Image

ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ എം.ജി.ആറായി അരവിന്ദ് സ്വാമി

Published on 06 October, 2019
ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ എം.ജി.ആറായി അരവിന്ദ് സ്വാമി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില്‍ എം.ജി രാമചന്ദ്രന്റെ വേഷത്തില്‍ അരവിന്ദ് സ്വാമി എത്തുന്നു. തമിഴില്‍ 'തലൈവി'യെന്നും ഹിന്ദിയില്‍ 'ജയ' എന്നും പേരിട്ടിരിക്കുന്ന ഈ ദ്വിഭാഷ ചിത്രം സംവിധാനം ചെയ്യുന്നത് എ.എല്‍.വിജയ് ആണ്. കങ്കണ രണൗട്ടാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദിയിലെ പ്രാഗത്ഭ്യം കൂടി കണക്കിലെടുത്താണ് അരവിന്ദ് സ്വാമിയെ ഈ വേഷത്തിലേക്ക് തെരഞ്ഞടുത്തതെന്ന് ചിത്രത്തിനോട് ചേര്‍ന്ന വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ബാഹുബലിയെഴുതിയ വിജയേന്ദ്ര പ്രസാദാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. നിര്‍മ്മാണം വിഷ്ണു വര്‍ദ്ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ്. നീരവ് ഷാ ഛായാഗ്രാഹണവും ജി.വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും.

മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവതം സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കങ്കണ ഒരുങ്ങുന്നത്. ചിത്രം നൂറു ശതമാനവും ജയലളിതയുടെ ജീവിതം പറയുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവന്‍ ദീപകില്‍ നിന്നും തങ്ങള്‍ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


അതേസമയം ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സംവിധായകന് മിഷ്‌കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ദി അയണ്‍ ലേഡി. ചിത്രത്തില്‍ നിത്യമേനോനാണ് ജയലളിതയെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക