Image

മാര്‍ കാവുകാട്ട് മാതൃക പ്രേഷിതന്‍: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

Published on 05 October, 2019
മാര്‍ കാവുകാട്ട് മാതൃക പ്രേഷിതന്‍: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി


വത്തിക്കാന്‍ : പ്രേഷിത തീഷ്ണതയ്ക്കും കൂട്ടായ്മാ മനോഭാവത്തിനും വര്‍ത്തമാനകാല സഭ മാതൃകയാക്കേണ്ട ഒരു വിശുദ്ധ വ്യക്തിത്വമാണ് മാര്‍ മാത്യൂ കാവുകാട്ട് എന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവദാസന്‍ കാവുകാട്ട് പിതാവിന്റെ അന്‍പതാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ അഞ്ചിന് രാവിലെ റോമിലെ പ്രൊപ്പഗാന്ത സെമിനാരിയില്‍ നടന്ന അനുസ്മരണ ദിവ്യബിയില്‍ വചന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സ്‌നേഹത്തെ തന്റെ ജീവിത വിളിയായും ശുശ്രൂഷയെ അതിനുള്ള മാര്‍ഗമായും കണ്ട ഒരു പുരോഹിത ശ്രേഷ്ഠനാണ് കാവുകാട്ടു തിരുമേനിയെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. തന്റെ സഹപ്രവര്‍ത്തകരായ വൈദികരില്‍ ആത്മവിശ്വാസമര്‍പ്പിച്ച് അവരുടെ കഴിവുകളോടും കുറവുകളോടും കൂടി അവരെ സ്‌നേഹിച്ച് സഭാഭരണം നടത്തിയ ഒരു നല്ല അജപാലകനായിരുന്നു കാവുകാട്ടു പിതാവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ വേഗം ഫലപ്രാപ്തിയില്‍ എത്താന്‍ കൂടുതല്‍ പ്രാര്‍ഥിക്കണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

അന്പതാം ചരമ വാര്‍ഷികമായതിനാല്‍ വിപുലമായ രീതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം മെത്രാന്മാര്‍ തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികരായി പങ്കുചേര്‍ന്നു. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതയില്‍ നിന്നുള്ള പ്രതിനിധികളും പ്രത്യേകിച്ച്, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളില്‍ നിന്നുള്ള വൈദികരും സന്യാസിനികളും അല്‍മായരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

പോസ്റ്റുലേറ്റര്‍ ഫാ. ജോസഫ് ആലഞ്ചേരി സ്വാഗതവും ചങ്ങനാശേരി അതിരൂപത വൈദിക പ്രതിനിധി ഫാ. പ്രകാശ് മറ്റത്തില്‍ നന്ദിയും പറഞ്ഞു. നേര്‍ച്ച വിതരണത്തിനു ശേഷം സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക