Image

ശൂന്യക്കല്ലറ(കഥ:ഭാഗം-2: ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 12 October, 2019
ശൂന്യക്കല്ലറ(കഥ:ഭാഗം-2: ബാബു പാറയ്ക്കല്‍)
അടുത്ത ദിവസം വര്‍ക്കിച്ചന്‍ വന്നപ്പോള്‍ അച്ചന്‍ പറഞ്ഞു, 'ഞാന്‍ പള്ളിക്കമ്മറ്റിയില്‍ ഒന്നവതരിപ്പിച്ചുനോക്കട്ടെ. വര്‍ക്കിച്ചന്‍ എത്രയാണു സംഭാവന കൊടുക്കാനുദ്ദേശിക്കുന്നത്?'

'ഇരുപത്തയ്യായിരം മതിയാകുമോ അച്ചോ?'
'ഓ.മതി.ഞാന്‍ അടുത്തയാഴ്ച പറയാം.'
'ശരി. അങ്ങനെയാവട്ടെ.'

അടുത്തയാഴ്ച അച്ചന്‍ കാര്യം കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ആദ്യം കമ്മിറ്റിയിലുള്ളവര്‍ ചിരിച്ചെങ്കിലും പിന്നീട് ചിലര്‍ എതിര്‍ത്തു. ലോകത്തെങ്ങും കേള്‍ക്കാത്ത കാര്യം. ഈ പള്ളിയിലതു വേണ്ടോ? ചര്‍ച്ച പുരോഗമിച്ചെങ്കിലും വര്‍ക്കിച്ചന്റെ സംഭാവനയുടെ മുന്‍പില്‍ കമ്മിറ്റി സമ്മതം മൂളി.

പറഞ്ഞ തുക വര്‍ക്കിച്ചന്‍ അച്ചനെ ഏല്‍പ്പിച്ചു. അടുത്ത ദിവസം തന്നെ കല്ലറയില്‍ ബള്‍ബിട്ടു. അടുത്തു നിന്ന് അതു കത്തിച്ചുകണ്ടപ്പോള്‍ വര്‍ക്കിച്ചനു സന്തോഷം തോന്നി.
ഏതാനും ആഴ്ചകള്‍ക്കുശേഷം ഒരു ദിവസം അച്ചനുമായി വര്‍ക്കിച്ചന്‍ പള്ളിമുറ്റത്തു സംസാരിച്ചിരുന്നപ്പോള്‍ അച്ചന്‍ പറഞ്ഞു, 'കഴിഞ്ഞ കുറെ ദിവസങ്ങളായി മഴ തോര്‍ന്നിട്ടില്ല. ഇന്നേതായാലും അല്പം തെളിഞ്ഞു. താഴെ നോക്കിയാല്‍കാണാം പുഴ കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കമുണ്ടാകുമോ, ആവോ?'
'ഇതൊന്നും വലിയ സാരമുള്ള കാര്യമല്ലച്ചോ. ഞാന്‍ എത്ര വെള്ളപ്പൊക്കം കണ്ടിരിക്കുന്നു! എത്രവെള്ളം വന്നാലും എന്റെ പറമ്പിലോട്ടു കയറില്ല.'
്‌വര്‍ക്കിച്ചന്‍ ഇറങ്ങി നടന്നു.

അല്പം നടന്നതിനുശേഷം അയാള്‍ തിരിച്ചു വന്ന് അച്ചനോടു പറഞ്ഞു, 'അച്ചാ എനിക്കൊരാഗ്രഹമുണ്ട്. എന്നെ അടക്കുമ്പോള്‍ കല്ലറയില്‍ കുറെ പൂ വിതറണം. അതിന്റെയൊക്കെ മണമടിച്ചുകിടക്കാന്‍ തന്നെ ഒരു രസമുണ്ടാകും.'
അച്ചന്‍ ചിരിച്ചുകൊണ്ടു വര്‍ക്കിച്ചനെ നോക്കി.

'വര്‍ക്കിച്ചാ, ആരൊക്കെ ഒടുവില്‍ എവിടെയൊക്കെ കിടക്കുമെന്നാരറിയുന്നു. എല്ലാം തീരുമാനിക്കുന്നതു ദൈവമല്ലേ?'
'അടുത്ത മഴയ്ക്കുമുന്‍പേ വീട്ടിലെത്താന്‍ നോക്കട്ടെ, അച്ചോ.'
വര്‍ക്കിച്ചന്‍ തലകുലുക്കിക്കൊണ്ടു നടന്നകന്നു.
അയാള്‍ വീട്ടിലെത്തിയപ്പോഴേക്കും വേലക്കാര്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു.

എന്താ, ഇന്നു നേരത്തേ പോകുകയാണോ? 
'ഭയങ്കര മഴ വരുന്നു. പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇനിയും വെള്ളം കയറിയ്ക്കല്‍ വീട്ടില്‍ പോകാന്‍ ബുദ്ധിമുട്ടാകും.'
'അങ്ങനെയൊന്നും വെള്ളം കയറില്ല. ഞാന്‍ എത്ര വെള്ളപ്പൊക്കം കണ്ടിരിയ്ക്കുന്നു.!'
വേലക്കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവറാച്ചന്‍ ഗേറ്റ് അടച്ചു പൂട്ടിയിട്ട് വന്ന് വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ചാരികിടന്നു. മഴ പതുക്കെ പെയ്യാന്‍ തുടങ്ങി. മാനത്ത് കാര്‍ മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുകയാണ്. എന്തോ ഒരു പന്തിയില്ലായ്മ. അയാള്‍ എഴുന്നേറ്റു കുളികഴിഞ്ഞുവന്നപ്പോഴേക്കും പറമ്പില്‍ വെള്ളം കയരിതുടങ്ങി കുറെ നേരം അതുനോക്കിയിരുന്നിട്ട് അടുക്കളയില്‍ പോയി ഭക്ഷണം കഴിച്ചിട്ടു തിരിച്ചു വന്നു. വെള്ളം കയറുകയാണ്. ആദ്യമാാണ് തിണ്ണയുടെ പടിവാതിലില്‍ വരെ വെള്ളം എത്തുന്നത്. അതുകൊണ്ട് ഇന്നു രാത്രി പട്ടിയെ അഴിച്ചു വിടണ്ടായെന്നു തീരുമാനിച്ച് അയാള്‍ കിടക്കാന്‍ പോയി.

രാത്രിയില്‍ എപ്പോഴോ മൂത്രശങ്കയുണ്ടായതുകൊണ്ട് ഉണര്‍ന്നു. കട്ടിലില്‍ നിന്നും എഴുന്നേറ്റു കാല്‍ നിലത്തുചവുട്ടിയപ്പോള്‍ തറയില്‍ വെള്ളം! ടോര്‍ച്ചു തെളിച്ചുനോക്കിയപ്പോള്‍ ഏതാണ്ട് മുട്ടറ്റം വെള്ളം! ലൈറ്റിട്ടു നോക്കിയപ്പോള്‍ വീടിനകം നിറയെ ആ ലെവലില്‍ വെള്ളം  കയറിയിരിക്കുന്നു. പട്ടി നിര്‍ത്താതെ കുരച്ചുകൊണ്ടിരിക്കുന്നു. പട്ടിയുടെ കൂടിനകത്തും വെള്ളം കയറിയിരിക്കുന്നു. ഇനിയും വെള്ളം കറുമോ ആവോ. ഏതായാലും ഇവിടെ കിടക്കാന്‍ പറ്റില്ലല്ലോ. അയാള്‍ പടികള്‍ കയറി മുകളിലത്തെ നിലയിലെത്തി ബാല്‍ക്കണിയില്‍ നിന്നു ചുറ്റും നോക്കി. ഒന്നും കാണാന്‍ കഴിയുന്നില്ല. കനത്ത ഇരുട്ടില്‍കൂടി അയാള്‍ ടോര്‍ച്ചടിച്ചു നോക്കി. വെള്ളം എല്ലായിടത്തും നിറഞ്ഞൊഴുകുകയാണ്. പട്ടിയെ ഇനി അഴിച്ചുവിടാനും കഴിയില്ല. സാരമില്ല, ഇനി വെള്ളം ഇറങ്ങുമായിരിക്കും. മനോഗതം ചെയ്ത് അയാള്‍ കിടന്നു. നേരം വെളുത്ത് എഴുന്നേറ്റ് ബാല്‍ക്കണിയില്‍ വന്നുനിന്നു. ചുറ്റും നോക്കിയ വര്‍ക്കിച്ചന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വീടിന്റെ ഒന്നാം നില പൂര്‍ണ്ണമായി മുങ്ങിയിരിക്കുന്നു. വെളിയില്‍ പട്ടിയുടെ കൂടു കാണാനേയില്ല. അതിലെത്രയോ മുകളില്‍ വെള്ളം എത്തിയിരിക്കുന്നു! ആ പാവം ജന്തുവിനെ രക്ഷിക്കാനായില്ലല്ലോ. അയാള്‍ ഓര്‍ത്തു. അയാള്‍ക്കു വിശ്വസിക്കാനായില്ല. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും വെള്ളത്തിന്റെ ലെവല്‍ വീണ്ടും ഉയര്‍ന്നു. മുകളിലത്തെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് കൈ താഴേക്കു നീട്ടിയാല്‍ വെള്ളത്തില്‍ തൊടാമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇവിടെ നിന്നും എങ്ങനെ രക്ഷപ്പെടും? വളരെ ഗുരുതരമായ നിലയിലേക്കു കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നയാള്‍ക്കു ബോധ്യമായി.

അടുത്ത ദിവസം ഉച്ചകഴിഞ്ഞിട്ടും വെള്ളത്തിന്റെ ലെവലിനു കുറവൊന്നുമില്ല. അടുക്കളയില്‍ നിന്നും തലേന്ന് എടുത്തുകൊണ്ടു വച്ച ആഹാരസാധനങ്ങളൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി ഇവിടെ നിന്നും രക്ഷപ്പെട്ടേ മതിയാവൂ. രാവിലെ മുതല്‍ ഉച്ചത്തില്‍ വിളിച്ചുകൂവിയിട്ടും ചുറ്റും ആരുമില്ല. അയല്‍പക്കത്തെ വീടുകളിലെ ആളുകളൊക്കെ രക്ഷപ്പെട്ടു കാണുമോ, ആവോ.'വീട്ടില്‍ ലൈറ്റും ഫോണും ഇന്നലെ ഉച്ച മുതലെ ഇല്ല. ആരെയും വിളിക്കാനോ സഹായമഭ്യര്‍ത്ഥിക്കാനോ പറ്റില്ല. തന്റെ അവസാനം അടുത്തിരിക്കുന്നതായി അയാള്‍ക്കു തോന്നി. ഏതാണ്ടു നാലുമണി കഴിഞ്ഞപ്പോള്‍ അടുത്തുകൂടി ഒരുബോട്ടു പോകുന്നതു ശ്രദ്ധയില്‍ പെട്ടു. ഉടനെ അയാള്‍ ഉച്ചത്തില്‍ വിളിച്ചുകൂവി. ബോട്ടിലുണ്ടായിരുന്നവര്‍ കയ്യുയര്‍ത്തി കാണിച്ചു. 'പോയിട്ട് വരാം.' അവര്‍ പറഞ്ഞു. ഉദ്ദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ബോട്ടില്‍ രണ്ടുപേര്‍ തന്റെ വീടു ലക്ഷ്യമാക്കി അടുക്കുന്നതു കണ്ടപ്പോള്‍ വര്‍ക്കിച്ചന്റെ മുഖത്ത് ആശയുടെ കിരണങ്ങള്‍ മിന്നി. അതിവേഗം വന്ന ബോട്ട് വീട്ടുമുറ്റത്തേക്ക് കയറാറായപ്പോള്‍ എന്തിലോ ഇടിച്ച് വട്ടം തിരിഞ്ഞു.

'ഈ വെള്ളത്തിനടിയില്‍ വലിയ മതിലുണ്ടോ?' ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ചോദിച്ചു.

 'ഉണ്ട്. വലിയ മതിലും ഗേറ്റുമുണ്ട്.'
'അതിലിടിച്ചതാണ്. ബോട്ടിന്റെ എന്‍ജിന്‍ പോയി.'
വര്‍ക്കിച്ചന്‍ ഒന്നും മിണ്ടിയില്ല.
'ഞങ്ങള്‍ ഈ ബോട്ട് അടുത്തുള്ള ഏതെങ്കിലും മരത്തില്‍ കെട്ടിയിട്ട് അങ്ങോട്ടുവരാം. അവിടെത്തന്നെ നില്‍ക്കും.'

'എനിക്കു നീന്താനറിയാം. ഞാന്‍ അങ്ങോട്ടു വരാം.'
'വേണ്ട. ഭയങ്കര അടിയൊഴുക്കാണ്.'

സാരമില്ല. രണ്ടാം നിലയില്‍ നിന്നും ടെറസ്സിലേക്കു കയറുന്ന പടികളില്‍ കൂടി വര്‍ക്കിച്ചന്‍ താഴേക്കിറങ്ങി.

കഴുത്തറ്റത്തോളം വെള്ളത്തിലിറങ്ങിയ വര്‍ക്കിച്ചനെ കണ്ട് മത്സ്യത്തൊഴിലാളികള്‍ ഉറക്കെവിളിച്ചു പറഞ്ഞു,' ഇറങ്ങല്ലേ. ഭയങ്കര അടിയൊഴുക്കാണ്. തിരിച്ചു കയറിപോകൂ.'
അപ്പോഴേക്കും വര്‍ക്കിച്ചന്‍ വെള്ളത്തിലേക്കു ചാടി ബോട്ടിനെ ലക്ഷ്യമാക്കി നീന്തി.
'അരുത്, അരുത്!' മത്സ്യത്തൊഴിലാളി വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴേക്കും വര്‍ക്കിച്ചന്‍ അടിയൊഴുക്കില്‍പ്പെട്ടു കഴിഞ്ഞിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കു നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
വികാരിയച്ചന്‍ ആകാശത്തേക്കു നോക്കി. പടിഞ്ഞാറുനിന്നും കാര്‍മേഘങ്ങള്‍ കുന്നിന്‍ മുകളിലേക്കു പാഞ്ഞടക്കുന്നു. അച്ചന്‍ ഓര്‍ത്തു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം താണ്ഡവമാടിയിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഈ വര്‍ഷവും വയനാട്ടിലും മറ്റും അധിക നാശം വിതച്ചാണ് മഴക്കാലം കടന്നുപോകുന്നത്.

അച്ചന്‍ കല്ലറയിലേക്കു നോക്കി കുത്തൊഴുക്കില്‍ എങ്ങോട്ടോ ഒലിച്ചു പോയിട്ട് ഇന്നും കണ്ടികിട്ടിയിട്ടില്ലാത്ത ഉടമസ്ഥനെ പ്രതീക്ഷിച്ച് കല്ലറ ഇന്നും കാത്തിരിക്കുന്നു, ആണ്ടുതോറും ചരമവാര്‍ഷിക പ്രാര്‍ത്ഥന നടത്തുവാന്‍.

(അവസാനിച്ചു)

ശൂന്യക്കല്ലറ(കഥ:ഭാഗം-2: ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2019-10-13 09:20:15
ജീവിച്ചിരിക്കുമ്പോൾ മരണശേഷം ലഭ്യമാകുന്ന 
സ്വർഗീയ സുഖങ്ങൾ തേടുന്ന ( ആദ്യം ശവക്കല്ലറ 
പണിയുക, അതിൽ ലൈറ്റ് ഇടുക, പിന്നെ പൂക്കൾ 
വിതറുക) മനുഷ്യർ അവരുടെ ജീവിതത്തിന്റെ 
ക്ഷണികത അറിയുന്നില്ലെന്ന് കഥാകൃത്ത് ചൂണ്ടിക്കാണിക്കുന്നു.  എല്ലാം ദൈവത്തിന് 
സമർപ്പിച്ചാൽ പിന്നെ ആപത്തില്ലെന്നു 
വിശ്വാസവും ശരിയല്ലെന്ന് കഥ തെളിയിക്കുന്നു.
മനുഷ്യർ ചില ധാരണകൾ വച്ച്പുലർത്തി 
വെറുതെ അഹങ്കരിക്കുന്നതും ബുദ്ധി ശൂ ന്യതയാണെന്നു 
കഥയിൽ സൂചനയുണ്ട്. ഞാൻ എത്ര വെള്ളപ്പൊക്കം 
കണ്ടതാ. തന്റെ  നീന്തൽ വൈദഗ്ദ്ധത്തിൽ   മാത്രം വിശ്വസിച്ച് 
വെള്ളത്തിലേക്ക് എടുത്ത ചാടി അപ്രത്യക്ഷനാകുന്ന 
മനുഷ്യൻ അയാൾ പണിത കല്ലറ ഉപയോഗിക്കുന്നില്ല.
വളരെ ഗഹനമായ പാഠങ്ങൾ ഈ കഥയിൽ കണ്ടെത്താം.
അമേരിക്കൻ മലയാളികൾക്ക് ( അവർ വായിക്കുന്നില്ലെങ്കിലും)
നല്ല കഥകൾ സമ്മാനിക്കുന്ന ശ്രീ ബാബു പാറക്കലിന് 
അഭിനന്ദനങൾ.
JOHN 2019-10-13 11:55:56
ഈ വെള്ളപ്പൊക്ക കഥ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഒട്ടുമിക്കവരും പള്ളീലച്ചൻമാരും അവരുടേതായ മസ്സാല ചേർത്ത് ഞായറാഴ്ചകളിൽ പള്ളികളിലും കിട്ടുന്ന വേദികളിലും വിളമ്പി മടുത്ത വിഷയം ആണ്. കവി ഉദ്ദേശ്ശിക്കുന്നതു ? എല്ലാം ദൈവം ആണ് തീരുമാനിക്കുന്നത് എന്നല്ലേ
amerikkan mollakka 2019-10-13 12:00:29
ഞമ്മള് കഥ മനസ്സിലാക്കിക്കൊണ്ട് ബായിച്ചു.
ബർക്കിച്ചനെ പോലുള്ള പഹയന്മാർ 
ഉണ്ടെന്നേ...ബെള്ളപ്പൊക്കം ബരുന്നത്  ഈ 
ഹലാക്കുകൾ കാരണമായിരിക്കാം. പണത്തിന്റെ 
തണ്ടും മുഷ്‌കും ഉള്ള മനുജന്മാരുടെ ഗതി   
അധോഗതി. പടച്ചോൻ പള്ളിയിലുണ്ടെന്ന 
ബിശ്വാസത്തിലായിരിക്കും ഓൻ  തന്റെ 
ഖബർ തയ്യാറാക്കിയത്.  നാട്ടിലെ 
ബെള്ളപൊക്കത്തെ കഥാനായകനാക്കി 
ഒരു നല്ല കഥ മെനഞ്ഞ ജനാബ് പാറക്കൽ 
സാഹിബിനു മുബാറക്. അപ്പൊ അസ്സലാമു 
അലൈക്കും. 
George V 2019-10-13 13:49:59
ദൈവത്തിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ എന്നാലോചിച്ചപ്പോൾ പെട്ടെന്ന് തോന്നിയ ചില കാര്യങ്ങൾ (കൂടുതൽ ആലോചിച്ചാൽ തീർച്ചയായും ഇതിലും കൂടുതൽ കാണും): ► ഇത്രയും വലിയ ഒരു പ്രപഞ്ചം ഉണ്ടാക്കിയിട്ടിട്ട്, അതിനകത്ത് കടുകുമണിയുടെ പോലും വലിപ്പമില്ലാത്ത ഒരു ഗോളത്തിൽ ലക്ഷക്കണക്കിന് ജീവികളെ സൃഷ്ടിച്ചുവിട്ടിട്ട്, അതിൽ ഒരു ജീവിവർഗം മാത്രം ചെയ്യുന്നതും പറയുന്നതും നോക്കി പ്രതിഫലോം ശിക്ഷേം വിതരണം ചെയ്തോണ്ടിരിക്കില്ലായിരുന്നു. ► ഞാൻ തന്നെ ഉണ്ടാക്കിവിട്ട കുറേ മനുഷ്യജീവികൾ ദൈവമായ ഞാനിങ്ങനെയാണ് അങ്ങനെയാണ് എന്നുംപറഞ്ഞ് നൂറ്റിക്കണക്കിന് വ്യാഖ്യാനം ഉണ്ടാക്കി നൂറ്റിക്കണക്കിന് മതങ്ങൾ ഉണ്ടാക്കാൻ സമ്മതിക്കില്ലായിരുന്നു. ദൈവമായ ഞാൻ ഒന്നെങ്കിൽ, എന്നെ പൂജിക്കാൻ ഒരു മതം ആവശ്യമാണെങ്കിൽ, അതിന് ഒരൊറ്റ മതം മാത്രം മതിയെന്ന് തീരുമാനിക്കാനും അതങ്ങനെ തന്നെ സംഭവിക്കുമെന്ന് ഉറപ്പിക്കാനും എനിയ്ക്ക് കഴിയുമായിരുന്നു. ► എല്ലാവരേയും സൃഷ്ടിക്കാൻ എനിയ്ക്ക് കഴിഞ്ഞെങ്കിൽ, അവരെയെല്ലാം എന്റെ വിശ്വാസികളാക്കി തന്നെ സൃഷ്ടിക്കാനും എനിയ്ക്ക് കഴിഞ്ഞേനെ. ► ഞാനുണ്ടാക്കിവിട്ട ജീവികളിൽ കുറേ പേർ എനിക്കെതിരേ തിരിയുകയും ഞാനില്ല എന്ന് പറയുകയും ചെയ്യുന്ന സാഹചര്യം വന്നാൽ എന്നെ വിശ്വസിക്കുന്ന മറുസംഘത്തിനെ പണിയേൽപ്പിക്കുന്നതിന് പകരം ഞാൻ തന്നെ ചെന്ന് ആ തെറ്റിദ്ധാരണ തിരുത്തിയേനെ. പക്ഷേ അങ്ങനെ വന്നാൽ, ഞാൻ സ്വയം ഉണ്ടാക്കിയ ജീവികൾക്ക് തന്നെ എന്നിൽ വിശ്വാസമില്ലാതായല്ലോ എന്നതിൽ ഞാൻ ലജ്ജിച്ചേനെ. ► ഞാൻ തീരുമാനിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യാനും, മോശം കാര്യങ്ങൾ ചെയ്യാതിരിക്കാനുമുള്ള നിർദ്ദേശം ഞാൻ തന്നെ സൃഷ്ടിച്ച ജീവികൾക്കായി പുസ്തകത്തിൽ എഴുതി ഇറക്കുന്നതിന് പകരം, അവരെ സൃഷ്ടിക്കുമ്പോൾ തന്നെ അവരെ നല്ലതുമാത്രം ചെയ്യുന്നവരാക്കി ഡിസൈൻ ചെയ്തേനെ. ► എന്റെ സൃഷ്ടികളെല്ലാം എന്നെ പൂജിക്കണമെന്നും പുകഴ്ത്തണമെന്നും ആവശ്യപ്പെടുന്ന അല്പത്തരം കാണിക്കില്ലായിരുന്നു. അഥവാ ഞാനങ്ങനെയൊരു അല്പനാണെങ്കിൽ, അവരത് കൃത്യമായി ചെയ്യുന്ന രീതിയിൽ തന്നെ ഞാനവരെ ഡിസൈൻ ചെയ്തേനെ. (അത് പറ്റിയില്ലെങ്കിൽ പിന്നെ ഞാനിങ്ങനെ സ്രഷ്ടാവെന്നും പറഞ്ഞ് നടക്കുന്നതെന്തിനെഡെയ്!) ► ഇനി അഥവാ ഒരു തമാശയ്ക്ക് പുസ്തകം എഴുതി ഇറക്കിയാൽ തന്നെ, അത് എല്ലാവർക്കും ഒരേ പോലെ മനസിലാകുന്ന ഭാഷയിൽ നേരെ ചൊവ്വേ അങ്ങോട്ട് എഴുതിയേനെ. പുസ്തകവും ഭാഷയും അത് വായിക്കുന്നവരും എന്റെ തന്നെ സൃഷ്ടികളാണെങ്കിൽ, അതിൽ ഓരോരുത്തരും ഓരോന്നാണ് വായിച്ചെടുക്കുന്നത് എന്ന കാര്യം എനിക്ക് നാണക്കേടായി തോന്നിയേനെ. ► ഇനി അഥവാ എന്റെ പുസ്തകം തെറ്റായി വായിച്ചിട്ട് എന്റെ തന്നെ സൃഷ്ടികളിൽ കുറേ പേർ മറ്റ് സൃഷ്ടികളെ കൊല്ലാനിറങ്ങിയാൽ നോക്കിയിരുന്ന് ഇളിക്കുന്നതിന് പകരം ആ നിമിഷം അവിടെ ഇടപെട്ട്, “നിർത്തെടാ മലരേ, ഞാൻ ഇതല്ല അവിടെ എഴുതിയേക്കുന്നത്” എന്ന് വ്യക്തമായി പറഞ്ഞേനെ. ►ജീവികളെ സൃഷ്ടിക്കുമ്പോൾ, ഒരിടത്ത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറുന്നവരേയും മറ്റൊരിടത്ത് തിന്നാൻ കിട്ടാതെ എല്ല് മാത്രം ആയവരേയും ഉണ്ടാക്കി വിടില്ലായിരുന്നു. ►ഞാൻ തന്നെ ഉണ്ടാക്കിവിട്ട ജീവികളെ ‘പരീക്ഷിക്കേണ്ട’ ആവശ്യം എനിക്കുണ്ടാകുമായിരുന്നില്ല. പരീക്ഷിച്ച് നോക്കിയാലേ അവരെക്കുറിച്ച് എന്തെങ്കിലും എനിക്ക് മനസിലാകൂ എങ്കിൽ പിന്നെ സർവജ്ഞനെന്നും പറഞ്ഞ് ഞെളിഞ്ഞിരിക്കാൻ എനിക്ക് ഉളുപ്പ് തോന്നിയേനെ. പിന്നെ, ►ഞാനായിരുന്നു ദൈവമെങ്കിൽ എന്നെ ഇങ്ങനെ ദൈവദോഷം പറയുന്ന പോസ്റ്റിടാൻ സമ്മതിക്കത്തുമില്ലായിരുന്നു! _വൈശാഖൻ തമ്പി_
Vayanakkaran 2019-10-13 14:28:05
ശൂന്യക്കല്ലറ എന്ന ഈ കഥയിലെ കല്ലറ വളരെ പ്രതീകാല്മം ആയിട്ട് വരച്ചുകാണിക്കുന്ന ഒരു സത്യമാണ്. ഇവിടെ കല്ലറയാണ് കാണുന്നതെങ്കിലും..... നാട്ടിൽ കോടികൾ മുടക്കി വീട് പണിതിട്ടിട്ടു അമേരിക്കയിലും ഗൾഫിലും പോയി താമസിക്കും. ആരും താമസിക്കാതെ ആ വീടുകൾ ആണ്ടിലൊരിക്കൽ ഒരാഴ്ചത്തേക്ക് വരുന്ന ഉടമസ്ഥനെ കാത്തിരിക്കുന്നു. കേരളത്തിന്റെ പച്ചയായ മുഖമാണ് കഥാകൃത്തു വരച്ചു കാണിച്ചിരിക്കുന്നത്. പ്രളയം ഇവിടെ അതിനുവേണ്ടി തെരഞ്ഞെടുത്തു എന്ന് മാത്രം. പള്ളിയിൽ സംഭാവനക്കു വേണ്ടി അച്ചൻ പറയുന്ന പ്രളയം അല്ല ഇവിടത്തെ വിഷയം.
Rani George 2019-10-13 14:50:51
മനുഷ്യൻ സ്വയം പടുത്തുയർത്തുന്ന പൊങ്ങച്ചത്തിന്റെ മതിലുകൾ തന്നെയാണ് അവനു പാരയായി തീരുന്നതെന്ന സത്യം ചിന്തനീയമാണ്. അതുപോലെ അയൽക്കാരനോട് മിണ്ടാത്തവൻ പള്ളിയിൽ കൊണ്ട് എത്ര സംഭാവന കാഴ്ചവച്ചാലും അർഥമില്ലെന്ന സത്യവും കഥയിൽ നാം കാണുന്നു. ശൂന്യക്കല്ലറക്ക് അഭിനന്ദനങ്ങൾ!
Babu Parackel 2019-10-14 10:25:02
Thanks to all for those valued opinions.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക