Image

പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ സജീവ സാക്ഷികളാകുക:കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ

Published on 11 October, 2019
പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ സജീവ സാക്ഷികളാകുക:കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ
വാത്സിംഗ്ഹാം: പ്രതിസന്ധികളില്‍ തളരാതെ പരിശുദ്ധ കന്യാമറിയത്തെപ്പോലെ വിശ്വാസത്തിന്റെ സജീവ സാക്ഷികളാകുവാന്‍ സഭാ മക്കള്‍ തായാറാകണമെന്ന് മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. വാത്സിംഗ്ഹാം മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.

സ്വര്‍ഗീയ രാജ്ഞിയായി പരിശുദ്ധ കന്യാമറിയം രൂപാന്തരപ്പെട്ടത് ഒരു ദിവസം കൊണ്ടായിരുന്നില്ല. നിരന്തരമായ ദൈവിക പദ്ധതികളോട് ചേര്‍ന്നുനിന്നുകൊണ്ടായിരുന്നു. ജീവിത യാത്രയില്‍ സഹനങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോഴും ദൈവിക പദ്ധതികളോടു പരിശുദ്ധ കന്യാമറിയം ചേര്‍ന്നുനിന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുന്‌പോള്‍ കുരിശില്‍ ചുവട്ടിലെ പരിശുദ്ധ കന്യാമറിയം നമ്മുടെ മാതൃകയും അഭയവുമാണ്. കന്യാമറിയത്തിന്റെ മാതൃക നാമും പിന്തുടരേണ്ടതായിരിക്കുന്നു. അതിലൂടെ ക്രിസ്തുവിന്റെ സജീവ സാക്ഷികളാകാന്‍ അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജണിന്റെ വാത്സിംഗ്ഹാം മരിയന്‍ തീര്‍ഥാടനത്തിനും 89ാമത് പുനരൈക്യ വാര്‍ഷികത്തിനും കര്‍ദിനാള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മംഗളവാര്‍ത്താ ദേവാലയത്തില്‍ നടന്ന പ്രാര്‍ഥന ശുശ്രൂഷകള്‍ക്ക് യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു കന്യാമറിയത്തിന്റെ തിരുസ്വരൂപവും വഹിച്ച് നടന്ന പദയാത്രയില്‍ യുകെയിലെ 16 മിഷന്‍ കേന്ദ്രങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ പങ്കുചേര്‍ന്നു.

വാത്സിംഗ്ഹാം നാഷണല്‍ െ്രെഷനില്‍ എത്തിചേര്‍ന്ന തീര്‍ഥാടന സംഘത്തെയും ക്ലീമിസ് ബാവയേയും വൈസ് ഹെക്ടര്‍ മോണ്‍. ആര്‍മിറ്റേജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്നു കര്‍ദിനാളിന്റെ മുഖ്യകര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍, ചാപ്ലയിന്‍മാരായ രഞ്ചിത്ത് മഠത്തിറന്പില്‍, ഫാ. ജോണ്‍സണ്‍ മനയില്‍. ഫാ. ജോണ്‍ അലക്‌സ് പുത്തന്‍വീട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മതബോധന വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയിരിക്കുന്ന വിശ്വാസ പരിശീലന ഡയറിയുടെ പ്രകാശനം ചടങ്ങില്‍ കര്‍ദിനാള്‍ പ്രകാശനം ചെയ്തു. മലങ്കര കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജിജി ജേക്കബ് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക