Image

അഗതാ ക്രിസ്റ്റി 74 വര്‍ഷം മുമ്പ് എഴുതിയത് കൂടത്തായിയില്‍ സംഭവിച്ചു... (ശ്രീനി)

Published on 08 October, 2019
അഗതാ ക്രിസ്റ്റി 74 വര്‍ഷം മുമ്പ് എഴുതിയത് കൂടത്തായിയില്‍ സംഭവിച്ചു... (ശ്രീനി)
കോഴിക്കോട് കൂടത്തായിയില്‍ നിന്ന് അത്യന്തം ഭീതിജനകമായ വാര്‍ത്തകളാണ് അനുമിമിഷം കേട്ടുകൊണ്ടിരിക്കുന്നത്. സ്വത്ത് കൈക്കലാക്കാനും ആര്‍ഭാ ജീവിതം ആസ്വദിക്കാനും വേണ്ടി സ്വന്തം ഭര്‍ത്താവ് ഉള്‍പ്പെടെ ആറു പേരെ പൊട്ടാസ്യം സയനൈഡ് എന്ന മാരകവിഷം ആഹാരത്തില്‍ ചേര്‍ത്ത് കൊടുത്ത് കൊലപ്പെടുത്തിയ  ജോളിയെന്ന സ്ത്രീയുടെ ക്രൂരചെയ്തികളാണത്. കേരളത്തിന്റെ ഇതപര്യന്തമുള്ള കുറ്റകൃത്യ ചരിത്രത്തില്‍ ഇത്തരത്തിലൊരു കൊലപാതക പരമ്പര അരങ്ങേറിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. 

ഇവിടെ കുറ്റവാളി ഒരു സ്ത്രീ ആണെന്നുള്ളതാണ് ശ്രദ്ധേയം. കൊലപാതകം നടത്തുന്നതിന് അവര്‍ മറ്റുള്ളവരുടെ ഏതെങ്കിലും തരത്തിലുള്ള സഹായം തേടിയിട്ടുണ്ടോ എന്നത് തുടര്‍ അന്വേഷണത്തിലൂടെ പുറത്തുവരാനിരിക്കുന്നുതേയുള്ളു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയാണ് ആറു പേരുടെ ജീവന്‍ നിഷ്‌കരുണം തല്ലിക്കൊഴിച്ചത്.

കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില്‍ റോയി തോമസിന്റെ ഭാര്യ ജോളി ആണ് കേസിലെ മുഖ്യപ്രതിയായി കസ്റ്റഡിയിലുള്ള ത്. കേസിന് ബലം നല്‍കുന്ന കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ഡി.എന്‍.എ പരിശോധനയും മറ്റും അമേരിക്കയില്‍ നടത്താനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മെറ്റോകോണ്‍ഡ്രിയ ഡി.എന്‍.എ അനാലിസിസ് നടത്തുന്നതിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. മരണ കാരണം കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണിത്. കൊല്ലപ്പെട്ട റോയി തോമസിന്റെ ഫ്‌ളോറിഡയി ലുള്ള ഇളയ സഹോദരന്‍ റോജോ തോമസിനെ ചോദ്യം ചെയ്യുന്നതിനായി നാട്ടിലേക്ക് വിളിച്ചുവരുത്തുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. 

***
ഇനി ഫിക്ഷനും റിയാലിറ്റിയും മമ്മിലുള്ള മനപൂര്‍വമല്ലാത്ത പൊരുത്തത്തിന്റെ ഒരുദാഹരണത്തിലേയ്ക്ക്. ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകത്തുമായ അഗതാ ക്രിസ്റ്റിയെ അറിയാത്തവര്‍ ചുരുക്കം. ലോക പ്രശസ്ത ഡിക്ടറ്റീവ് നോവലിസ്റ്റ് കൂടിയായ അവര്‍ 1945ല്‍ എഴുതിയ 'സ്പാര്‍ക്ക്‌ളിങ് സയനൈഡ്' എന്ന നോവലിന് കൂടത്തായിയിലെ സംഭവപരമ്പരകളുമായി സവിശേഷമായ സാമ്യം ഉണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. സ്പാര്‍ക്ക്‌ളിങ് സയനൈഡിന്റെ പ്ലോട്ടും അതിലെ കൊലപാതക രീതിയും കൂടത്തായിലേതിന് സമാനമാണ്. സ്പാര്‍ക്ക്‌ളിങ് സയനൈഡിന്റെ പ്രമേയം സ്വത്ത് അപഹരിക്കാന്‍ വേണ്ടിയുള്ള കൊലപാതകമാണ്. കൂടത്തായി കൂട്ടക്കൊലയുടെ പിന്നിലെ ലക്ഷ്യവും സ്വത്ത് സമ്പാദനമാണ്. സയനൈഡ് കൊടുത്താണ് സ്പാര്‍ക്ക്‌ളിങ് സയനൈഡിലെ കൊലപാതകമെങ്കില്‍ കൂടത്തായിയിലേതും വ്യത്യസ്തമല്ല. സമയവും കാലവും സന്ദര്‍ഭവും വ്യത്യസ്തമാണെങ്കിലും കഥാഗതിയിലെ ഈ സമാനത കേവലം യാദൃശ്ചികം മാത്രം.

സ്പാര്‍ക്ക്‌ളിങ് സയനൈഡിലെ കഥ ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഒരു നവംബര്‍ രണ്ടിന് ബ്രിട്ടനിലെ 'ലക്‌സംബര്‍ഗ്' എന്ന റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഏഴുപേരില്‍ ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുന്നു. റോസ് മേരി ബാര്‍ട്ടന്‍ എന്ന സ്ത്രീയാണ് കുഴവീണതും പെട്ടെന്ന് തന്നെ മരിക്കുന്നതും. റോസ് മേരിയുടെ ഭര്‍ത്താവ് ജോര്‍ജ് ബാര്‍ട്ടണ് ഈ മരണം നടന്ന് ആറ് മാസത്തിന് ശേഷം ഒരു കത്ത് ലഭിക്കുന്നു. അത് മരണമല്ല, കൊലപാതകമാണെന്നാണ് കത്തിലെ ഞെട്ടിക്കുന്ന വിവരം. കത്ത് അയച്ചത് ആരെന്ന് അറിയുകയുമില്ല.

കത്ത് കിട്ടയതോടെ ജോര്‍ജ്, റോസ് മേരിയുടെ മരണത്തെ കുറിച്ച് അറിയാന്‍ ശ്രമം തുടങ്ങുകയാണ്. റോസ് മേരിയുടെ മരണം സംഭവിച്ച ദിവസത്തെ ഡിന്നര്‍ ഒന്ന് പുനരാവിഷ്‌ക്കരിക്കാന്‍ ജോര്‍ജ് ബാര്‍ട്ടണ്‍ തീരുമാനിച്ചു. ഈ വിവരം ജോര്‍ജ് സുഹൃത്തായ കേണല്‍ റെയ്‌സുമായി പങ്കുവച്ചു. പിന്നീട് റോസ് മേരിയോട് സാദൃശ്യമുള്ള ഒരു നടിയെ കൂടെ അന്നത്തെ ഡിന്നറില്‍ പങ്കെടുപ്പിക്കാന്‍ ജോര്‍ജ് തീരുമാനിച്ചു. നടിയെ സല്‍ക്കാരത്തിനെത്തിക്കുന്നതിന് ഏര്‍പ്പാട് ചെയ്ത ജോര്‍ജ്, റോസ് മേരിയുടെ മരണത്തിന് ഒരുവര്‍ഷമാകുന്ന ദിവസം അടുത്ത ഡിന്നര്‍ സംഘടിപ്പിച്ച് അതേ അതിഥികളെ തന്നെ ക്ഷണിച്ചു.

പുനരാവിഷ്‌ക്കരണമെന്ന രഹസ്യ അജണ്ടയുള്ള ഡിന്നറില്‍ നടിയൊഴികെ ബാക്കിയെല്ലാവരും പങ്കെടുക്കുന്നു. എന്നാല്‍ ഭാര്യയുടെ കൊലയാളിയെ കണ്ടെത്താന്‍ ജോര്‍ജ് നടത്തുന്ന ശ്രമത്തിനിടയില്‍ ഭാര്യ കുഴഞ്ഞു വീണ് മരിച്ച അതേ ഡിന്നര്‍ മേശയില്‍ അതേ രീതിയില്‍ ജോര്‍ജും കുഴഞ്ഞു വീണ് മരിക്കുന്നു. ജോര്‍ജിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ഈ മരണം സംബന്ധിച്ച കേസ് അവസാനിക്കുകയാണ്.

ആദ്യം മരിക്കുന്ന റോസ്‌മേരി അമ്മാവന്റെ സ്വത്തിന്റെ അവകാശിയായിരുന്നു. എന്നാല്‍ റോസ് മേരിയുടെയും ഭര്‍ത്താവിന്റെയും മരണം റോസ്‌മേരിയുടെ സഹോദരി ഐറിസിനെ സമ്പന്നയാക്കും. കാരണം പിന്നീട് ഈ സ്വത്ത് ചെന്നുചേരേണ്ടുന്ന ഒരാള്‍ ഐറിസാണ്. ഐറിസ് കുട്ടികളില്ലാതെ മരിക്കുകയാണെങ്കില്‍ ഇതേ സ്വത്ത് അവരുടെ ഒരേയൊരു ബന്ധുവായ ലൂസില്ല ഡ്രാക്കിന് കിട്ടും. ലൂസില്ല അവരുടെ ആന്റിയാണ്. ഈ കാരണത്താല്‍ മരണങ്ങളുടെ പിന്നിലെ കാരണത്തിന്റെ സംശയമുന ഐറിസിലേക്ക് നീളുന്നു.

ആ സംശയദൃഷ്ടിയില്‍ നില്‍ക്കുന്ന ഐറിസും അതേസമയം, മരണത്തിന്റെ നിഴലിലേക്ക് നീങ്ങുകയായിരുന്നു എന്ന് വായനക്കാര്‍ക്ക് മനസ്സിലാകുന്നു. ലൂസില്ലയ്ക്ക് തെമ്മാടിയായ വിക്ടര്‍ എന്ന ഒരു മകനുണ്ട്. യഥാര്‍ത്ഥ കൊലപാതകി ലക്ഷ്യം വെച്ചിരുന്നത് ഐറിസിനെയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം. ജോര്‍ജിന്റെ വിശ്വസ്തയായ സെക്രട്ടറിയാണ് റൂത്ത് ലെസ്സിങ്. ഒരു വര്‍ഷമായി അവര്‍ വിക്ടറുമായി പ്രണയത്തിലാണ്. റൂത്താണ് ജോര്‍ജിന് റോസ്‌മേരി കൊല്ലപ്പെട്ടതാണ് എന്നു പറഞ്ഞ് കത്തെഴുതിയത്.

ഡിന്നര്‍ വീണ്ടും ആ കൊലപാതകരംഗം ആവര്‍ത്തിക്കാന്‍ ജോര്‍ജിനെ ഉപദേശിക്കുന്നതും. അവിടെവച്ച് റോസ് മേരിയെ കൊലപ്പെടുത്തിയതുപോലെ ഐറിസിനെയും കൊല്ലാമെന്നാണ് റൂത്തും വിക്ടറും കരുതിയത്. ഡിന്നറിന് ശേഷം ഐറിസിനെ കൊല്ലാനുള്ള റൂത്തിന്റെ ശ്രമങ്ങളും മറ്റുമായി പുരോഗമിക്കുകയാണ് നോവല്‍. സയനയൈഡ് ഉപയോഗിച്ച് തന്ത്രപൂര്‍വ്വം കൊല്ലുന്നതിനെയും സ്വത്ത് തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെയും ഉദ്വേഗജനകമായ കഥയാണിത്. കഥയുടെ അവസാനം കൊലയാളിയെ കണ്ടെത്തുമ്പോള്‍ വായനക്കാര്‍ അമ്പരപ്പെടുന്നതാണ് ഈ നോവലിനെ ഏറെ ശ്രദ്ധേയമാക്കിയ ഡിക്ടറ്റീവ് നോവലാക്കിയത്.
***
ഏതായാലും കൂടത്താടി കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സയനൈഡ് എന്ന മാരക വിഷത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിട്ടുണ്ട്. സ്വര്‍ണ്ണഖനനത്തിലും, ആഭരണ മേഖലയിലും ഇലക്ട്രോ പ്ലേറ്റിങിലും ഉപയോഗിച്ചു വരുന്ന ഒരു രാസ സംയുക്തമാണ് പൊട്ടാസ്യം സയനൈഡെങ്കിലും മാരക വിഷം എന്നത് മാത്രമാണ് പലരുടേയും അറിവ്. കാഴ്ച്ചയില്‍ പഞ്ചസാരയോട് സാമ്യമുള്ള, ജലത്തില്‍ വളരെ പെട്ടെന്ന് ലയിക്കുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലവണമാണ് സയനൈഡ്. സയനൈഡ് ശരീരത്തിനുള്ളിലെത്തിയാല്‍ രക്തത്തിലെ ഓക്‌സിജന്‍ ടിഷ്യൂസിന് ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ട് വിഷബാധയേറ്റയാളുടെ മുഖം ചുവന്ന് തുടുക്കുന്നു. വിഷം ഏറ്റയാള്‍ക്ക് ബോധം നഷ്ടപ്പെടുകയും സാവധാനം തലച്ചോറിലെ മരണം സംഭവിക്കുകയും ചെയ്യുന്നു. സെറിബ്രല്‍ ഹൈപോക്‌സിയ മൂലമാണ് മരണം സംഭവിക്കുന്നത്. മരണം സംഭവിക്കുന്നതിന് മുമ്പ് വിഷബാധയേല്‍ക്കുന്നയാള്‍ക്ക് പേശികള്‍ കോച്ചിവലിക്കുന്നത് സഹിക്കേണ്ടിവരുന്നു.

അതിമാരകമായ വിഷമാണെങ്കിലും സ്വാര്‍ണാഭരണ നിര്‍മ്മാണ മേഖലയിലേയും സ്വര്‍ണ ഖനന മേഖലയിലേയും പ്രധാന അസംസ്‌കൃത വസ്തുവാണ് സയനൈഡ്. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങള്‍ക്ക് കിട്ടാന്‍ വളരേയധികം ബുദ്ധിമുട്ടുള്ള സയനൈഡ് സ്വര്‍ണമേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നു. കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് ലഭ്യമാക്കിയത് പരിചയമുള്ള സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാറില്‍നിന്നാണ്. ബന്ധുവായ മാത്യൂവാണിത് വാങ്ങി നല്‍കിയത്.

സ്വര്‍ണ്ണത്തിന് നിറവും തിളക്കവും വരുത്താനാണ് സ്വര്‍ണ്ണപ്പണിക്കാര്‍ സയനൈഡ് ഉപയോഗിക്കുന്നത്. വിഷ വസ്തുവായതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് സയനൈഡിന്റെ വാങ്ങലും വില്‍ക്കലും. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് വില്‍ക്കാനും വാങ്ങാനും അനുമതിയുള്ളത്. വ്യാവസായിക ആവശ്യങ്ങള്‍ക്കാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് ഇത് കൈമാറ്റം ചെയ്യപ്പെടുകയുള്ളുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എഴുപത് കിലോ ഭാരമുള്ള ഒരാളുടെ മരണം സംഭവിക്കാന്‍ ഒരു നുള്ള് സയനൈഡ് മതിയാകും. 125 മില്ലിഗ്രാം സയനൈഡ് ഒരാളുടെ ശ്വാസകോശത്തില്‍ എത്തിയാല്‍ മൂന്ന് മിനിറ്റിനകം മരണം സംഭവിക്കും.

ഇത്രയും മാരകമായ വിഷമാണെങ്കിലും കിലോയ്ക്ക് ഏകദേശം 1000 രൂപ മാത്രമാണ് സയനൈഡിന്റെ വില. പൊട്ടാസ്യം സയനൈഡും ഹൈഡ്രജന്‍ സയനൈഡും സോഡിയം സയനൈഡുമെല്ലാം ഉള്ളില്‍ ചെന്നാല്‍ മരിക്കാനെടുക്കുന്ന സമയത്തില്‍ വ്യത്യാസം ഉണ്ടാകും. എന്നാല്‍ സാധാരണ ഗതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ മരണം സഭവിക്കും ചില കേസുകളില്‍ വിഷം ഉള്ളില്‍ ചെന്നാലും മണിക്കൂറുകളോളം കുഴപ്പം ഉണ്ടാവില്ല. ശരീരം വിഷത്തെ ആഗിരണം ചെയ്യാന്‍ സമയമെടുക്കുന്നതു കൊണ്ടാണിത്. ഈ വസ്തുതകളെല്ലാം വച്ചുകൊണ്ടായിരിക്കും കൂടത്തായി കേസില്‍ രാസ പരിശേധന നടത്തുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക