Image

സിസ്റ്റര്‍ ലൂസി കളപ്പുര സഫീറയോ നവോത്ഥാന നായികയോ? (ചാക്കോ കളരിക്കല്‍)

Published on 11 October, 2019
സിസ്റ്റര്‍ ലൂസി കളപ്പുര സഫീറയോ നവോത്ഥാന നായികയോ? (ചാക്കോ കളരിക്കല്‍)
വിവിധ സന്ന്യാസിനീ മഠങ്ങളിലെ കന്ന്യാസ്ത്രികള്‍ മാനന്തവാടി ദ്വാരകയില്‍ കൂടിയ'സമര്‍പിത സമ്മേളന'ത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര ആധുനിക ലോകത്തെ/കാലത്തെ സഫീറയാണെന്ന് സിസ്റ്ററിന്‍റെ പേരുപറയാതെ പറഞ്ഞുവെച്ചത് നാമെല്ലാവരും കേട്ടതാണ്. അനനിയാസ്‌സഫീറ ദമ്പതികളുടെ പറമ്പ് വിറ്റുവരവ് മുഴുവന്‍ ദൈവത്തിനുവേണ്ടിപത്രോസിന്‍റെ മുമ്പില്‍  സമര്‍പ്പിക്കാതിരുന്ന സഫീറയെപ്പോലെ സിസ്റ്റര്‍ ലൂസി പരിപൂര്‍ണമായി തന്‍റെ ജീവിതം ദൈവത്തിന് സമര്‍പ്പിച്ചിട്ടില്ലെന്നും അത് മാധ്യമങ്ങള്‍ക്കോ പൊതുജനത്തിനോ മനസ്സിലാക്കാന്‍ സാധിക്കുകയില്ലെന്നും ആ പ്രതിഭാസത്തിന്‍റെ പേര് "സഫീറസിന്‍ഡ്രം" എന്നാണെന്നും വ്യാഖ്യാനിക്കുന്നത് നാം കേട്ടതാണ്. സഭയെ ഒന്നടങ്കം അപമാനിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന സഫീറയാണെത്രെ, സിസ്റ്റര്‍ ലൂസി കളപ്പുര!സമകാലിക സഭാരാഷ്രീയചുറ്റുപാടില്‍ സിസ്റ്റര്‍ ലൂസി സഫീറയാണോ അതോ കേരളത്തിലെ സന്ന്യാസിനീസമൂഹത്തിന്‍റെ നവോത്ഥാനനായികയാണോ എന്നവിഷയം വിശകലനം ചെയ്യപ്പെടേണ്ടതാണ്.കാരണം, സിസ്റ്റര്‍ ലൂസിയുടെ സമരം ചരിത്രപ്രാധാന്യമുള്ള ഒരു സമരമാണ്; നാടിന്‍റെ ചരിത്രം മാറ്റിമറിക്കുന്നഒന്നാണ്.

ഫ്രാങ്കോ മെത്രാന്‍റെ ലൈംഗീകാതിക്രമങ്ങള്‍ക്ക് നീതി ലഭിക്കാതെ അളമുട്ടിയപ്പോള്‍  കുറവിലങ്ങാട്ടെ കന്ന്യാസ്ത്രികള്‍  വഞ്ചിസ്ക്വയറില്‍ സമരം നടത്തി. സഹസഹോദരികളുടെ ആ  സമരത്തിന്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവിടെ പോയി പ്രസംഗിച്ചതു മുതലാണ്, മുന്‍കാലങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, എഇഇ സഭാനേതൃത്വംപുത്തന്‍ നടപടികളില്‍കൂടി സിസ്റ്റര്‍ ലൂസിയെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്.  അടുത്ത കാലത്ത് എഇഇ സഭയില്‍നിന്നും സിസ്റ്ററെ പുറത്താക്കിയ കത്തും സിസ്റ്റര്‍ക്ക് നല്കുകയുണ്ടായി. ഒരു ഹൈസ്കൂള്‍ അധ്യാപികയും നാല്പതു വര്‍ഷത്തോളം എഇഇ സന്ന്യാസ സമൂഹാംഗവും ആയിരുന്ന ലൂസി സിസ്റ്റര്‍ ചെയ്ത തെറ്റുകള്‍ 'സ്‌നേഹമഴയില്‍’ എന്ന കവിതാസമാഹാരംഎഴുതി അച്ചടിപ്പിച്ചു,'ദേവാലയം' എന്ന ഭക്തഗാനങ്ങള്‍സീഡിയാക്കി,കാര്‍ ഓടിക്കാന്‍ പഠിച്ച് ലൈസന്‍സ് എടുത്തു, ഒരു ആള്‍ട്ടോ കാറുവാങ്ങി, െ്രെകസ്തവേതര മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു, വഞ്ചിസ്ക്വയറില്‍ പോയി കന്ന്യാസ്ത്രികളുടെ സമരത്തില്‍ പങ്കെടുത്തു,കന്ന്യാസ്ത്രിഫ്രാങ്കോ സമരത്തോടനുബന്ധിച്ചുള്ള ടിവിചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു,അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളില്‍ എഴുതി,ചൂരിദാര്‍ ധരിച്ചു എന്നുതുടങ്ങിയവകളാണ്.

പ്രാധമിക പരിശോധനയില്‍ കഴമ്പില്ലാത്തെ ആരോപണങ്ങള്‍. അതിന് എഇഇയില്‍നിന്ന് പുറംതള്ളുന്ന അവസാനത്തെ ശിക്ഷാനടപടി ആവശ്യമോ? ബലാല്‍സംഗമല്ല, ഉഭയസമ്മതപ്രകാരംഒരു കന്ന്യാസ്ത്രിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുഎന്ന സംശയത്തിന്‍റെ ആനുകൂല്യത്തോടെ ചിന്തിച്ചാലും, ഒരു മെത്രാനായ  ഫ്രാങ്കോ ചെയ്ത ലൈംഗിക പാപം അതി കഠിനമാണ്. ഫ്രാങ്കോ ഇന്നും മെത്രാനും പുരോഹിതനുമാണ്. ഹൈമനോപ്ലാസ്റ്റി ചെയ്യേണ്ടിവന്ന സ്‌റ്റെഫി ഇന്നും നല്ല നിലയിലുള്ള കന്ന്യാസ്ത്രിയാണ്. റോബിന്‍ വടക്കുംഞ്ചേരിയുടെ ദിവ്യഗര്‍ഭകേസ് തേച്ചുമായിച്ചു കളയാന്‍ കൂട്ടുനിന്ന കന്ന്യാസ്ത്രികളുംഇന്നും സഭയിലെ നല്ല കന്ന്യാസ്ത്രികളാണ്.അഭയാകേസില്‍ മൊഴിമാറ്റിപ്പറഞ്ഞ കന്ന്യാസ്ത്രികളും സഭയ്ക്ക് വേണ്ടപ്പെട്ടവരാണ്. അപ്പോള്‍ ലൂസി സിസ്റ്ററെ എഇഇ സഭയില്‍നിന്നും പുറത്താക്കാന്‍ എടുത്ത തീരുമാനം അനീതിയാണെന്നുപറയാതിരിക്കാന്‍ വയ്യ.

സഭയില്‍ഇന്ന്‌സ്ത്രീപുരുഷ വിവേചനം ഭീകരാവസ്ഥയിലാണ്.വേട്ടക്കാരന്‍റെ കൂടെയാണ്‌സഭഎന്നും.ലൂസിയെപ്പോലുള്ള കന്ന്യാസ്ത്രികളെ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്ന മുറയാണ് മഠങ്ങളില്‍ഇപ്പോള്‍നടന്നുകൊണ്ടിരിക്കുന്നത്.അനീതിക്കെതിരെ മിണ്ടാതിരുന്നോണം. അതല്ലായെങ്കില്‍ അനുസരണവൃതം തെറ്റിച്ചു എന്ന കാരണംചുമത്തി പുനരധിവാസം പോലുമില്ലാതെ പെരുവഴിയിലേയ്ക്ക് ഇറക്കിവിടും (ആലുവയില്‍ നടന്ന സംഭവംഓര്‍മിക്കുക).600 വര്‍ഷങ്ങള്‍ക്കു മുന്‍പ് റോമാസഭ അഴിമതിയില്‍മുങ്ങിക്കിടന്നപ്പോള്‍ സഹികെട്ട് വിയെന്നായിലെ വി. കാതറിന്‍ അന്നത്തെ മാര്‍പാപ്പ ഗ്രിഗരി പതിനൊന്നാമന് എഴുതിയതിപ്രകാരമാണ്: "റോമന്‍ കാര്യാലയത്തിന്‍റെ പാപത്തന്‍റെ ദുര്‍ഗന്ധം മൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗത്തിന് ദീനമുണ്ടാകുകയും ചെയ്യുന്നു." സീറോമലബാര്‍ സഭാധികാരം ചീഞ്ഞഴിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണിന്ന്!

ലൂസി സിസ്റ്ററിന്‍റെ സഹനസമരം ഒറ്റപ്പെട്ട സംഭവമായി നാം കാണരുത്. അതൊരു ഐതിഹാസിക സമരമാണ്. കാലത്തിനുമുമ്പേ സംഭവിക്കുന്ന കോളിളക്കമാണത്. സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഒരു വിളിയാണത്. കാലോചിതമായ സഭാപരിഷ്കരണത്തിനും മാറ്റത്തിനുംവേണ്ടിയുള്ള ഒരു യഥാര്‍ത്ഥ വിപ്ലവമാണത്. കന്ന്യാസ്ത്രി മഠങ്ങളുടെ ഗുണപരമായ പരിണാമത്തിനുള്ള മുറവിളിയാണത്. മാധ്യമശ്രദ്ധ പണ്ടേ അത് പിടിച്ചുപറ്റി. ഈ സമരം ചരിത്രം മാറ്റിമറിക്കും. ബുദ്ധിജീവികള്‍ക്ക് കാര്യത്തിന്‍റെ ഗൗരവം മനസ്സിലായിത്തുടങ്ങി. എന്നാല്‍ സാധാരണക്കാരുടെ അറിവില്ലായ്മയും അജ്ഞതയുമാണ് അവരെ സംശയക്കുരുക്കില്‍ തളച്ചിടുന്നത്. ജനങ്ങള്‍ അറിവുള്ളവരായാല്‍ സഭ നവീകരിക്കപ്പെടും. മലീമസമായ മതമാഫിയായെ എതിര്‍ക്കാനുള്ള പഠിപ്പും ആര്‍ജവവും നാം സംഭരിച്ചേ തീരൂ.

പീഡനം ഏറ്റുവാങ്ങി ഒറ്റപ്പെട്ട് മുന്‍പോട്ടുപോകുന്ന ലൂസി സിസ്റ്റര്‍ ചെയ്യുന്ന ഈ വലിയ ത്യാഗത്തിന്‍റെ ആശയഗൗരവം നാം തിരിച്ചറിയണം. യഹൂദ പുരോഹിതരാല്‍ പരിഹാസ്യനാക്കപ്പെട്ട യേശുവിനെപ്പോലെ ആധുനിക പുരോഹിതരാല്‍ സഫീറസിന്‍ഡ്രം ബാധിച്ചവളെന്ന പരിഹാസം ഏറ്റുവാങ്ങിയ ലൂസി സിസ്റ്റര്‍ നയിക്കുന്ന ഈ പ്രത്യക്ഷസമരം ആധുനിക നവോത്ഥാനത്തിന്‍റെ തറക്കല്ലാകുമെന്നതിന് സംശയം വേണ്ട. അതുകൊണ്ട് സിസ്റ്റര്‍ ലൂസിയും മറ്റ് കന്ന്യാസ്ത്രികളും നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന്‍റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഈ പോരാട്ടത്തില്‍ അവരോടൊപ്പം നിന്ന് വിജയിപ്പിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ കടമയാണ്. അത്  സഭയില്‍ വിപ്ലവകരമായചലനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും കാരണമാകും. തീര്‍ച്ച.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക