Image

മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ആദരം

Published on 10 October, 2019
മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ആദരം
മിലാന്‍ : ആഫ്രിക്കന്‍ രാജ്യമായ സാംബിയായില്‍ ആതുര സേവന രംഗത്തെ സ്തുത്യര്‍ഹ്യമായ സേവനം നടത്തിവരുന്ന മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ആദരം.

ഈരാറ്റുപേട്ട സ്വദേശിനിയായ സിസ്റ്റര്‍ സംഗീത ചെറുവള്ളില്‍ എസിസിജി (ആന്‍സി മാത്യു) യെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ 'സ്‌റ്റെല്ലാ ദ ഇറ്റാലിയ സ്റ്റാര്‍ ഓഫ് ഇറ്റലി' പദവി നല്‍കി ആദരിച്ചത്. സാംബിയയിലെ ഇറ്റാലിയന്‍ സ്ഥാനപതി ആന്റോണിയോ മാജിയോറെ സിസ്റ്റര്‍ സംഗീതയ്ക്ക് പതക്കവും പ്രശംസാപത്രവും നല്‍കി.

ഈരാറ്റുപേട്ട തിടനാട് വെട്ടിക്കുളം ചെറുവള്ളില്‍ മാത്യു അഗസ്റ്റിന്റെയും (അപ്പച്ചന്‍) അന്നക്കുട്ടിയുടെയും മൂത്ത മകളാണ് സിസ്റ്റര്‍ സംഗീത. ഇറ്റലിയിലെ മിലാന്‍ ആസ്ഥാനമായ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ കൊല്‍ക്കത്ത പ്രൊവിന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ 2001 മുതല്‍ സാംബിയായില്‍ ചിരുണ്ടു മിഷന്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചുവരികയാണ്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി (1968) ചിരുണ്ടു മിഷന്‍ ആശുപത്രി സ്ഥാപിച്ച് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി അതുരസേവന രംഗത്ത് പ്രവര്‍ത്തന നിരതമാണ്. സാന്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് ഇവരുടെ ആതുരസേവനവും ആശുപത്രിയും തീരെ ദരിദ്രരായ ഇവിടുത്തുകാര്‍ക്ക് വലിയ ആശ്വാസമാണ്. ഗതാഗത സൗകര്യങ്ങള്‍ നന്നേ കുറവായ ഈ മേഖലയില്‍ 140 കീലോമീറ്റര്‍ താണ്ടിയാലെ ഒരു ആശുപത്രി അഭയമാക്കാന്‍ സാധിക്കുകയുള്ളു.

1832 ലാണ് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി എന്ന സാന്യാസി സഭ സ്ഥാപിതമായത്. 187 വര്‍ഷം പഴക്കമുള്ള കമ്യൂണിറ്റിയില്‍ ആഗോളതലത്തില്‍ 3822 അംഗങ്ങളുണ്ട്. സിസ്റ്റര്‍ അന്നമരിയാ വിഗാനോ ആണ് സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക