Image

ഇന്ത്യ- ചൈന പരസ്പര ബന്ധത്തില്‍ പുതിയ അദ്ധ്യായം തുറക്കും: നരേന്ദ്രമോദി

Published on 12 October, 2019
ഇന്ത്യ- ചൈന പരസ്പര ബന്ധത്തില്‍ പുതിയ അദ്ധ്യായം തുറക്കും: നരേന്ദ്രമോദി
മാമല്ലപുരം: ചെന്നൈ ഉച്ചകോടി ഇന്ത്യ  ചൈന ബന്ധത്തില്‍ സഹകരണത്തിന്റെ പുതിയൊരു യുഗപ്പിറവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറുകളോളം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചെന്നൈ ഉച്ചകോടിയോടെ പരസ്പര ബന്ധത്തില്‍ പുതിയൊരു അദ്ധ്യായം തുറക്കും. ഇരു രാജ്യങ്ങളുടെയും ആശങ്കകള്‍ പരസ്പരം മനസിലാക്കി, അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കമായി വളരാതെ കൈകാര്യം ചെയ്യും  മോദി പറഞ്ഞു.

ഇന്നലെ താജ് ഫിഷര്‍മാന്‍ ആല്‍ക്കോവ് റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഭീകരപ്രവര്‍ത്തനത്തെ ഒരുമിച്ച് നേരിടാനും ഇരുനേതാക്കളും തീരുമാനിച്ചു. ഇന്ത്യയിലും ചൈനയിലും നടക്കുന്ന ഭീകരപ്രവര്‍ത്തനവും നിര്‍ബന്ധിത ആശയ പരിവര്‍ത്തനവും ഉയര്‍ത്തുന്ന വെല്ലുവിളികളും സംയുക്തമായി നേരിടും.

ഉച്ചകോടിയില്‍ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഉഭയകക്ഷി വ്യാപാരകമ്മി പരിഹരിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഉന്നതതല സംവിധാനം കൊണ്ടുവരാനും ധാരണയായി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രിക്കുമായിരിക്കും ഇതിന്റെ ചുമതല. പ്രതിരോധ രംഗത്ത് പരസ്പര വിശ്വാസം ശക്തമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. ഇതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈന സന്ദര്‍ശിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക