുറിച്ച് പുറത്തുചാടുന്ന
നക്ഷത്രമീനുകള്‍ മണ്ണിലേക്ക് ചൂണ്ടയെറിയുന്ന വേട്ടക്കാരും.

ചില്ലകളില്‍ തുഴയെറിയുന്ന
കാറ്റിനെത്തിരക്കി
ഇലകള്‍ ഒരു പാഴ്വഞ്ചിതുന്നി
കാത്തിരിക്കുന്നതും കാണാം.

ആകാശത്തേക്ക് പറന്ന
നിശാശലഭങ്ങളൊക്കെ
ഏതു വിളക്കുമാടം തേടിയാണു പോയത്.?

പ്രണയിക്കുന്നവരെ ...
നിങ്ങള്‍ ഉറക്കാതിരിക്കുമ്പോള്‍
രാത്രിയുടെ സൗന്ദര്യം
സ്വന്തമാക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക