Image

കുവൈറ്റ്‌ വിമാനത്താവളങ്ങളില്‍ ആധുനിക യന്ത്രവല്‍കൃത ലഗേജ്‌ പരിശോധനാ സംവിധാനമൊരുക്കും

Published on 09 May, 2012
കുവൈറ്റ്‌ വിമാനത്താവളങ്ങളില്‍ ആധുനിക യന്ത്രവല്‍കൃത ലഗേജ്‌ പരിശോധനാ സംവിധാനമൊരുക്കും
കുവൈത്ത്‌ സിറ്റി: രാജ്യത്തെ ഏക വിമാനത്താവളമായ കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആധുനിക യന്ത്രവല്‍കൃത ലഗേജ്‌ പരിശോധനാ സംവിധാനമൊരുക്കുന്നു. നിലവിലുള്ള സംവിധാനം വേണ്ടത്ര കാര്യക്ഷമമല്ലാത്തതിനലാണ്‌ വിമാനത്താവള വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ സംവിധാനമൊരുക്കുന്നതെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലെ തുറമുഖ, വിമാനത്താവള കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്‍റ്‌ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍യാസീന്‍ അറിയിച്ചു.
പുതിയ യന്ത്രവല്‍കൃത ലഗേജ്‌ പരിശോധനാ സംവിധാനം പ്രവര്‍ത്തനക്ഷമമാവുന്നതോടെ യാത്രക്കാരുടെ ബുന്ധിമുട്ടുകള്‍ക്ക്‌ ഏറെ പരിഹാരമാവുമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു. ഒപ്പം ജീവനക്കാര്‍ക്കും ആശ്വാസമാവും. യാത്രികര്‍ക്ക്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ്‌ സര്‍ക്കാറിന്‍െറ ലക്ഷ്യം അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വിമാനത്താവളത്തിലെ വിരലടയാള പരിശോധനാ സംവിധാനം പരിഷ്‌കരിക്കാനുള്ള പദ്ധതിയുമുണ്ടെന്ന്‌ അല്‍ യാസീന്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്‌ത്‌ രാജ്യംവിടാന്‍ ശ്രമിക്കുന്നവരെയും മുമ്പ്‌ രാജ്യത്തുനിന്ന്‌ നാടുകടത്തപ്പെട്ട്‌ വ്യാജ പാസ്‌പോര്‍ട്ടിലും മറ്റും തിരിച്ചുവരാന്‍ ശ്രമിക്കുന്നവരെയും പിടികൂടാന്‍ നിലവിലെ വിരലടയാള പരിശോധന യന്ത്രത്തിന്‌ ഫലപ്രദമായി സാധിക്കുന്നുണ്ടെങ്കിലും സംവിധാനം കൂടുതല്‍ ആധുനികവല്‍ക്കരിക്കേണ്ടത്‌ അനിവാര്യമാണെന്നാണ്‌ അധികൃതരുടെ വിലയിരുത്തല്‍.

നിലവില്‍ വിമാനത്താവളത്തിലുള്ള യന്ത്രവല്‍കൃത സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു. വൈദ്യുതി മുടങ്ങിയതായിരുന്നു കാരണം. ഇതേ തുടര്‍ന്ന്‌ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയാസം നേരിട്ടിരുന്നു. ഇതുമൂലം യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും ഇനി ഇത്തരം പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിമാനത്താവളത്തിന്‍െറ സുരക്ഷാ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ടുമെന്‍റ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക