Image

കാനഡയിലേക്കുള്ള ക്യുബെക്‌ വീസയുടെ പേരില്‍ തട്ടിപ്പ്‌ നടക്കുന്നുവെന്ന്‌ ആരോപണം

ഷൈമോന്‍ തോട്ടുങ്കല്‍ Published on 09 May, 2012
കാനഡയിലേക്കുള്ള ക്യുബെക്‌ വീസയുടെ പേരില്‍ തട്ടിപ്പ്‌ നടക്കുന്നുവെന്ന്‌ ആരോപണം
ന്യൂകാസില്‍: കാനഡയിലേക്കുള്ള ക്യുബെക്‌ വീസയുടെ പേരില്‍ ബ്രിട്ടണിലും കേരളത്തിലും നിരവധി റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ തട്ടിപ്പ്‌ നടത്തുന്നതായി പരാതി. യുകെയില്‍ സ്റ്റുഡന്റ്‌ വീസയിലെത്തിയിരിക്കുന്നവരെയാണ്‌ ഇടനിലക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ്‌ ആരോപണം.

കാനഡയിലെ ഫ്രഞ്ച്‌ അധിനിവേശ പ്രദേശത്തേക്കുള്ള ക്യുബെക്‌ വീസയുടെ പേരിലാണ്‌ തട്ടിപ്പ്‌ അരങ്ങേറുന്നത്രെ. ഫ്രഞ്ച്‌ ഭാഷ അറിയാവുന്നവര്‍ക്ക്‌ കുറഞ്ഞ ചെലവില്‍ കാനഡയിലേക്കു പോയി പിആര്‍ അടക്കമുള്ളവ നേടാമെന്നു വിശ്വസിപ്പിച്ചാണ്‌ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സി ആളെ റിക്രൂട്ട്‌്‌ചെയ്യുന്നതെന്നാണ്‌ പരാതി. ഇതിന്‌ 1500 പൗണ്‌ട്‌ മാത്രമേ ചെലവുള്ളൂ എന്നാണ്‌ ഏജന്‍സികള്‍ പറയുന്നത്‌.

അടുത്തിടെ ഒരു മലയാളി വിദ്യാര്‍ഥിനിയെ ഇടനിലക്കാരിയാക്കി ഇത്തരം ഒരു തട്ടിപ്പ്‌ യുകെയില്‍ അരങ്ങേറിയിരുന്നു. സ്റ്റുഡന്റ്‌ വീസയില്‍ എത്തിയ മലയാളി വിദ്യാര്‍ഥികളാണ്‌ തട്ടിപ്പിനിരയായത്‌. കബളിപ്പിക്കപ്പെട്ടവര്‍ ബ്രിട്ടീഷ്‌ പോലീസിലും കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി, മന്ത്രിമാരായ കെ.എം.മാണി, അനൂപ്‌ ജേക്കബ്‌ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്‌ട്‌.

കാനഡയിലേക്കുള്ള പ്രവേശനത്തിന്‌ ഇംഗ്ലീഷ്‌ ഭാഷാ പ്രാവീണ്യ പരീക്ഷയായ ഐഇഎല്‍ടിഎസിന്‌ തുല്യമായ 5.5 സ്‌കോര്‍ ഫ്രഞ്ച്‌ ഭാഷയില്‍ വേണം എന്നതാണ്‌ പ്രധാനപ്പെട്ടകാര്യം. ഇത്‌ ഒറ്റമാസം കൊണ്‌ടുതന്നെ നേടാം എന്നാണ്‌ ഏജന്‍സി നല്‍കുന്ന വാഗ്‌ദാനം. എന്നാല്‍ അടിസ്ഥാനം പോലും അറിയാത്ത ഫ്രഞ്ച്‌ ഭാഷ ഒരു മാസം കൊണ്‌ട്‌ പഠിക്കാന്‍ അതിബുദ്ധിമാന്‍മാര്‍ക്കു പോലും കഴിയില്ല. എന്നാല്‍ ഏജന്റുമാര്‍ ഒരു മാസംകൊണ്‌ട്‌ പഠിച്ച്‌ പരീക്ഷ പാസാകാം എന്ന്‌ ഉറപ്പുനല്‍കിയാണ്‌ പണം സമ്പാദിക്കുന്നത്‌. ഇത്തരത്തില്‍ പെട്ടെന്ന്‌ ഫ്രഞ്ച്‌ പഠിച്ച്‌ പാസാകാം എന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ കോട്ടയത്തടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്‌ടെന്നും ഒരു മാസം കൊണ്‌ട്‌ ഫ്രഞ്ച്‌ പഠിപ്പിക്കാമെന്നാണ്‌ അവരുടെ വാഗ്‌ദാനമെന്നും ഇവിടെ പഠനത്തിനെത്തി പരാജയപ്പെട്ടവര്‍ പറയുന്നു. ആറുമാസം ഫ്രഞ്ച്‌ പഠനം നടത്തിയിട്ടും ഭൂരിപക്ഷം പേര്‍ക്കും ഫ്രഞ്ച്‌ പരീക്ഷ പാസാകാന്‍ കഴിയുന്നില്ല.

ഇത്തരത്തില്‍ വളഞ്ഞ വഴി സ്വീകരിക്കാതെ ശരിയായ രീതിയില്‍ കാനഡയിലേക്കടക്കം കുടിയേറ്റം നടത്താനാണ്‌ ശ്രമിക്കേണ്‌ടതെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. കാനഡയിലെ ഫ്രഞ്ച്‌ മേഖലയില്‍ കുടിയേറണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ സ്റ്റുഡന്റ്‌ വീസയില്‍ പോകാന്‍ ശ്രമിക്കുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതമായി മാര്‍ഗം. ഒരു വര്‍ഷം അവിടെ കഴിയുമ്പോള്‍ ഫ്രഞ്ച്‌ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പിന്നീട്‌ പരീക്ഷ എഴുതിയാല്‍ കുടിയേറാന്‍ ആവശ്യമായ സ്‌കോര്‍ നേടാന്‍ സാധ്യതയുണ്‌ടെന്നാണ്‌്‌ വിദഗ്‌ധര്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക