Image

സീറോ മലബാര്‍ സഭ അല്മായ ദ്വിദിന ദേശീയ നേതൃസമ്മേളനം കൊച്ചിയില്‍

Published on 09 May, 2012
സീറോ മലബാര്‍ സഭ അല്മായ ദ്വിദിന ദേശീയ നേതൃസമ്മേളനം കൊച്ചിയില്‍
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അല്മായ ദ്വിദിന ദേശീയനേതൃസമ്മേളനം ജൂണ്‍ 2,3 തീയതികളില്‍ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ചേരുന്നതാണ്. സീറോ മലബാര്‍ സഭയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലുള്ള കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ രൂപതകള്‍ക്കു പുറമെ കല്യാണ്‍ (ബോംബെ), ഫരീദാബാദ് (ഡല്‍ഹി) എന്നീ മിഷന്‍ രൂപതകളില്‍ നിന്നും, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദ്രാബാദ് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും, പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
 
രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10ന് ദ്വിദിന അല്മായ സമ്മേളനത്തിന് തുടക്കമാകും. അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റിയന്‍ സമ്മേളന ആമുഖവും പ്രവര്‍ത്തനരേഖയും, നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ് ഐ.എ.എസ്. മുഖ്യപ്രബന്ധവും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.15ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അല്മായ നേതൃസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍, അല്മായ നേതൃത്വവും വെല്ലുവിളികളും, അന്തര്‍ദേശീയ ജോലി, കാര്‍ഷിക കുടിയേറ്റങ്ങള്‍, ജീവന്റെ സംരക്ഷണത്തിനായുള്ള കര്‍മ്മപദ്ധതികള്‍, ആനുകാലിക രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ എന്നിവയാണ് സമ്മേളനത്തിലെ മുഖ്യചര്‍ച്ചാവിഷയങ്ങള്‍. കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യും. അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയിരിക്കുന്ന വിവിധ ഫോറങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ വിലയിരുത്തുന്നതും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമാണ്. മൂന്നാം തീയതി 12.15നു ചേരുന്ന സമാപന സമ്മേളനത്തില്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമാപന സന്ദേശം നല്കുന്നതാണ്.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക