Image

ഫോമാ ഭരണഘടന: ഒരിക്കല്‍ തള്ളിയ ഭേദഗതി വീണ്ടും കൊണ്ടു വരരുത്: ഫിലിപ്പ് ചെറിയാന്‍

Published on 07 October, 2019
ഫോമാ ഭരണഘടന: ഒരിക്കല്‍ തള്ളിയ ഭേദഗതി വീണ്ടും കൊണ്ടു വരരുത്: ഫിലിപ്പ് ചെറിയാന്‍
അമേരിക്കയിലെ മലയാളികള്‍ക്ക് ഒന്നടങ്കം പരസ്പരം അടുത്തറിഞ്ഞു സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുവാനുള്ള ഒരു വേദി എന്ന നിലയില്‍ ആണ് ഇവിടെയുള്ള മലയാളി അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണ് എന്നെപ്പോലെയുള്ള ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത് .

പക്ഷെ നിര്‍ഭാഗ്യവശാല്‍ അധികാരമോഹികളും സ്വാര്‍ത്ഥതാല്പര്യക്കാരുമായ ചുരുക്കം ചിലരുടെ സങ്കുചിത മനോഭാവങ്ങളാണ് ഒന്നിച്ചു ഒരു സംഘടനയായി പ്രവര്‍ത്തിക്കേണ്ടവര്‍ വിഘടിച്ചു പോകുന്നതെന്ന് ഞാന്‍ കരുതുന്നു. ഈയൊരു ചിന്ത ഇപ്പോള്‍ എന്റെ മനസ്സില്‍ കടന്നു വന്നത് ഞാന്‍ അംഗമായ ഫോമ എന്ന സംഘടനയുടെ സമീപകാലത്തെ ചില സമീപനങ്ങള്‍ മൂലമാണ്.

എന്നെപ്പോലെ ഫോമയുടെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും പ്രിയ സ്‌നേഹിതനും സംഘടനയിലെ സജീവ സാന്നിധ്യവുമായിരുന്ന റെജി ചെറിയാന്റെ വിയോഗം ഉണ്ടാക്കിയ വേദന മാഞ്ഞു തുടങ്ങിയിട്ടില്ല. പക്ഷെ റെജിയുടെ ഓര്‍മ്മകളുടെ ആദരസൂചകമായി സംഘടനയിലെ അംഗങ്ങള്‍ മുന്‍കൈ എടുത്തു നടത്തിയ ധനശേഖരണം ലക്ഷ്യമിട്ടതിന്റെ പാതിവഴിയില്‍ നിലച്ചു പോയി. നമുക്കിടയില്‍ കൊട്ടിഘോഷിക്കപ്പെടുന്നത് പോലെയുള്ള സ്‌നേഹ സൗഹൃദങ്ങളുടെ അഭാവം കൊണ്ടാണ് അതെന്നു പറയേണ്ടി വരുന്നു. ഫോമയുടെ ജനറല്‍ ബോഡി മീറ്റിങ്ങ് വേദിക്ക് റെജിയുടെ പേര് നല്‍കുന്നതിലൂടെ മാത്രം റെജിയുടെ ആത്മാവിന് നീതി നല്‍കുവാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമില്ല.

ഫോമയുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ ചില പ്രവര്‍ത്തന സമീപനങ്ങളോടുള്ള വിയോജിപ്പ് കൂടി പറയേണ്ടതുണ്ട്. ഫോമയുടെ കേന്ദ്ര നേതൃത്വത്തിലേക്ക് അടുത്ത വര്‍ഷം തെരെഞ്ഞെടുപ്പ് നടക്കുകയാണല്ലോ. അതില്‍ മത്സരിക്കുന്നതിന് പുതിയതായി ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോഴത്തെ ഭരണ സമിതി .

ഏതെങ്കിലുമൊരു മേഖലയിലെ ഭരണസമിതിയില്‍ ഔദ്യോഗിക ഭാരവാഹികള്‍ ആയിരുന്നവര്‍ക്കു മാത്രമേ ഇനി കേന്ദ്രസമിതിയിലേക്ക് മത്സരിക്കാനാവൂ എന്നൊരു നിബന്ധന നടപ്പിലാക്കുന്നത് ഇപ്പോഴത്തെ ഭരണസമിതിയുടെ സ്വാര്‍ഥതാല്‍പ്പര്യം കൊണ്ടു മാത്രമാണ്. തങ്ങള്‍ക്ക് ഭീഷണിയാവുന്ന കഴിവുറ്റ മറ്റുള്ളവരൊന്നും ഇനി ഫോമയുടെ കേന്ദ്ര നേതൃത്വത്തില്‍ എത്താന്‍ പാടില്ല എന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍.

ഒരിക്കലും ഒരു അധികാര സ്ഥാനത്തേക്ക് മത്സരിക്കാത്ത ഒരാള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പോലും മല്‍സരിക്കാന്‍ കഴിയുമ്പോള്‍ ആണ് ഫോമയുടെ ഭാരവാഹിയാകുവാന്‍ ഇത്തരത്തില്‍ ഉള്ള നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇതു തികച്ചും അപലപനീയമാണ്.

മുന്‍പൊരിക്കല്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു തീരുമാനം വീണ്ടും നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതിലൂടെ ഫോമയുടെ അംഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചു ഭിന്നിപ്പിലേക്ക് വരെ നയിക്കപ്പെടാവുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതൊരിക്കലും അംഗീകരിക്കപ്പെടുവാന്‍ പാടില്ല.

കാലാകാലങ്ങളില്‍ മികവുള്ള പുതിയ വ്യക്തികള്‍ കൂടുതലായി നേതൃത്വത്തില്‍ എത്തിയെങ്കില്‍ മാത്രമേ ഈ സംഘടന ശക്തമായി മുന്നോട്ടു പോകുകയുള്ളു. ഇല്ലെങ്കില്‍ നേതൃത്വം സ്ഥിരമായി കുറെപേരുടെ കൈകളില്‍ മാത്രം ഒതുങ്ങുകയാണെങ്കില്‍ ക്രമേണ ഈ സംഘടന ദുര്‍ബലമായി പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

അതു ഒഴിവാക്കുവാന്‍ വരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത്തരത്തിലുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുവാന്‍ എല്ലാവരും മുന്നോട്ടു വരണം

ഒരിക്കല്‍ ജനെറല്‍ ബോഡിയില്‍ പരാജയപ്പെട്ട നിര്‍ദേശം വീണ്ടും കൊണ്ടുവരാന്‍ പാടില്ല എന്നൊരു തീരുമാനം ഈ ജനറല്‍ ബോഡിയില്‍ ഉണ്ടാകണം. അല്ലാതെ തീരുമാനമാകാതെ പോയ കാര്യം വീണ്ടും വീണ്ടും കൊണ്ടുവരുന്നതില്‍ എന്ത് പ്രസക്തി.

വാര്‍ഡ് മെമ്പര്‍ ആയതിനു ശേഷം മതി ഒരു എം.എല്‍.എ. അകാന്‍ മത്സരിക്കുന്നത് അല്ലെങ്കില്‍ ഒരു എം.പി ആകണമെങ്കില്‍ അതിനു മുന്‍പേ ഒരു എം.എല്‍.എ. ആയിരിക്കണം എന്ന് പറയുന്നതിനു തുല്യമാണ് ഇപ്പോള്‍ ശഠിക്കുന്ന തീരുമാനങ്ങള്‍. നാട്ടില്‍ ഒരു മന്ത്രി ആകണക്കെങ്കില്‍ വിദ്യാഭ്യാസം പോലും ഒരു മാനദണ്ഡമല്ല. ഒരു എം.പിക്കു കേന്ദ്രമന്ത്രി ആകണമെങ്കില്‍ ഒരു സ്റ്റേറ്റിന്റെ മന്ത്രിയായിരുന്നിരിക്കണം എന്നുപറയുന്നതു പോലെയുള്ള ചില നടക്കാത്ത ആഗ്രഹങ്ങള്‍.

ആരു ജയിക്കണം എന്ന് തീരുമാനിക്കേണ്ടവര്‍ സമ്മതിദായകര്‍ തന്നെ. അതിനു ഇനിയും മാറ്റങ്ങള്‍ വരുമോ?. പിന്നെയും പറയുന്നു ആരായിരുന്നാലും, ഉത്തരവാദിത്തം ഏറ്റെടുത്താല്‍ അത് തുടര്‍ന്നു കൊണ്ടുപോകാനുള്ള ആളാകണം എന്ന് മാത്രം. ഒരിക്കലും ജയിച്ചതിനു ശേഷം ഒരു ''ഉലകം ചുറ്റി ബാലിവന്‍ '' ആകരുതെന്നു മാത്രം.
Join WhatsApp News
തോമസ് ജോൺ 2019-10-08 08:13:12
നാട്ടിൽ ഒന്നും അകാൻ പറ്റാത്തവർ അമേരിക്കയിൽ വന്ന് എന്തെങ്കിലും ആകാൻ ശ്രമിക്കുന്നു. അത്രേ ഒള്ളു ഫിലിപ്പ്. ഫിലിപ്പ് എഴുതിയത് ഏതോ ഫോമന് ദഹിച്ചിട്ടില്ല. അടി ഉടനെ വരുമെന്നൊക്കെ എഴുതിക്കാണുന്നു. ഏതായാലും ഫിലിപ്പ് ഒന്നു സൂക്ഷിക്കുന്നത് നല്ലതാ. ഒരു ഉപദേശം മാത്രം.
ജോയ് മാത്യൂ 2019-10-07 22:07:03
നല്ല ചിന്തനം.
വിമർശനത്തിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടു, അത് ഒന്നിന് പുറകെ ഒന്നായി  പൊട്ടുന്നത് കണ്ടു കയ്യടിച്ചു ചിരിക്കാനും കൂവാനും പ്രത്യേകിച്ച് യോഗ്യതയൊന്നും വേണമെന്ന് തോന്നുന്നില്ല.
അടി പാര്‍സല്‍ പണ്ടൊക്ക് ഇപ്പോള്‍ .. 2019-10-07 22:20:45
പണ്ടൊക്കെ അടി പാര്‍സല്‍ ആയി വീട്ടില്‍ എത്തുമായിരുന്നു. ഇപ്പോള്‍ എവിടെയും എവിടെ വെച്ചും കിട്ടാം. ജാഗ്രതെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക