Image

മഞ്ചേശ്വരം മണ്ഡലത്തിലെ "അട്ടിപ്പേറവകാശ'പ്പോര് (ശ്രീനി)

Published on 13 October, 2019
മഞ്ചേശ്വരം മണ്ഡലത്തിലെ "അട്ടിപ്പേറവകാശ'പ്പോര് (ശ്രീനി)
പാലായ്ക്ക് ശേഷം സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതം, ജാതി, വിശ്വാസം, ആചാരം തുടങ്ങിയവ രാഷ്ട്രീയ ബോധമില്ലാതെ കടന്നുവന്നിരിക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിലാണീ സങ്കുചിത പ്രതിഭാസം ക്ലിയറായി കാണുന്നത്. സംഗതി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള പരസ്യമായ "അട്ടിപ്പേറവകാശ' വിഴുപ്പലക്കലിന് കാരണമായി. നിലവാരം കുറഞ്ഞ കൗണ്ടറുകളാണെങ്കിലും കേള്‍ക്കാന്‍ രസമുണ്ടായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പാഷാണം വര്‍ക്കിയാണെന്നാണ് രമേശിന്റെ കണ്ടുപിടിത്തം. മഞ്ചേശ്വരത്ത് എത്തുമ്പോള്‍ പിണറായി വിശ്വാസിയാകും. മറ്റ് മണ്ഡലങ്ങളില്‍ അദ്ദേഹം നവോത്ഥാന നായകന്റെ പട്ടം എടുത്തണിയുമെന്നും ചെന്നിത്തല പരിഹസിച്ചു. ധൈര്യമുണ്ടെങ്കില്‍ ശബരിമല യുവതീപ്രവേശനത്തില്‍ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണണെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

ഇതൊരുതരത്തില്‍ വടികൊടുത്ത് അടിമേടിക്കലായി. കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റേ കപട ഹിന്ദുവാണെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍, ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്താണോ ഇരിക്കുന്നതെന്ന് പിണറായി ചോദിച്ചിരുന്നു. പിന്നെ വാക് പോര് കടുത്തു. നവോത്ഥാന നായകന്‍ കളിക്കാനുള്ള പിണറായിയുടെ ശ്രമങ്ങള്‍ പൊളിഞ്ഞെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. അതേസമയം വിശ്വാസിയുടെയും നവോത്ഥാന നായകന്റെയും പട്ട് അഴിച്ചുവെക്കുന്നതാണ് പിണറായിക്ക് നല്ലതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം നവോത്ഥാനത്തിന്റെ അട്ടിപ്പേറവകാശം സ്വന്തം കക്ഷത്തിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ട് പരാജയപ്പെട്ട് പോയി. അതിന്റെ ജാള്യതയാണ് അദ്ദേഹം എന്റെ നേര്‍ക്ക് തീര്‍ക്കുന്നത്. ഞാനതിന്റെ അട്ടിപ്പേറാകാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ തികച്ച മതേതരവാദിയാണ്. ആ നിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. പരസ്പരവിരുദ്ധമായ നിലപാടുകല്‍ മുഖ്യമന്ത്രി മഞ്ചേശ്വരത്തും മറ്റ് നാല് മണ്ഡലങ്ങളിലും സ്വീകരിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മഞ്ചേശ്വരത്ത് വര്‍ഗീയ കാര്‍ഡിറക്കാനുളള പ്രതിപക്ഷത്തിന്റെ ശ്രമം തിരിച്ചറിയണമെന്നാണ് പിണറായി ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് ചേര്‍ന്ന കാര്യമാണോ അദ്ദേഹം പറഞ്ഞത് എന്നും പിണറായി ചോദിച്ചു. പ്രതിപക്ഷത്തെ പരാജയ ഭീതി പിടികൂടിയിരിക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റെയെപ്പോലൊരു സ്ഥാനാര്‍ത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണ് എന്നും പറയാനുളള അല്‍പ്പത്തം പ്രതിപക്ഷ നേതാവിന് എവിടെ നിന്ന് ലഭിച്ചെന്നും മുഖ്യമന്ത്രി ചോദിച്ചു. മുകളില്‍ നിന്ന് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയല്ല ശങ്കര്‍ റെ. ഇവിടെ ഹെഡ്മാസ്റ്ററായി പഠിപ്പിച്ച് നടന്ന ആളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിശ്വാസി ആയതാണ് ഇവരുടെ പ്രശ്‌നം. ഇവിടെ കൂടിയിരിക്കുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വിശ്വസികളല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഏതായാലും ശങ്കര്‍ റെയുടെ വിശ്വാസ പ്രഖ്യാപനവും ആചാരങ്ങളിലുള്ള കൂറും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശേഷിച്ചും ശബരിമലയെ മുന്‍നിര്‍ത്തിയും തന്റെ ഈശ്വര വിശ്വാസത്തെ അടിസഥാനപ്പെടുത്തിയും അദ്ദേഹം ആവര്‍ത്തിച്ച് നടത്തുന്ന പ്രസ്താവനകള്‍. ശബരിമലയിലെ സ്ത്രീ പ്രവേശ നടപടികളുമായി ബന്ധപ്പെട്ട് കൈവിട്ടുപോയ വിശ്വാസി വോട്ടുകള്‍ തിരികെ പിടിക്കാനുള്ള സി.പി.എമ്മിന്റേയും ഇടതു മുന്നണിയുടേയും തന്ത്രമാണിതെന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കെ വിമര്‍ശനം ഉയര്‍ത്തുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് യു.ഡി.എഫിന്റെ മുസ്ലീം ലീഗ് പി.ബി അബ്ദുള്‍ റസാഖ് വിയയിച്ച മഞ്ചേശ്വരത്ത് എം.സി കമറുദ്ദീനാണ് യു.ഡി.എഫ് സാരഥി. ക്ഷേത്രവുമായി വലിയ ബന്ധമുള്ള ശങ്കര്‍ റെ ഇടതുപക്ഷ പോരാളിയും രവീശ തന്ത്രി കുണ്ടാര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ലീഡ് 11,113 വോട്ടുകളാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയ്ക്ക് വെച്ചാണ് മഞ്ചേശ്വരം ബി.ജെ.പിക്ക് നഷ്ടമായത്. അവരുടെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖും തമ്മിലുളള വോട്ട് വ്യത്യാസം വെറും 89. സുരേന്ദ്രന്‍ കളളവോട്ട് അടക്കമുളള ആരോപണങ്ങള്‍ ഉന്നയിച്ച് കോടതി കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒ രാജഗോപാലിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് മഞ്ചേശ്വരം കയ്യില്‍ നിന്ന് വഴുതിപ്പോയതിന്റെ കുറവ് ഇത്തവണ നികത്തേണ്ടതുണ്ട്. ബി.ജെ.പിക്ക് വലിയ വേരോട്ടമുളള മഞ്ചേശ്വരത്ത് ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളിലാണ് ബി.ജെ.പിയുടെ കണ്ണ്. കേരളത്തിലേക്ക് ആര്‍.എസ്.എസ് കടന്ന് വന്നത് തന്നെ കര്‍ണാടകയിലൂടെ കാസര്‍ഗോഡ് വഴിയാണല്ലോ. എന്നാല്‍ ഇതുവരെ വലിയ ഒരു തിരഞ്ഞെടുപ്പ് വിജയവും നേടാന്‍ ബി.ജെ.പിക്കായിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി ബി.ജെ.പി രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു.

മുസ്ലിം ലീഗിലെ പി.ബി അബ്ദുള്‍ റസാഖ് മരണമടഞ്ഞതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍ ഏതുവിധേനയും മണ്ഡലം നിലനിര്‍ത്തുക മാത്രമാണ് യു.ഡി.എഫ് ലക്ഷ്യം വെക്കുന്നതെങ്കില്‍ 2006ലെ അട്ടിമറി വിജയം ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫും ഒരു തവണയെങ്കിലും ഈ തുളുനാടന്‍ കോട്ടയില്‍ വെന്നിക്കൊടി പാറിക്കണമെന്ന വാശിയുമായി ബി.ജെ.പിയും അടവുകള്‍ പതിനെട്ടും പയറ്റി മുന്നേറുകയാണ്. ഉറച്ച വിജയ പ്രതീക്ഷ തന്നെയാണ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളും പങ്കുവെക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ക്കൈ ഉള്ള മണ്ഡലം എന്ന പ്രത്യേകതയും മഞ്ചേശ്വരത്തിനുണ്ട്.

അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇക്കുറി വിജയം തനിക്കു തന്നെ എന്ന് അധ്യാപകനും യക്ഷഗാന കലാകാരനുമായ ശങ്കര്‍ റെ ഉറപ്പിച്ചു പറയുന്നു. 2006ലെ അപ്രതീക്ഷിത പരാജയം ഒഴിച്ച് നിറുത്തിയാല്‍ 1987 മുതല്‍ക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ തുടര്‍ വിജയങ്ങള്‍ ഇത്തവണയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമറുദ്ദീന്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം കൂടി ഉള്‍പ്പെടുന്ന കാസര്‍കോട് മണ്ഡലത്തില്‍ നിന്നും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച താന്‍ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണെന്നും ഇത് തനിക്കു ഗുണം ചെയ്യുമെന്നും രവീശ തന്ത്രിയും അവകാശപ്പെടുന്നു.

ഭാഷാ വവൈവിധ്യമാണ് മഞ്ചേശ്വരത്തിന്റെ പ്രത്യേകത. തുളു, കന്നഡ, കൊങ്ങിണി, മലയാളം, ഉറുദു, ബ്യാരി എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളുടെ സംഗമ വേദിയാണ് മഞ്ചേശ്വരം മണ്ഡലം. കേരളത്തില്‍ യക്ഷ ഗാനം എന്ന കലാരൂപത്തിന് ഏറെ ആസ്വാദകരുള്ള നാടാണിത്. ഒരു കാലത്തു തുളു നാട് എന്നറിയപ്പെട്ടിരുന്ന ഗോകര്‍ണം മുതല്‍ ചന്ദ്രഗിരി പുഴ വരെ വ്യാപിച്ചുകിടന്നിരുന്ന മഞ്ചേശ്വരം ബെല്‍റ്റിലെ തനതു ഭാഷ തുളു തന്നെ. കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കന്നഡയും ദക്ഷിണ കര്‍ണാടകത്തിലെ ഒരു പ്രാദേശിക ഭാഷ എന്ന നിലയില്‍ കൊങ്ങിണിയും ഇവിടേയ്ക്ക് കടന്നുവന്നു. തുര്‍ക്കിയില്‍ നിന്നും കപ്പല്‍ ജോലിക്കായി ഈ പ്രദേശത്തു എത്തിച്ചേര്‍ന്ന തുറുക്കന്മാര്‍ എന്നറിയപ്പെട്ടിരുന്നവരുടെ പിന്‍മുറക്കാര്‍ ആണത്രേ ഉറുദു ഭാഷയുടെ ഇവിടത്തെ പ്രചാരകര്‍.

കച്ചവടം ചെയ്യുന്നയാള്‍ എന്നാണ് ബ്യാരിയുടെ അര്‍ഥം. അതുകൊണ്ടു തന്നെ അറബി രാജ്യങ്ങളില്‍ നിന്നും വ്യാപാരത്തിനായി എത്തിച്ചേര്‍ന്നവര്‍ പരസ്പരം ആശയ വിനിമയത്തിനായി ഉണ്ടാക്കിയെടുത്ത ഭാഷയായി ഇത് കണക്കാക്കപ്പെടുന്നു. മണ്ഡലത്തിലെ എഴുപതു ശതമാനത്തിലേറെ ആളുകള്‍ ഭാഷാ ന്യൂന പക്ഷം ആണെന്നതും വോട്ടര്‍മാരില്‍ ഏതാണ്ട് പകുതിയോളം പേരും മത ന്യൂനപക്ഷം ആണെന്നതും മഞ്ചേശ്വരത്തിന്റെ പ്രത്യേകതയാണ്.  എന്‍മകജെ, കുമ്പള, മംഗല്‍പാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ, വോര്‍ക്കാടി, മഞ്ചേശ്വരം എന്നീ എട്ടു പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലം. ഇതില്‍ പുത്തിഗെ, പൈവളിഗെ എന്നീ രണ്ടു പഞ്ചായത്തുകള്‍ ഒഴികെ ബാക്കി ആറിലും യു.ഡി.എഫ് ആണ് ഭരണത്തില്‍.

പൈവളിഗെയില്‍ തന്നെ കോണ്‍ഗ്രസ് പിന്തുണയോടു കൂടിയാണ് എല്‍.ഡി.എഫ് ഭരണം നടത്തുന്നത്. മൂന്ന് വര്‍ഷക്കാലം ബി.ജെ.പി ഭരിച്ച എന്‍മകജെ കഴിഞ്ഞ വര്‍ഷം എല്‍.ഡി.എഫ് പിന്തുണയോടെ യു.ഡി.എഫ് പിടിച്ചെടുത്തു. പഞ്ചായത്ത് ഭരണം ഇങ്ങനെയൊക്കെ ആണെങ്കിലും മൂന്നു മുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. നേരിയ മുന്‍തൂക്കം യു.ഡി.എഫിന് തന്നെ. 1957ല്‍ ഉമേഷ് റാവു എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച മഞ്ചേശ്വരം ആറു തവണ മുസ്ലിം ലീഗിനെയും ഒരു തവണ കോണ്‍ഗ്രസിനെയും പിന്തുണച്ചു. രണ്ടു തവണ സി.പി.ഐയും ഒരു തവണ സി.പി.എമ്മും വിജയം കണ്ടു. പല തവണ രണ്ടാം സ്ഥാനത്തു എത്തിയിട്ടും മണ്ഡലം ഇനിയും കടാക്ഷിക്കാത്ത ഏക പാര്‍ട്ടി ബി.ജെ.പി തന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക