Image

മോഹന്‍ലാലിലെ നായകനെ കണ്ട് കൊതിച്ചു, ആ ബ്രഹ്മാണ്ഡകഥാപാത്രം തെലുങ്കില്‍ താനാകുമെന്ന് പ്രഖ്യാപിച്ച്‌ ചിരഞ്ജീവി

Published on 05 October, 2019
മോഹന്‍ലാലിലെ നായകനെ കണ്ട് കൊതിച്ചു, ആ ബ്രഹ്മാണ്ഡകഥാപാത്രം തെലുങ്കില്‍ താനാകുമെന്ന് പ്രഖ്യാപിച്ച്‌ ചിരഞ്ജീവി

സിനിമാ രംഗത്ത് മെഗാസ്റ്റാര്‍ എന്ന വിശേഷണത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്ന ആളാണ് ചിരഞ്ജീവി. 1978ല്‍ തുടങ്ങിയ സിനിമാ രംഗത്തേക്കുള്ള ചുവടുവയ്പ്പില്‍ ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായെത്തി. ചലച്ചിത്രാഭിനയത്തിനുപുറമെ സാമൂഹ്യസേവനത്തിലും രാഷ്ട്രീയത്തിലും ചിരഞ്ജീവി ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങിയിരുന്ന അദ്ദേഹം തന്റെ പ്രായം അന്‍പതുകളെ സമീപിച്ചപ്പോള്‍ തന്നെ അഭിനയിക്കുന്ന സിനിമകളുടെ എണ്ണം പാടെ ചുരുക്കി.


ഇപ്പോള്‍ മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രമായ ലൂസിഫര്‍ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുകയാണ് ചിരഞ്ജീവി. ചിത്രത്തിന്റെ പകര്‍പ്പവകാശം തന്റെ ചില നിര്‍മാതാക്കള്‍ വഴി പൃഥ്വിയില്‍ നിന്നും വാങ്ങിയെന്നും ഇനി തെലുങ്കില്‍ അഭിനയിക്കാന്‍ പോകുന്ന അടുത്ത സിനിമ ലൂസിഫര്‍ ആയിരിക്കുമെന്നും ചിരഞ്ജീവി വെളിപ്പെടുത്തി. പൃഥ്വരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കണ്ടപ്പോള്‍ തന്നെ അതിലെ മോഹന്‍ലാലിന്റെ കഥാപാത്രം ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

"പൃഥ്വരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കണ്ടപ്പോള്‍ തന്നെ അതിലെ മോഹന്‍ലാലിന്റെ കഥാപാത്രം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണ്. തുടര്‍ന്ന് എന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ ലൂസിഫര്‍ തെലുങ്കില്‍ ചെയ്യുന്നതിനുള്ള അവകാശം സ്വന്തമാക്കി. അടുത്ത വര്‍ഷം തെലുങ്ക് ലൂസിഫറിന്റെ ഷൂട്ടിംഗ് തുടങ്ങും. മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രം തെലുങ്കിലും അദ്ദേഹം തന്നെ അവതരിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ,രാംചരണ്‍ അതുചെയ്താല്‍ കൂടുതല്‍ ഭംഗിയാകുമെന്നായിരുന്നു ഈ ആവശ്യം പറഞ്ഞപ്പോള്‍ പൃഥ്വിയുടെ മറുപടി"-അദ്ദേഹം പറ‌ഞ്ഞു.


സൈറ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവിയുടെ പുതിയ ചിത്രം. ബഹുഭാഷാ ചിത്രമായ സൈറയില്‍ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, സുദീപ്, നയന്‍താര, തമന്ന തുടങ്ങിയ വന്‍താരനിര തന്നെ വേഷമിട്ടിട്ടുണ്ട്. 200 കോടി മുതല്‍മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുരീന്ദര്‍ റെഡ്ഢിയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക