Image

ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്നത് പിണറായിയുടെ അഭിപ്രായമെന്ന് വി.എസ്

Published on 09 May, 2012
ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്നത് പിണറായിയുടെ അഭിപ്രായമെന്ന് വി.എസ്
കോഴിക്കോട്: വടകരയില്‍ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്നത് പിണറായി വിജയന്റെ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും വി.എസ്. അച്യാതാനന്ദന്‍. തനിക്കും ആ അഭിപ്രായമില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. നിഷ്ഠൂരമായി കൊല്ലപ്പെട്ട ഒരാളെ കുലംകുത്തിയെന്ന് വിളിച്ചത് ശരിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നാഭിപ്രായത്തിന്റെ പേരില്‍ മാറിനില്‍ക്കുന്നവര്‍ അവരുടെ അഭിപ്രായത്തില്‍ മാറ്റം വരുമ്പോള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരികയാണ് ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി. അതനുസരിച്ച് ഒഞ്ചിയത്തെ സഖാക്കളുടെ ഭിന്നാഭിപ്രായം മാറ്റുന്ന തരത്തില്‍ ക്രിയാത്മ സമീപനം എടുക്കുന്ന മുറയ്ക്ക് അവരെയും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും വി.എസ് പറഞ്ഞു. അല്ലെങ്കില്‍ അവര്‍ ചെറിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നതിലും തെറ്റില്ല. ഇത്തരം പാര്‍ട്ടികള്‍ കേരളത്തില്‍ ഉള്ളതാണ്, അതില്‍ അത്ഭുതമില്ല. എം.വി. രാഘവനും ഗൌരിയമ്മയും അത്തരത്തില്‍ പാര്‍ട്ടികള്‍ രൂപീകരിച്ചിട്ടുണ്ടല്ലോയെന്നും വി.എസ് ചോദിച്ചു.

അധോലോക സംസ്കാരം മാര്‍ക്സിസ്റ് രീതിയല്ലെന്ന സിപിഐയുടെ അഭിപ്രായത്തോട് യോജിക്കുന്നതായും വി.എസ് പറഞ്ഞു. രാഷ്ട്രീയ നയം ജനങ്ങളോടു വിശദീകരിച്ച് സ്നേഹത്തോടെ പാര്‍ട്ടിയിലേക്ക് ആളുകളെ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ സമീപനം. ചന്ദ്രശേഖരന്‍ വധം അന്വേഷിച്ച് കൊലപാതകികളെ പുറത്തുകൊണ്ടുവരണമെന്നും വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക