Image

കേരളത്തിന്റെ സഹന നിറവായി മറിയം ത്രേസ്യ വിശുദ്ധ ഗണത്തിലേയ്ക്ക് (ശ്രീനി)

ശ്രീനി Published on 12 October, 2019
കേരളത്തിന്റെ സഹന നിറവായി മറിയം ത്രേസ്യ വിശുദ്ധ ഗണത്തിലേയ്ക്ക് (ശ്രീനി)
കടന്നുപോയ വഴിത്താരകളില്‍ സത്കര്‍മ്മങ്ങളാല്‍ വ്യക്തി ജീവിതത്തിനും സമൂഹത്തിനും സ്‌നേഹ വെളിച്ചം പരത്തിയ മറിയം ത്രേസ്യ വിശുദ്ധയുടെ സിംഹാസനത്തിലേയ്ക്ക്. ആത്മീയാനുഭൂതിയുടെ സ്തുതിഗീതങ്ങളാലപിച്ചുകൊണ്ട് ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി നാമകരണം ചെയ്യുകയാണ്. നാളെ, ഒക്‌ടോബര്‍ 13-ാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30) വിശ്വാസസമൂഹം പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുന്ന പ്രഖ്യാപനം. വിശുദ്ധ പ്രഖ്യാപനം നടക്കുന്ന സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ച് വിശുദ്ധരുടെ വലിയ ഛായാചിത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബര്‍ 16ന് മറിയം ത്രേസ്യയുടെ ജന്‍മനാടായ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കുഴിക്കാട്ടുശേരിയില്‍ നടക്കും. മറിയം ത്രേസ്യയുടെ സ്‌നേഹത്തിന്റെ  മെഴുകിതിരി വെട്ടം പരന്ന കുഴിക്കാട്ടുശേരി ഇനി പരസ്യ വണക്കത്തിന്റെ പുണ്യ ഭൂമിയായി അറിയപ്പെടും.

വിശുദ്ധ പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ് വിശ്വാസികളും നാട്ടുകാരും. കുഴിക്കാട്ടുശേരിയിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. നൂറുകണക്കിന് പേരാണ് മറിയം ത്രേസ്യയുടെ കബറിടം സന്ദര്‍ശിക്കാന്‍ ഇവിടേയ്‌ക്കൊഴുകിയെത്തുന്നത്. 1926ല്‍ ഇഹലോകവാസം വെടിഞ്ഞ മറിയം ത്രേസ്യയെ കബറടക്കിയിരിക്കുന്നത് കുഴിക്കാട്ടുശ്ശേരിയിലെ തീര്‍ത്ഥാടന കേന്ദ്രത്തിലാണ്. മറിയം ത്രേസ്യ ഉപയോഗിച്ചിരുന്ന മുറി, മറ്റു വസ്തുക്കള്‍, മരണ സമയത്തു താമസിച്ചിരുന്ന മുറി തുടങ്ങിയവ കാണാന്‍ നിരവധി വിശ്വാസികളാണ് ഇവിടെയെത്തുന്നത്. വത്തിക്കാനില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമ്പോള്‍ പ്രത്യേക പ്രാര്‍ത്ഥനകളാണ് കുഴിക്കാട്ടുശ്ശേരിയില്‍ ഒരുക്കിയിരിക്കുന്നത്.

''വിശുദ്ധ പദ പ്രഖ്യാപനത്തിലൂടെ നമ്മള്‍ ഒരിക്കല്‍ക്കൂടി ദൈവരാജ്യത്തിന്റെ രഹസ്യം ഏറ്റുപറയുകയും അജഗണങ്ങളെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന ഇടയനായ ക്രിസ്തു രാജനെ ആദരിക്കുകയും ചെയ്യുന്നു. പുതിയ വിശുദ്ധര്‍ അവരുടെ സാക്ഷ്യങ്ങളിലൂടെയും ഇടപെടലുകളിലൂടെയും സുവിശേഷത്തില്‍ സഞ്ചരിക്കുന്നതിന്റെ ആനന്ദം നമ്മില്‍ വര്‍ധിപ്പിക്കട്ടെ. നമ്മുടെ ജീവിതത്തിന്റെ ദിശാസൂചിയായി സുവിശേഷത്തെ ആശ്ലേഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം അത് ഉറപ്പിക്കട്ടെ. അവരുടെ വിശ്വാസവും സ്‌നേഹവും അനുകരിച്ചുകൊണ്ട്, നമ്മുടെ പ്രതീക്ഷകളെ അനശ്വരമാക്കിക്കൊണ്ട് അവരുടെ കാല്പാടുകള്‍ നമുക്കു പിന്തുടരാം. ഭൗമികമായ താത്പര്യങ്ങള്‍ നമ്മെ വ്യതിചലിപ്പിക്കാതിരിക്കട്ടെ. എല്ലാ പുണ്യവാന്മാരുടെയും രാജ്ഞിയായ നമ്മുടെ അമ്മ, പരിശുദ്ധ കന്യകമറിയം, സ്വര്‍ഗരാജ്യത്തിലേക്കു നമ്മെ നയിക്കട്ടെ...'' ചാവറയച്ചനും എവുപ്രാസ്യമ്മയും ഉള്‍പ്പെടെ ആറുപേരെ വിശുദ്ധരായി പ്രഖ്യാപിച്ച 2014 നവംബര്‍ 23-ാം തീയതിയിലെ തിരുക്കര്‍മങ്ങള്‍ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള അനുഗ്രഹ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരിക്കുന്നു.

വിശുദ്ധ ഗണത്തില്‍ മലയാളത്തിന്റെ സ്‌നേഹവെളിച്ചമായി മറിയം ത്രേസ്യ എത്തുന്നത് കേരളത്തിലെ വിശ്വാസി സമൂഹത്തിനിത് അതിധന്യമായ നിമിഷമാണ്. മറിയം ത്രേസ്യയുടെ സഹന തീഷ്ണതയും സ്‌നേഹനിര്‍ഭരമായ തലോടലും എന്നുമേവര്‍ക്കും വലിയ കൃപാവരമാണ്. യാതനകളുടെ പാരമ്യമായ പഞ്ചക്ഷതാനുഭവങ്ങള്‍ ലഭിച്ച കേരളത്തിലെ ആദ്യ പുണ്യവതിയാണ് മറിയം ത്രേസ്യ. യേശുവിന്റെ അഞ്ചുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങുകയ ഈ വിശുദ്ധയുടെ ജീവിതം ലളിതവും വിനീതവും അനാകര്‍ഷണീയവുമായ സങ്കടങ്ങള്‍ നിറഞ്ഞ വിചിത്രവിധികളായിരുന്നു. എന്നാല്‍, എല്ലായ്‌പ്പോഴും ഉള്ളില്‍ വലിയ സ്‌നേഹം ആ നിര്‍മല മനസില്‍ ആളിക്കത്തുന്നുണ്ടായിരുന്നു.

കരുണയുടെ നിറകുടമായ ആ പുണ്യവതിയുടെ ജീവിതം നമുക്ക് മാര്‍ഗമാണ്. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറ ഫൊറോന പള്ളി ഇടവകയിലെ ചിറമ്മല്‍ മങ്കിടിയാന്‍ തോമന്‍-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രില്‍ 26ന് ത്രേസ്യ ജനിച്ചു. പുത്തന്‍ചിറ ഗ്രാമത്തിലായിരുന്നു ബാല്യവും കൗമാരവും. പനയോലകൊണ്ട് മേഞ്ഞ ജന്മഗൃഹം ഇന്നും അതേ നിലയില്‍ സംരക്ഷിക്കുന്നുണ്ട്. ജന്മഗ്രഹം ഒരു തീര്‍ത്ഥാടനകേന്ദ്രമായി വിശ്വാസികള്‍ കണക്കാക്കുന്നു. കടുത്ത ദാരിദ്രത്തില്‍ കഴിഞ്ഞിരുന്ന ത്രേസ്യയുടെ കുടുംബത്തിന് മഠത്തില്‍ ചേരുന്നതിന് നല്‍കേണ്ട പത്രമേനിയായ 150 രൂപപോലും നല്‍കാനായില്ലായിരുന്നുവെന്നറിയുക

 മറിയം ത്രേസ്യയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചത്. പന്ത്രണ്ടാമത്തെ വയസ്സില്‍ മറിയത്തിന്റെ അമ്മ താണ്ട മരിച്ചു. തുടര്‍ന്ന് പൂര്‍ണ്ണസമയം പ്രാര്‍ത്ഥനയിലൂടെയാണ് ജീവിതം മുന്നേറിയത്. പുത്തന്‍ചിറ സെന്റ് മേരീസ് പള്ളിയില്‍ വെച്ച് റവ. ഫാ. പൗലോസ് കൂനനില്‍ നിന്ന് 1876 മെയ് മൂന്നാം തീയതി മാമോദീസ സ്വീകരിച്ചു. 1886ല്‍ ത്രേസ്യയുടെ പതത്താം വയസ്സിലാണ് ആദ്യകുര്‍ബാന സ്വീകരണവും കുമ്പസാരവും നടന്നത്. കുര്‍ബാന സ്വീകരിക്കണമെന്ന ത്രേസ്യയുടെ ശക്തമായ ആഗ്രഹത്താല്‍, സാധാരണയായി ആ കാലങ്ങളില്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തിയിരുന്ന പ്രായത്തേക്കാള്‍ മൂന്ന് വര്‍ഷം മുന്‍പേ ആദ്യകുര്‍ബാന സ്വീകരണം നടത്തി.

അന്നത്തെ തൃശ്ശൂര്‍ രൂപത മെത്രാന്‍ ജോണ്‍ മേനാച്ചേരിയുടെ നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ തന്നെയുള്ള ഒല്ലൂര്‍ കര്‍മ്മലീത്താ മഠത്തില്‍ ധന്യയായ എവുപ്രാസ്യയോടൊപ്പം താമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തന്‍ചിറയിലേക്കുതന്നെ തിരിച്ചുപോന്നു. ആത്മപിതാവ് ജോസഫ് വിതയത്തില്‍ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തില്‍ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്ത് താമസം തുടങ്ങി. ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. തൃശ്ശൂര്‍ മെത്രാന്‍ റവ. ഡോ. ജോണ്‍ മേനാച്ചേരി 1914 മെയ് 13ന് സന്ദര്‍ശിക്കുകയും അവരുടെ ജീവിതരീതിയില്‍ സംതൃപ്തനാകുകയും ചെയ്തു.

ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തില്‍ 1914 മെയ് 14ന്  ഏകാന്ത ഭവനത്തെ തിരുകുടുംബ സഭ അഥവ ഹോളി ഫാമിലി കോണ്‍വെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹമായി അംഗീകരിച്ചു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂര്‍ത്തിയാക്കി. മദര്‍ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദര്‍ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. ഇപ്പോള്‍ 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്. 1926 ജൂണ്‍ എട്ടിന് 50-ാം വയസില്‍ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ മരണമടഞ്ഞു. തുമ്പൂര്‍ മഠത്തില്‍ വെച്ച് ഒരു ക്രാസിക്കാല്‍ മറിയം ത്രേസ്യയുടെ കാലില്‍ വീണുണ്ടായ മുറിവാണ് മരണകാരണം. കുഴിക്കാട്ടുശ്ശേരി മഠത്തിനോടനുബദ്ധിച്ചുള്ള പള്ളിക്കുള്ളിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്.

ഫാ. ജോസഫ് വിതയത്തില്‍, തന്റെ മരണശേഷമേ നാമകരണപരിപാടികളാരംഭിക്കാവൂയെന്ന നിര്‍ദ്ദേശത്തോടേ, മദര്‍ മറിയം ത്രേസ്യയോട് ബദ്ധപ്പെട്ട എല്ലാ രേഖകളും 1957 നവംബര്‍ 20ന് അന്നത്തെ തൃശ്ശൂര്‍ മെത്രാന്‍ ജോര്‍ജ്ജ് ആലപ്പാട്ടിന് കൈമാറി. തുടര്‍ന്ന് തിരുമേനിയുടെ അംഗീകാരത്തോടെ നാമകരണ പ്രാര്‍ത്ഥന ആരംഭിച്ചു. 1964 ജൂണ്‍ എട്ടിന് ജോസഫ് വിതയത്തിലച്ചനും മരണപ്പെട്ടു. അതിനുശേഷം മറിയം ത്രേസ്യയുടെ നാമകരണ പരിപാടികള്‍ക്ക് സാധുതയുണ്ടോയെന്ന പ്രാഥമിക അന്വേഷണം നടത്തുന്നതിനായി മോണ്‍. സെബാസ്റ്റ്യനെ നിയമിച്ചു. തുടര്‍ന്ന് റവ. ഫാ. ശീമയോന്‍ ദ ലാ സഗ്രദ ഫമിലിയ ഒ.സി.ഡിയെ നാമകരണപരിപാടിയുടെ പോസ്റ്റുലേറ്ററായി പോപ്പ് നിയമിച്ചു.

മോണ്‍. തോമസ് മൂത്തേടന്‍, ഫാ. ആന്‍സ്ലേം സി.എം.ഐ, ഫാ. ആന്റണി അന്തിക്കാട് എന്നിവരെ ചരിത്രന്വേഷണ കമ്മീഷനായി 1975ല്‍ അന്നത്തെ തൃശ്ശൂര്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം നിയമിച്ചു. 1978ല്‍ ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിനു ശേഷം തൃശ്ശൂര്‍ രൂപതയില്‍ നിന്ന് ഇരിങ്ങാലക്കുട രൂപതയിലേക്ക് നാമകരണപരിപാടിയുടെ രേഖകളെല്ലാം കൈമാറി. 1981 ജനുവരി മൂന്നിന് അന്നത്തെ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ ജെയിംസ് പഴയാറ്റിലിന്റെ നേതൃത്വത്തില്‍ കബറിടം തുറന്ന് പൂജ്യാവശിഷ്ടങ്ങള്‍ പരിശോധിക്കുകയും തിരുശ്ശേഷിപ്പുകള്‍ ഒരു ചില്ലുപേടകത്തില്‍ സൂക്ഷിക്കുകയും ചെയ്തു. വിശുദ്ധയാക്കുന്നതിനുള്ള കാരണങ്ങള്‍ക്ക് 1982 ജൂണ്‍ 25ന് കാനോനികമായി തടസമില്ലായെന്ന രേഖ ലഭ്യമായി.

ദൈവദാസിയുടെ ജീവിതവിശുദ്ധി പരിശോധിച്ചറിയുന്നതിനായി 1983 ഏപ്രില്‍ 24ന് ഇരിങ്ങാലക്കുട മെത്രാന്‍ ജെയിംസ് പഴയാറ്റില്‍ ഒരു ട്രിബ്യൂണല്‍ സ്ഥാപിച്ചു. 1985 നവംബര്‍ എട്ടിന് നാമകരണപരിപാടികള്‍ സാധുവാണെന്ന് റോം പ്രഖ്യാപിച്ചു. മാത്യു പെല്ലിശ്ശേരിയുടെ കാലിലെ ജന്മനായുള്ള അസുഖം മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി ലഭിച്ചു. അതിനെ കുറിച്ചന്വേഷിക്കുവാന്‍ മാത്യു താമസിക്കുന്ന തൃശ്ശൂര്‍ രൂപതയുടെ ബിഷപ്പ് ജോസഫ് കുണ്ടുകുളം ട്രൈബ്യൂണല്‍ 1992 ജനുവരി 12ന് സ്ഥാപിച്ചു. ട്രൈബ്യൂണലിന്റെ വിധിപ്രകാരം നാമകരണത്തിനുള്ള അത്ഭുതമായി അത് അംഗീകരിക്കുകയും ചെയ്തു. 1999 ജൂണ്‍ 28ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ധന്യ എന്ന് നാമകരണം ചെയ്തു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2000 ഏപ്രില്‍ ഒന്‍പതിന് വാഴ്ത്തപ്പെട്ടവള്‍ എന്ന് നാമകരണം ചെയ്തു. എല്ലാ വര്‍ഷവും ജൂണ്‍ എട്ടിന് മറിയം ത്രേസ്യയെ കബറടിക്കിയിരിക്കുന്ന കുഴിക്കാട്ടുശ്ശേരി മഠം പള്ളിയില്‍ വെച്ച് വിപുലമായ പരിപാടികളോടെ തിരുന്നാള്‍ കൊണ്ടാടുന്നു. അന്നേ ദിവസം തീര്‍ത്ഥാടകര്‍ക്കെല്ലാവര്‍ക്കും നേര്‍ച്ചയായി ഭക്ഷണവും നല്‍കാറുണ്ട്.

കുഴിക്കാട്ടിശ്ശേരി മഠം കപ്പേളയോട് ചേര്‍ന്നാണ് സ്മൃതി സമുച്ചയം. കലാകാരന്മാരുടെ ഭാവനയില്‍ വിവിധതരം മാധ്യമങ്ങള്‍ ഉപയോഗിച്ച് മറിയം ത്രേസ്യയുടെ ജീവിതവും മറ്റും കലാപരമായി ആവീഷ്‌കരിച്ചിട്ടുണ്ട്. പഴയ മഠത്തിന്റെ ഒരു ഭാഗം മ്യൂസിയമായി സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. മറിയം ത്രേസ്യ താമസിച്ചിരുന്ന മുറിയും ഉപയോഗിച്ചിരുന്ന കട്ടിലും മരണകാരണമായ കാലിലെ മുറിവുണ്ടാക്കിയ ക്രാസിക്കാലും എല്ലാം തീര്‍ത്ഥാടകര്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മറിയം ത്രേസ്യയുടെ മധ്യസ്ഥതയാല്‍ ദൈവകൃപ ലഭിച്ചുവെന്ന് വിശ്വസിക്കുന്നവരുടെ സാക്ഷ്യവും അവരുടെ ചിത്രം സഹിതം മ്യൂസിയത്തില്‍ കാണാവുന്നതാണ്.

കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ സീറോ മലബാര്‍ സഭയ്ക്കു ലഭിച്ചത് അഞ്ച് വിശുദ്ധരെയാണ്. 2008 ഒക്‌ടോബര്‍ 12ന് അല്‍ഫോന്‍സാമ്മയിലൂടെ സഭയ്ക്ക് അംഗീകാരം ലഭിച്ചു. വിശുദ്ധഗണത്തിലെത്തുന്ന ആദ്യ ഭാരതീയ വനിത കൂടിയായിരുന്നു അല്‍ഫോന്‍സാമ്മ. തുടര്‍ന്ന് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ ഗണത്തിലെത്തി. 2016 സെപ്റ്റംബര്‍ അഞ്ചിന് മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തില്‍ വാഴ്ത്തപ്പെട്ടവരും ധന്യരും ദൈവദാസന്മാരും ദാസികളൊക്കെയായി കേരളത്തില്‍ നിന്നുതന്നെ പതിനഞ്ചോളം പേരുണ്ട്. ജീവിതകാലത്തെ പുണ്യപ്രവൃത്തികളിലൂടെ മഹത്വവത്കരിക്കപ്പെട്ട ഇവരുടെ നാമകരണ നടപടിക്രമങ്ങള്‍ നടന്നുവരുന്നു. 2006ല്‍ വാഴ്ത്തപ്പെട്ട പദവി നല്‍കിയ പാലാ രൂപതയിലെ രാമപുരത്തെ തേവര്‍പറമ്പില്‍ കുഞ്ഞച്ചനായ ഫാ. അഗസ്റ്റിനാണ് കേരളത്തിലെ അടുത്ത വിശുദ്ധപദവിക്ക് സാധ്യതയുള്ളത്. രോഗശാന്തി അത്ഭുതം സ്ഥിരീകരിക്കാനുള്ള നടപടിയാണ് ഇതിന് പൂര്‍ത്തീകരിക്കേണ്ടത്. 

ധന്യപദവി ലഭിച്ചിട്ടുള്ള രണ്ടു പേരുണ്ട്. ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളേജ് സ്ഥാപകനായ മാര്‍ തോമസ് കുര്യാളശ്ശേരിയും ഫാ. മാത്യു കദളിക്കാട്ടിലും. പിന്നെയുള്ള 13 പേരെ ദൈവദാസീ ദാസന്മാരായാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇവരില്‍ ഇന്‍ഡോറില്‍ സ്വകാര്യ ബസ്സിനുള്ളില്‍ വാടകക്കൊലയാളിയുടെ കുത്തേറ്റ് മരിച്ച കഌര സഭാംഗമായ സിസ്റ്റര്‍ റാണി മരിയയുടേതു മാത്രമാണ് സ്വാഭാവിക മരണമല്ലാത്തത്. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായിരുന്നു സിസ്റ്റര്‍. മാര്‍ മാത്യു കാവക്കാട്ട്, സി.എസ്.സി സഭയുടെ സ്ഥാപകനായ ഫാ. ജോണ്‍ ഊക്കന്‍, മലങ്കരസഭയുടെ സ്ഥാപകനായ മാര്‍ ഇവാനിയോസ്, ഫാ. ജോസഫ് വിതയത്തില്‍, ഫാ. തോമസ് പൂത്താട്ടില്‍, മാര്‍ മാത്യു മാക്കില്‍, ഫാ. വര്‍ഗ്ഗീസ് പയ്യപ്പിള്ളി, ഫാ. ജോസഫ് സി പഞ്ഞിക്കാരന്‍, ഉര്‍സുല സഭ സ്ഥാപിച്ച സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍, ഫാ. ആന്റണി തച്ചുപറമ്പില്‍, ബ്രദര്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ എന്നിവരാണ് സെര്‍വന്റ് ഓഫ് ഗോഡ് പദവി ലഭിച്ചവര്‍. ഇവരില്‍ ഫാ. ജോണ്‍ ഊക്കനും ഫാ. ആന്റണി തച്ചുപറമ്പിലും തൃശ്ശൂര്‍ ജില്ലക്കാരാണ്. 

ഇതിനിടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് പ്രതിമാസ മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, ചടങ്ങില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘം വത്തിക്കാനിലെത്തി. എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുക എന്ന ഇന്ത്യയുടെ സന്ദേശം റോമിനെ അറിയിക്കാന്‍ കൂടിയാണ് സന്ദര്‍ശനമെന്ന് ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

കേരളത്തിന്റെ സഹന നിറവായി മറിയം ത്രേസ്യ വിശുദ്ധ ഗണത്തിലേയ്ക്ക് (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക