Image

ഈ വഴക്ക് ഇനിയും തുടരണമോ? - (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 05 October, 2019
ഈ വഴക്ക് ഇനിയും തുടരണമോ? - (ബാബു പാറയ്ക്കല്‍)
ദശാബ്ദങ്ങളായി വളമിട്ടു വളര്‍ത്തിയ ഓര്‍ത്തഡോക്‌സ്- യാക്കോബായ കലഹത്തിനു പുതിയ മാനം കൈവന്നിരിക്കുന്നു. ഇന്‍ഡ്യയുടെ പരമോന്നത കോടതി കേസ് തലനാരിഴ കീറി പരിശോധിച്ച് അസന്നിഗ്ദ്ധമായി അന്തിമ വിധി കല്‍പ്പിച്ചു. 1934 ലെ ഭരണഘടന എല്ലാവരും അംഗീകരിക്കണമെന്നും സമാന്തര ഭരണ സംവിധാനം അനുവദിക്കില്ലെന്നും കോടതി തീര്‍ത്തു പറഞ്ഞു. 

ഇതോടെ യാക്കോബായക്കാര്‍ വെട്ടിലായി. മലങ്കരസഭയിലെ എല്ലാ പള്ളികളും ഈ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കപ്പെടാന്‍ പാടുള്ളൂ എന്നു സുപ്രീംകോടതി പറഞ്ഞുകഴിഞ്ഞപ്പോള്‍ തങ്ങളുടെ പള്ളികളെല്ലാം ആ ഇടവകകളില്‍ ന്യുന പക്ഷമായ ഓര്‍ത്തഡോക്‌സ്‌കാര്‍ക്കും വിട്ടുകൊടുക്കാന്‍ പറഞ്ഞാല്‍ അതു നടക്കില്ലെന്നു യാക്കോബായക്കാര്‍ തീര്‍ത്തു പറഞ്ഞു. അതില്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലല്ലോ. 

യാക്കോബായ സഭാ നേതൃത്വത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞപ്പോള്‍ അവരെല്ലാവരും തെരുവിലേക്കിറങ്ങി. ദശാബ്ദങ്ങളായി കൈവശം വച്ചിരുന്ന പള്ളിയും  അനുബന്ധ സ്ഥാപനങ്ങളുമെല്ലാം വെറുതെ ഓര്‍ത്തഡോക്‌സുകാര്‍ക്കു നല്‍കണമെന്നു പറഞ്ഞാല്‍ അതെങ്ങനെ അംഗീകരിക്കാനാവും? 

സുപ്രീം കോടതി വിധിയനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു കൈമാറണമെന്ന് ഓര്‍ത്തഡോക്‌സ്‌കാരും നിര്‍ബ്ബന്ധം പിടിച്ചതോടെ സര്‍ക്കാരും ചിന്താക്കുഴപ്പത്തിലായി. വിവാദപരമായ മിക്കവാറും ദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയിലായതു കൊണ്ടും അവിടെ യാക്കോബായക്കാര്‍ക്കു വന്‍ഭൂരിപക്ഷമുളളതിനാലും പിണറായി വിജയന്റെ സര്‍ക്കാര്‍ അവര്‍ക്കനുകൂലമായ നിലപാടെടുത്തുകൊണ്ട് വിധി നടപ്പാക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് നാളുകള്‍ തള്ളിനീക്കി. 

കാര്യം മനസ്സിലാക്കിയ ഓര്‍ത്തഡോക്‌സുകാര്‍ വീണ്ടും കോടതിയെ സമീപിച്ചു. കോടതി കര്‍ക്കശമായ നിലപാടു സ്വീകരിച്ചു ഉത്തരവിറക്കിയതോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. എല്ലാം കൈവിട്ടുപോകുമെന്നു മനസ്സിലാക്കിയ മെത്രാപ്പോലീത്തമാര്‍ വൈകാരികമായ പ്രസംഗങ്ങളില്‍ക്കൂടി പ്രതിരോധം തീര്‍ക്കുവാന്‍ ജനകൂട്ടത്തെ ആഹ്വാനം ചെയ്തു. പലരും ആത്മഹൂതിക്കുവരെ തയ്യാറായി. 

ജനങ്ങളെ വൈകാരികമായി എങ്ങനെ പ്രകോപിതരാക്കാം എന്നു ശരിക്കറിയാവുന്ന നേതൃത്വം ജനങ്ങളെ തെരുവിലേക്കിറക്കി. ചുവന്ന കുപ്പായവും കറുത്തതൊപ്പിയും ധരിച്ച ദൈവത്തിന്റെ പ്രതിപുരുഷന്മാരായ 'കുട്ടിദൈവങ്ങള്‍' എന്തുവിലകൊടുത്തും ചെറുത്തു നില്‍ക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. കോലഞ്ചേരിയും കോതമംഗലത്തും പിറവത്തും എല്ലാം അരങ്ങേറിയ തെരുവുനാടകങ്ങള്‍ ജനം കണ്ടതാണ്. പോലീസിനെക്കൊണ്ട് എല്ലാവരേയും മാറ്റിയിട്ട് ഓര്‍ത്തഡോക്‌സുകാര്‍ മദ്ബഹയില്‍ കയറി കുര്‍ബ്ബാന അര്‍പ്പിച്ചു. ആര്‍ക്കുവേണ്ടി? സഹോദരനോടു  വിരോധമുണ്ടെങ്കില്‍ ബലി അവിടെ വച്ചിട്ട് പോയി അവരുമായി രമ്യതപ്പെട്ടു വന്നിട്ടു മാത്രം ബലിയര്‍പ്പിക്കുക എന്ന ദൈവവചനം കുഞ്ഞാടുകളോടു പ്രഘോഷിപ്പിക്കുന്നവരാണിവരെന്നോര്‍ക്കണം. 

ഓര്‍ത്തഡോക്‌സുകാരെ പള്ളിയില്‍ കയറ്റാതിരിക്കാന്‍ രണ്ടു ദിവസമായി അഖണ്ഡ  കുര്‍ബ്ബാന നടത്തിയവരാണു യാക്കോബായിലെ തിരുമേനിമാര്‍. ഒരിക്കലും അടുക്കാത്തവണ്ണം ഇവര്‍ അകന്നു കൊണ്ടേയിരിക്കുന്നു. യാക്കോബായക്കാരുടെ തലവനായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പറയുന്നു. പള്ളി അവര്‍ കൊണ്ടുപോയെങ്കില്‍ നിങ്ങള്‍ വേറെ പള്ളി വച്ചു മാറണമെന്ന് . എന്നാലും ഓര്‍ത്തഡോക്‌സുകാരുമായി സമാധാനം പാടില്ല. എന്താണ് ഇവരെ പ്രകോപിതരാക്കുന്ന മുഖ്യമായ കാര്യം? അവര്‍ പറയുന്നു. വിശ്വാസപരമായ വ്യത്യാസമെന്ന്. എന്നാല്‍ വിശ്വാസത്തില്‍ വള്ളിപുള്ളി വ്യത്യാസം ഈ രണ്ടുകൂട്ടരും തമ്മില്‍ ഇല്ല.

 17-ാം നൂറ്റാണ്ടിനുശേഷമാണ് പാത്രിയര്‍ക്കീസുമായി മലങ്കരസഭ ബന്ധം സ്ഥാപിക്കുന്നത്. ഇന്നത്തെ മലങ്കര സഭയിലെ ആരാധനാക്രമം പേര്‍ഷ്യന്‍ അന്ത്യോഖ്യന്‍ കൂട്ടുകെട്ടില്‍ നിന്നുള്ളതാണ്. എങ്കില്‍ പിന്നെ പാത്രിയര്‍ക്കീസിനെ തലവനായി അംഗീകരിച്ചുകൊണ്ട് ഒന്നായിക്കൂടേ? അവിടെയും പ്രശ്‌നമുണ്ട്. ഓര്‍ത്തഡോക്‌സുകാരുടെ കാതോലിക്കാബാവയെ പാത്രിയര്‍ക്കീസ് അംഗീകരിക്കുന്നില്ല. ഇതിനു കാരണം 1912 ല്‍ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസായിരുന്ന അബ്ദുള്‍മശിഹായെ സിറിയന്‍ രാജാവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുടക്കി പുതിയ  പാത്രിയര്‍ക്കീസിനെ വാഴിച്ചു. അങ്ങനെ മുടക്കപ്പെട്ട പാത്രിയര്‍ക്കീസാണ് ഇവിടെ വന്നു കാതോലിക്കേറ്റ് സ്ഥാപിച്ചത്. അതുകൊണ്ടു അതിനു സാധുതയില്ല എന്നാണ് പാത്രിയര്‍ക്കീസിന്റെ വാദം. ആ മുടക്കപ്പെട്ട  പാത്രിയര്‍ക്കീസിസിന് ചിത്തഭ്രമം ഉണ്ടായിരുന്നുവെന്നും അതാണു മുടക്കിന്റെ കാരണം എന്നും വാദിക്കുന്നു. എങ്കില്‍, അങ്ങനെ ചിത്തഭ്രമം ഉണ്ടായിരുന്ന ഒരാളെ എങ്ങനെ പാത്രിയര്‍ക്കീസായി വാഴിച്ചു എന്ന ചോദ്യം അവശേഷിക്കുന്നു. അതവിടെ നില്‍ക്കട്ടെ. കൂടുതല്‍ ചരിത്രത്തിലേക്കു പോകാതെ കാര്യത്തിലേക്കു കടക്കട്ടെ.

ഇവിടത്തെ മുഖ്യ പ്രശ്‌നം, 1934 ലെ ഭരണഘടനയാണ്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട്ടു പള്ളിയില്‍ പ്രസംഗിച്ച അവര്‍ പറഞ്ഞു; 'യഹൂദന്‍' പന്നിമാംസം നിഷിധമാണെന്നു പറയുന്നതുപോലെയാണ് 1934 ലെ ഭരണഘടന യാക്കോബാക്കാര്‍ക്കും. അതു കൈകൊണ്ടുപോലും തൊടരുത്' എന്താണ് കാരണം? അതില്‍ ഇത്ര അപകടകരമായി
എഴുതിവച്ചിരിക്കുന്നത്? 

അതില്‍ വളരെ അപകടം പിടിച്ച ഒരു വകുപ്പുണ്ട്. തെരുവില്‍ മുറവിളികൂട്ടുന്ന ജനങ്ങളില്‍ 99 ശതമാനവും ഈ ഭരണഘടന വായിച്ചിട്ടുള്ളതല്ല. എന്നാല്‍ തിരുമേനിമാരും അച്ചന്മാരും ഈ ഭരണഘടനയിലെ അപകടം മണത്തറിഞ്ഞിട്ടുള്ളവരാണ്. അതുകൊണ്ട് എന്തുവിലകൊടുത്തും യോജിപ്പിന്റെ അന്തരീക്ഷം സംജാതമാകാതിരിക്കാന്‍ ജനങ്ങളെ തെരുവിലിറക്കി സമരം നടത്തുക എന്നത് അവരുടെ നിലനില്‍പ്പിനാവശ്യമാണ്. ഭരണഘടനയുടെ 2B വകുപ്പില്‍ പറഞ്ഞിരിക്കുന്നു, ഓരോ ഇടവകയും ആ ഇടവകയിലെ അംഗങ്ങളുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന ട്രസ്റ്റിയും സെക്രട്ടറിയും കമ്മിറ്റിയും കൂടിയാണ് ഇടവക ഭരിക്കുക. വികാരിയായി വരേണ്ട അച്ചനെ കാതോലിക്കായുടെ പ്രതിനിധിയായ ഇടവക മെത്രാപ്പോലീത്താ നിശ്ചയിക്കുന്നതായിരിക്കും. ഈ കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷമാണ്. അതായത് ഓരോ വര്‍ഷവും തെരഞ്ഞെടുപ്പു നടത്തി പുതിയ കമ്മിറ്റി നിലവില്‍ വരും. വരവുചെലവു കണക്കുകള്‍ ഓരോ വര്‍ഷവും ഓഡിറ്റു ചെയ്യപ്പെടേണ്ടതും പൊതുയോഗത്തില്‍ അവതരിപ്പിച്ചു പാസ്സാക്കേണ്ടതുമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ക്കും കയ്യിട്ടു വാരാന്‍ കിട്ടുകയില്ല. അപ്പോള്‍ പിന്നെ കോടികള്‍ കൊടുത്തു നേടിയെടുത്തിരിക്കുന്ന മെത്രാന്‍ സ്ഥാനത്തിനെന്തു ഗുണം? ഒരു ചെറിയ ഉദാഹരണം പറയട്ടെ. എന്റെ ഒരു സുഹൃത്ത് 50 ലക്ഷം സംഭാവന കൊടുത്തിട്ട് ഒരു പ്രൈവറ്റ് കോളേജില്‍ ലക്ചററായി കയറി. തരക്കേടില്ലാത്ത വരുമാനം. നല്ല പൊസിഷന്‍. രാവിലെ മോട്ടോര്‍ സൈക്കിളില്‍ കയറി വരുന്നു. ധാരാളം സുഹൃത്തുക്കള്‍. എല്ലാവിധത്തിലും പേരും പ്രശസ്തിയും. ഇനി നല്ല കുടുംബത്തില്‍ നിന്നും ഒരു വിവാഹം കഴിക്കണം. 

അങ്ങനെ സ്വപ്‌നം കണ്ടിരിക്കുമ്പോഴാണ് ഇടിവെട്ടേറ്റതുപോലെ ആ വാര്‍ത്ത വന്നത്. കോളേജിന്റെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കോളേജ് ലോക്കൗട്ടു ചെയ്തു. മാനേജ്‌മെന്റു കൈമലര്‍ത്തി. സംഭാവന തിരിച്ചു കിട്ടിയില്ല. അതേ സമയം പി.എസ്.സി. ടെസ്റ്റെടുത്ത് ഇന്റെര്‍വ്യൂവും കഴിഞ്ഞ് നല്ല കോളേജില്‍ കയറിവര്‍ക്കു കുഴപ്പമില്ല. അതുപോലെയേ ഉള്ളൂ. 

വല്ലവര്‍ക്കും വേണ്ടി പോരടിക്കുന്ന സഹോദരങ്ങളോടൊന്നേ പറയാനുള്ളൂ. നിങ്ങളുണ്ടാക്കിയ ദേവാലയങ്ങള്‍ നിങ്ങളുടേതാണ്. അതാര്‍ക്കും വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. അതിനൊന്നു മാത്രം ചെയ്താല്‍ മതി. 1934 ലെ ആ ഭരണഘടന ഒന്നു വായിച്ചു നോക്കുക. എന്നിട്ടു നിങ്ങള്‍ ആ ഭരണഘടന അംഗീകരിക്കുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ തെരഞ്ഞെടുത്തു നിയമിക്കുന്ന കമ്മിറ്റിയും ട്രസ്റ്റിയും സെക്രട്ടറിയുമായിരിക്കും നിങ്ങളുടെ ദേവാലയങ്ങള്‍ ഭരിക്കുന്നത്. വികാരിയായി വരുന്ന അച്ഛന്മാര്‍ 3 വര്‍ഷം കഴിയുമ്പോള്‍  സ്ഥലം മാറി പുതിയ അച്ചന്‍ വരും. അവര്‍ക്കു മാസശമ്പളമാണ്. അത് കേന്ദ്രീകൃത രീതിയില്‍ ഭദ്രാസനത്തില്‍ നിന്നുമാണു കൊടുക്കുന്നത്. കോട്ടയത്തു നിന്നും  ബാവ വന്നാല്‍ വന്നു കുര്‍ബ്ബാന കഴിഞ്ഞു പോകുമ്പോള്‍ പൊതുയോഗം തീരുമാനിച്ചിരിക്കുന്ന ആ തുക കൊടുക്കുക. അത്രമാത്രം. 

ആരും കൈയ്യിട്ടു വാരി തളികയിലെ നേര്‍ച്ച നേരെ ഷോപ്പിംഗ് ബാഗിലിട്ടു കൊണ്ടുപോകുകയില്ല. കുപ്പായവും തൊപ്പിയും ധരിച്ച് അക്രമണത്തിനാഹ്വാനം ചെയ്യുന്ന കുട്ടി ദൈവങ്ങള്‍ക്ക് ഓശാന പാടാതെ അവരെ അവരുടെ വഴിക്കു വിടുക.

നിങ്ങള്‍ ഇനി അവര്‍ക്കു ചൂട്ടു പിടിക്കാന്‍ പോകില്ലെന്നു മനസ്സിലായാല്‍ സമാധാന ശ്രമങ്ങള്‍ക്കു തിരിതെളിയും. പാത്രിയര്‍ക്കീസ് കാതോലിക്കായെ അംഗീകരിക്കണം. കാതോലിക്കാ പാത്രിയര്‍ക്കീസിനെ കേരളത്തിലേക്കു ക്ഷണിക്കണം. വൈരാഗ്യം വെടിഞ്ഞ് സഹോദരങ്ങളെപ്പോലെ ഒന്നായാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവം സന്തോഷിക്കുകയും കേരളത്തിലെ ക്രൈസ്തവ സമൂഹം സാക്ഷ്യമുള്ളതായി തീരുകയും ചെയ്യും. അല്ലെങ്കില്‍ മുദ്രാവാക്യം വിളിച്ച് അടുത്ത തലമുറയിലേക്ക് നമുക്ക് ഈ വഴക്കുതുടരാന്‍ പകര്‍ന്നു ന്ല്‍കാം. അവര്‍ അടിച്ചു മരിക്കട്ടെ. അപഹാസ്യരാകട്ടെ! ഈ പരിശുദ്ധദേവാലയങ്ങളെ ചെകുത്താന്‍ പുരകളാക്കി സമൂഹത്തിനു ബാദ്ധ്യതയാകുന്ന ഒരു തലമുറയെ ബാക്കിയാക്കി നമുക്കു മടങ്ങാം.


ഈ വഴക്ക് ഇനിയും തുടരണമോ? - (ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2019-10-05 09:20:00
ദൈവത്തിനു ശക്തിയില്ല, മനുഷ്യനാണ് ശക്തി. ഇത് തിരിച്ചറിയാത്തേടത്തോളം 
കാലം മനുഷ്യൻ തമ്മിൽ തല്ലിയും കൊല ചെയ്തും ഭൂമി നരകമാക്കും.ഇത് 
വായിക്കുന്നവർ നെറ്റി ചുളിക്കണ്ട. ഇത് മഹാന്മാർ പറഞ്ഞതല്ല, നിസ്സാരനായ എന്റെ അഭിപ്രായമാണ്.   ഇയ്യിടെ ഒരു വീഡിയോ കണ്ട്. ഒരു പാവം 
മുസ്‌ലിം സഹോദരനെ ഹിന്ദുക്കൾ തല്ലികൊല്ലുന്നതാണ്. അവിടെ രാമനോ 
അല്ലാഹുവോ എത്തിയില്ല. തെരുവ് ഗുണ്ടകൾ ദൈവത്തിന്റെ പേരിൽ 
അക്രമം ചെയ്തു. ഇങ്ങനെ ലോകം മുഴുവൻ പൈശാചിക 
സംഭവങ്ങൾ അരങ്ങേറുന്നു. ഒരിടത്തും ദൈവം 
പ്രത്യക്ഷപ്പെടുന്നില്ല.  എല്ലാ ചെയ്യുന്നത് മനുഷ്യരാണ്. പിന്നെ എന്തിനാണ് പ്രിയ 
മനുഷ്യരെ നിങ്ങൾ ദൈവത്തിനു വേണ്ടി രക്തസാക്ഷി 
ആകുന്നതും അങ്ങേർക്ക് വേണ്ടി കൊല്ലാൻ പോകുന്നതും.. 

പ്രശ്നങ്ങൾ അവതരിപ്പിച്ച് പ്രശ്നമാക്കുന്ന രീതി ശ്രീ പാറക്കലിനില്ല.
പ്രശ്ന പരിഹാരം കൂടി നിർദേശിക്കുന്നു.  ഇത് നല്ല 
ലേഖനം. അമേരിക്കൻ എഴുത്തുകാർ എഴുത്തിലെ 
ചാതുർ വർണ്യത്തിനു പുറത്തതായതുകൊണ്ട് ഇതൊന്നും 
നാട്ടിലെ "ചെല്ലെഴുമാര്യന്മാർ" പ്രസിദ്ധീകരിക്കയില്ല.  പക്ഷെ ഇവിടെയുള്ളവർ 
വായിക്കാൻ തുടങ്ങിയാൽ മതി.  ശ്രീ  ബാബു പാറക്കലിന്  അഭിനന്ദനങ്ങൾ. 
അന്യന്റെ സ്വത്ത് 2019-10-05 11:07:51
ഇതെന്താ പാറക്കൽ? ഇത് ഓർത്തഡോക്സ് വിശദീകരണമല്ലേ?   സത്യമെന്താണ്~? ആരാണ് സഭാ തലവൻ? പാതിയാർക്കീസോ കാതോലിക്കയോ? മാർത്തോമാക്കു സിംഹാസനം പോയിട്ട് കേരളത്തിൽ വന്നുവോ എന്ന് പോലും സംശയമാണെന്നുള്ളതല്ലേ സത്യം? മാർത്തോമ്മാ സിംഹസനം എന്നത് പുതിയ തിയോളജി അല്ലെ? അപ്പോൾ ഓർത്തഡോക്സ് സഭ പുതിയ സഭ ആകുന്നു. സുപ്രീം കോടതിക്ക് അത് മനസിലായില്ല  
പള്ളി പൊതുയോഗം ഭരിക്കുന്നത് ഓക്കേ. പക്ഷെ വൈദികനെ കോട്ടയത്ത് നിന്ന് അയച്ചാൽ എങ്ങനെ ശരിയാകും? 
ഇത് രണ്ട് സഭയാണ്. ഒന്നാകാൻ ഒരു സാധ്യതയുമില്ല. അതിനാൽ വീതം വച്ച് മാന്യമായി പിരിയുക. അതോ അന്യന്റെ സ്വത്ത്  നിങ്ങൾക്ക് വേണോ? 
Vayanakkaran 2019-10-05 11:49:23
അങ്ങനെ എങ്കിൽ ഒന്നാം നൂറ്റാണ്ടു മുതൽ 17 )൦ നൂറ്റാണ്ടുവരെ ഒരു സഭയായി ആരാധന നടത്തി വന്ന നമ്മുടെ പൂർവ്വപിതാക്കന്മാർക്കാർക്കും വിവരമില്ലായിരുന്നു എന്നാണോ അന്യന്റെ സ്വത്തു പറയുന്നത്?
പാറക്കല്‍ എന്ത് പറയുന്നു? 2019-10-05 13:23:46
1 The Malankara Church is a division of the Orthodox Syrian Church. The Primate of the Orthodox Syrian Church is the Patriarch of Antioch. 
101. The Malankara Church shall recognize the Patriarch, canonically consecrated with the co-operation of the Catholicos.  The above are copied from the Constitution of the Church. What do you say Mr. Parakkal?
ഭരണഘടന പഠിക്ക് patriarch group! 2019-10-05 14:08:21
നല്ല ഭംഗിയായി, നിഷ്പക്ഷമായി, സത്യം/ യാഥാർഥ്യം ബാബു എഴുതി എന്ന് മാത്രം അല്ല പരിഹാരവും പറഞ്ഞു. ഇതേക്കുറിച്ചു ഇതുപോലെ ഉള്ള എൻ്റെ അഭിപ്രായം പല തവണ പഞ്ഞിട്ടുണ്ട് എങ്കിലും വീണ്ടും ആവർത്തിക്കുന്നു.
 1934 ലെ ഭരണഘടന പ്രകാരം ഇടവക ഭരണം വികാരി & ഓരോ വർഷവും ഇടവക അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന  ഭരണ സമിതിയും ആണ്. ഇടവക വികാരിക്കു  ഇപ്പോൾ  ലൈഫ് മെമ്പർഷിപ്പ് ഒന്നും ഇല്ല. ഇടവക മെത്രപൊലീത്ത ഇടക്കിടെ വികാരിമാരെ സ്ഥലം മാറ്റുന്നു. വളരെ പ്രായോഗികമായ ജനാധിപത്യ വ്യവസ്ഥിതി എന്ന് തന്നെ പറയാം. പാത്രിയര്കീസ്  വിഭാഗത്തിലെ തീവ്ര വാദികൾ  ഭരണഘടന വായിച്ചു മനസ്സിൽ ആക്കണം. ഉദാഹരണത്തിനു; പിറവം പള്ളിയിൽ കൂടുതൽ മെമ്പേഴ്‌സും പാട്രിയാർക്ക് വിഭാഗം എങ്കിൽ അവർ തന്നെ ആയിരിക്കും ഇടവക ഭരണം വികാരിയുമായ  യോജിച്ചു നടത്തുന്നത്.  കോട്ടയം കാതോലിക്കാ നിങ്ങളുടെ പള്ളി പിടിച്ചു പറിച്ചു കൊണ്ടുപോകുന്നില്ല. അതിനാൽ സുപ്രീം കോടതി വിധിയെ  അംഗീകരിച്ചു മുന്നോട്ടു  സമാധാനത്തോടെ പോകുക.  നിങ്ങൾക്ക് അനുകൂലമായി വിധികൾ വന്നപ്പോൾ നിങ്ങൾ കോടതിയെ നിഷേധിച്ചില്ലല്ലോ?
   സമാധാനത്തിനു തടസം നിൽക്കുന്നത്  വൻ തുക കോഴ കൊടുത്തു പുരോഹിതനും മെത്രാനും ഒക്കെ ആയവർ   ആണ്. നിങ്ങൾ കൊടുത്ത കൈക്കൂലിക്ക് കോട്ടയം ബാവ ഉത്തരവാദി അല്ല. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരം. നിങ്ങൾ ആർക്കു കൈക്കൂലി കൊടുത്തോ അവരിൽ നിന്നും തിരികെ വാങ്ങുക.
 സഭയിൽ സമാധാനമായി തുടരാൻ ആഗ്രഹിക്കുന്നവർ; സഭ നിർദേശിക്കുന്ന മിനിമം യോഗ്യത [ സെമിനാരി പഠനം മുതലായവ] നേടുക.
 രാജ്യത്തു സുരക്ഷിതത്വവും ക്രമ സമാധാനവും ഒക്കെ നില നിർത്താൻ ആണ്  പൊതുജനം നികുതി കൊടുക്കുന്നത്. നികുതി പണത്തിൽ നിന്ന്‌ ശമ്പളം കൊടുക്കുന്ന പോലീസിനെ  നിങ്ങളുടെ കുർബാനക്ക് കാവൽ  നിൽക്കുവാൻ സമ്മർദം നടത്തുന്നത്  ജനാധിപത്യം അല്ല; മത ഫാസിസം ആണ്.
 നിങ്ങൾ യേശുവിൻ്റെ  ആൾക്കാർ എങ്കിൽ, യേശുവിനെ വിളിക്കു നിങ്ങളെ സംരക്ഷിക്കാൻ!- andrew

baava kakshi 2019-10-05 16:39:40
വിശ്വാസികൾ കോട്ടയം ബാവായുടെ കീഴിൽ വരണം. യാക്കോബായ സഭ വേണ്ട എന്ന് പറഞ്ഞാൽ എന്ത് ചെയ്യും? ഉദാഹരണത്തിന് കോട്ടയം ബാവക്കു മണർകാട് പള്ളിയിൽ എന്ത് അധികാരം? അവർക്കു പട്ടക്കാരും ബിഷപ്പുമാരുമുണ്ട്.
കോട്ടയം ബാവ എന്തിനു വിഷമിക്കണം?
Vayanakkaran 2019-10-05 16:57:50
അതിനെന്തിനാ പാറയ്ക്കലിനെ വിളിക്കുന്നത്? ഉത്തരം നിങ്ങൾ എഴുതിയതിൽ തന്നെയുണ്ടല്ലോ. പാത്രിയർക്കേസിനെ വാഴിക്കുന്നതു കാതോലിക്കായുടെ സഹകരണത്തോടെയാവണം എന്ന് പറഞ്ഞല്ലോ. ഏതു പാത്രിയർക്കീസിനെയാണ് കാതോലിക്കയോട് പറഞ്ഞിട്ട് വാഴിച്ചിരിക്കുന്നത്? എന്നിട്ടും അവർ പാത്രിയാക്കീസിനെ ആല്മീയ പിതാവായി അംഗീകരിച്ചിരിക്കുന്നു എന്നത് അവരുടെ നല്ല മനസ്സല്ലേ? യാഥാർഥ്യം മനസ്സിലാക്കി ഇനിയെങ്കിലും സമാധാനത്തിനുവേണ്ടി ശ്രമിക്കുക. വീണ്ടും കുഴിച്ചു കുഴിച്ചു നാറ്റിക്കാതെ.
Pathrose 2019-10-05 19:06:39
യാക്കോബായക്കാരുടെ ആരാധനാ സ്വാതന്ത്ര്യമാണ് നിഷേധിക്കുന്നത്. അവർക്ക് കോട്ടയം ബാവയും 1934 ലെ ഭരണ ഘടനയും വേണ്ട. അത് പറയാൻ അവർക്കു സ്വാതന്ത്യ്രമില്ലേ?
V.George 2019-10-05 22:44:00
 I have a small doubt. Can one of the faithfuls or the Bishops clear my doubt? As we all know presently the Patriarch has no golden throne or even a wooden chair in Damascus. In reality he is living somewhere else as a refugee. Churches in Syria were destroyed by the ISIS. Many Syrian Christians are still living in foreign refugee camps. So, who is going to be your next Patriarch? Some one who has no theological background and formal education! Are we still going to accept such a person as Parisuddha Patriarcheese Bava?
How these Patriarch and Catholicose becomes Holy? (parisuddha catholica bava and parisuddha pathriarcheese bava). Does the holiness come freely as a bonus with big golden chains and a pumpkin hat? How they receive this Parisuddha status? Every Qurbana the priests and the faithfuls utter 3 times "God alone is Parisuddan". After attending the mass if you call your Bava Patisuddhan, then the Parisuddha Bava is your God! In that context your street fights are justified. Keep fighting for parisuddha patriarchese and parisuddha catholicose! Please don't ask for Harthal.
General public may handle you one of these days.

വഴക്ക് തീർക്കാൻ ആട്ടിൻ സൂപ്പ് 2019-10-05 23:21:09
 നല്ല ഒരാടിനെ കൊന്ന് ആട്ടിൻ സൂപ്പ് ഉണ്ടാക്കി എല്ലാ ബിഷപ്പിൻമാർക്കും കൊടുക്കുക . പിന്നെ ഒരിക്കലും അവർ തമ്മിൽ വഴക്കുണ്ടാക്കില്ല . 


നാരദൻ 2019-10-06 08:57:37
ബ്രദർ ജോർജ്ജ് . ആട്ടിൻ സൂപ്പ് കഴിക്കുക എല്ലാ സംശയങ്ങളും എന്നേക്കുമായി മാറി കിട്ടും . ജോളി ബ്രാൻഡ് തന്നെ കഴിക്കണം 
വഴിയില്‍ കുര്‍ബാനകാര്‍ക്കും സൂപ്പ് 2019-10-06 09:17:55
വഴിയില്‍ കുര്‍ബാന നടത്തുന്ന തൊഴിലാളികള്‍, ഹര്‍ത്താല്‍ നടത്തുന്നവര്‍, കമ്പി ഇല്ലാതെ പാലം പണിയുന്നവര്‍, മരട് പോലെയുള്ള സ്ഥലങ്ങളില്‍ ഫ്ലാറ്റ് പണിയുന്നവര്‍, സ്ഥിരം നിരാഹാരം നടത്തുന്നവര്‍, വര്‍ഗിയ വാദികള്‍, ഇവര്‍ക്ക് ഒക്കെ ഇനി മുതല്‍ സൂപ്പ് കൊടുത്താലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക