Image

ചന്ദ്രശേഖരന്‍ വധം: കൊലയാളികളെ കണ്ടെത്തിയെന്ന് ഡി.ജി.പി

Published on 09 May, 2012
ചന്ദ്രശേഖരന്‍ വധം: കൊലയാളികളെ കണ്ടെത്തിയെന്ന് ഡി.ജി.പി
കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊന്നത് ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചതായി ഡിജിപി ജേക്കബ് പുന്നൂസ്. അത് ചെയ്യിച്ചതാരൊക്കെയാണെന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കൊലപാതകം നടന്ന ഒഞ്ചിയം മേഖല സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

 രാഷ്ട്രീയ കൊലപാതകമാണോയെന്ന ചോദ്യത്തിന് ആ പദം താന്‍ സാധാരണ ഉപയോഗിക്കാറില്ലെന്നും അതിന് വലിയ അര്‍ഥമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരുടെയോ സ്വകാര്യലാഭത്തിന് വേണ്ടിയുള്ള നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. വ്യക്തിപരമായ മറ്റ് കാര്യങ്ങളില്‍ ചന്ദ്രശേഖരനോട് ആര്‍ക്കും വിരോധമില്ലായിരുന്നു. വിരോധമുള്ളത് ഒരു കാര്യത്തില്‍ മാത്രമാണ്, അത് കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. ഇക്കാര്യം പരസ്യമായി ചര്‍ച്ച ചെയ്യാവുന്ന സ്ഥിതിയായിട്ടില്ലെന്നും ഇത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മവിശ്വാസത്തോടെയാണ് പോലീസ് മുന്നോട്ടുപോകുന്നത്.സത്യസന്ധവും നിഷ്പക്ഷവും ഊര്‍ജസ്വലവും വിശാലവുമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് എവിടെയെല്ലാം അന്വേഷിക്കണമോ അവിടെയെല്ലാം അന്വേഷിക്കുമെന്നും എന്നാല്‍ എവിടെയെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും ഡിജിപി മറുപടി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക