Image

നാല്‌ വയസ്സുള്ള സഹോദരനെ പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച 11കാരി ആശുപത്രിയില്‍

Published on 09 October, 2019
നാല്‌ വയസ്സുള്ള സഹോദരനെ പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച 11കാരി  ആശുപത്രിയില്‍

ഡല്‍ഹി : നാലുവയസുള്ള സ്വന്തം സഹോദരനെ പുലിയുടെ ആക്രമണത്തില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെടുത്തിയ 11 വയസ്സ്‌ മാത്രം പ്രായമായ ഒരു പെണ്‍കുട്ടി. ഉത്തരാഖണ്ഡിലെ പൗരിയിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്‌ചയാണ്‌ സംഭവം നടന്നത്‌. 

11 വയസ്സുള്ള രാഖിയെന്ന പെണ്‍കുട്ടിയുടെയും നാല്‌ വയസുകാരനായ അനിയന്റെയും മുന്നിലേക്ക്‌ പുലി ചാടി വീഴുകയായിരുന്നു . 

ഓടി രക്ഷപ്പെടുന്നതിന്‌ പകരം സ്വന്തം സഹോദരനെ സംരക്ഷിച്ചുകൊണ്ട്‌ ചേര്‍ത്ത്‌ പിടിക്കുകയായിരുന്നു ആ പെണ്‍കുട്ടി . 

അതുകൊണ്ടുതന്നെ ആ നാലുവയസുകാരന്‌ അപകടമൊന്നും സംഭവിച്ചില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ കഴുത്തിലും മറ്റ്‌ ശരീര ഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റു .

ശബ്ദം കേട്ട്‌ ഗ്രാമവാസികള്‍ ഉടന്‍ ഓടിയെത്തുകയും പുലിയെ ഓടിച്ച്‌ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു .

 പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന്‌ വിദഗ്‌ദ്ധ ചികിത്സകള്‍ക്കായി മറ്റൊരു ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ്‌ പെണ്‍കുട്ടിയെ മാറ്റിയത്‌.

ആദ്യം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന്‌ ബന്ധുക്കള്‍ ഉത്തരാഖണ്ഡ്‌ ടൂറിസം മന്ത്രിയുമായും എംഎല്‍എയുമായും ബന്ധപ്പെടുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായി.

മന്ത്രി ഒരു ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ നല്‍കിഎന്നാണ്‌ വിവരം . തുടര്‍ന്നുള്ള ചികിത്സകളും വഹിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്‌ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക