Image

നാല്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച എട്ട്‌ നഗരങ്ങളിലൊന്ന്‌ തിരുവനന്തപുരം

Published on 14 October, 2019
നാല്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച എട്ട്‌ നഗരങ്ങളിലൊന്ന്‌ തിരുവനന്തപുരം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‌ മാലിന്യമുക്ത പ്രവര്‍ത്തനത്തിന്‌ അന്താരാഷ്ട്രാ പുരസ്‌കാരം. നാല്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച എട്ട്‌ നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുത്തു. സീറോ വേസ്റ്റ്‌ സിറ്റീസ്‌ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ്‌ തിരുവനന്തപുരം നഗരത്തിന്‌ അംഗീകാരം ലഭിച്ചത്‌.

ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്‌, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടു നഗരങ്ങളിലൊന്നായാണ്‌ തിരുവനന്തപുരവും സ്ഥാനം പിടിച്ചിരിക്കുന്നത്‌.

 ഒക്ടോബര്‍ 14ന്‌ മലേഷ്യയിലെ പെനാംഗില്‍ വെച്ചുനടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ നഗരസഭാ ഹെല്‍ത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍ തിരുവനന്തപുരം നഗരത്തിനുവേണ്ടി ആദരവ്‌ ഏറ്റുവാങ്ങും. 

ഏഷ്യാ-പസഫിക്‌ മേഖലയിലുള്ള വിവിധ രാജ്യങ്ങളില്‍ സീറോ വേസ്റ്റ്‌ ആശയങ്ങളിലൂന്നി നഗരമാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളുടെ കൂട്ടായ്‌മയാണ്‌ ഇന്റര്‍നാഷണല്‍ സീറോ വേസ്റ്റ്‌ സിറ്റീസ്‌. 

പ്ലാസ്റ്റിക്‌ മാലിന്യത്തിന്റെ തോത്‌ കുറയ്‌ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ഉറവിടത്തില്‍ തന്നെ നഗര മാലിന്യങ്ങളുടെ തരംതിരിക്കലും ശേഖരണവും, ഉറവിട മാലിന്യ- വികേന്ദ്രീകൃത സംസ്‌കരണത്തിനുള്ള പ്രോത്സാഹനം, റീസൈക്ലിംഗ്‌ തുടങ്ങിയവ നടപ്പാക്കുന്ന നഗരങ്ങളുടെ അന്താരാഷ്ട്രാ കൂട്ടായ്‌മയാണിത്‌.

ഇന്ത്യയില്‍ നിന്ന്‌ ചെന്നൈ നഗരമാണ്‌ തിരുവനന്തപുരത്തേക്കൂടാതെ സീറോവേസ്റ്റ്‌ സിറ്റി എന്ന സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ടിരിക്കുന്നത്‌. 

പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ ബ്രാന്‍ഡ്‌ ഓഡിറ്റിംഗ്‌, സമുദ്ര തീരത്തെ പ്ലാസ്റ്റിക്‌ മാലിന്യങ്ങളെക്കുറിച്ചുള്ള പഠനം, സ്‌കൂളുകളിലെ സീറോ വേസ്റ്റ്‌ പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, ഉറവിട വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്നീ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ്‌ തിരുവനന്തപുരത്തെ ഈ കൂട്ടായ്‌മയിലേക്ക്‌ ഇത്തവണ തെരെഞ്ഞെടുത്തിരിക്കുന്നത്‌.

സീറോവേസ്റ്റ്‌ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഗയ ഏഷ്യാ പസഫികിന്റെ നേതൃത്വത്തിലാണ്‌ ഈ കൂട്ടായ്‌മ രൂപീകരിച്ചിട്ടുള്ളത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക