Image

യുക്മ സൗത്ത് ഈസ്റ്റ് കലാമേള; സമാപന സമ്മേളനത്തില്‍ ഉണ്ണി ശിവപാല്‍ മുഖ്യാതിഥി

Published on 11 October, 2019
യുക്മ സൗത്ത് ഈസ്റ്റ് കലാമേള; സമാപന സമ്മേളനത്തില്‍ ഉണ്ണി ശിവപാല്‍ മുഖ്യാതിഥി
ലണ്ടന്‍: യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേളയ്ക്ക് മാറ്റുകൂട്ടി മലയാള സിനിമാതാരവും ചലച്ചിത്ര നിര്‍മാതാവുമായ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും.

പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ന് (ശനി) തുടക്കം കുറിക്കുമ്പോള്‍ ആദ്യ റീജണല്‍ കലാമേളകള്‍ അരങ്ങേറുന്ന രണ്ട് റീജണുകളിലൊന്നാണ് സൗത്ത് ഈസ്റ്റ്.

ഫോര്‍ ദി പീപ്പില്‍ എന്ന ഹിറ്റ് സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ ഉണ്ണി ശിവപാല്‍ നിരവധി സിനിമകളില്‍ അഭിനേതാവായും അതിലേറെ മലയാള സിനിമ നിര്‍മ്മാണവിതരണ രംഗത്തെ പ്രശസ്തമായ ക്ലാപ്പ് ബോര്‍ഡ് സിനിമാസ്, ഫ്രീഡ് റിലീസ് എന്നീ കമ്പനികളുടെ ഉടമ എന്ന നിലയിലും സജീവമാണ്.

സൗത്ത് ഈസ്റ്റ് റീജണില്‍ കലാമേളയുടെ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ 'കലാമേള 2019' ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍, യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സെലിന്‍ സജീവ്, ടിറ്റോ തോമസ്, മുന്‍ ദേശീയ പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, വിജി കെപി, യുക്മ പി.ആര്‍.ഒ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണല്‍ കലാമേള. മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ മുന്‍ നേതാക്കളും വരുണ്‍ ജോണിന്റെ നേതൃത്വത്തില്‍ റീജണല്‍ ഭാരവാഹികളും റീജിയണല്‍ കലാമേള വന്‍വിജയമാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സൗത്ത് ഈസ്റ്റ് റീജണിലെ എല്ലാ അസോസിയേഷനുകളും തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്‌കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു ശനിയാഴ്ച്ച റെഡിംഗില്‍ അരങ്ങേറുന്‌പോള്‍ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക