Image

കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ത്യയില്‍ കുറ്റകൃത്യം; മോദി സര്‍ക്കാരിനെതിരെ വിഎസ്

Published on 04 October, 2019
കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ത്യയില്‍ കുറ്റകൃത്യം; മോദി സര്‍ക്കാരിനെതിരെ  വിഎസ്

തിരുവനന്തപുരം : രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ച് കത്തെഴുതിയ 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച് സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍.

അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപിച്ചതെന്ന് വ്യക്തമാണെന്ന് വി എസ് തുറന്നടിച്ചു. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മശ്രീ മണിരത്‌നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. 'അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല' എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്.

ഈ രാജ്യം ഭരിക്കുന്ന രാജ്യസ്‌നേഹികള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ കത്തയക്കുന്നതിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തതെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസ്സിലാവുമായിരുന്നു. ഇതതല്ല. ബിജെപി ഭരണകാലത്ത് വര്‍ധിതമായ തോതില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അട്ടിമറിയുണ്ടെന്നും, രാജ്യദ്രോഹമുണ്ടെന്നും, മതവികാരം വ്രണപ്പെടുന്നുണ്ടെന്നും, വിഭാഗീയതയുണ്ടെന്നുമെല്ലാമാണ് കേസ്.

ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിത്.

രാഹുല്‍ ഗാന്ധി.

കല്‍പറ്റ: രാജ്യത്ത് പെരുകി വരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലവകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 50 ഓളം സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി.

മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം അക്രമിക്കുകയും ജയിലിലിടുകയും ചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കുന്ന മാദ്ധ്യമങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും, ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ശ്രീരാമന്റെ പേര് ഇന്ത്യയില്‍ കൊലപാതകങ്ങള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 50 സിനിമാ പ്രവര്‍ത്തകര്‍ കത്തെഴുതിയത്.

ബീഹാറിലെ മുസഫര്‍പൂര്‍ പൊലീസാണ് ഇവര്‍ക്കെതിര എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഴുത്തുകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണി രത്നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അപര്‍ണ സെന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും വിഘടനവാദത്തെ പിന്തുണക്കുന്നതായും ആരോപിച്ച് അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.


അടൂര്‍ ഗോപാലകൃഷ്ണന്‍


രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവര്‍ ഒരു അനീതി ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ട ആക്രണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് രാമചന്ദ്ര ഗുഹ, മണി രത്നം തുടങ്ങി 49 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രണ്ട് മാസം മുമ്പ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.

രാജ്യത്ത് ഒരു അനീതി നടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതിയത്. വിനീതനായിട്ടാണ്, ധിക്കാരപരമായി എഴുതിയതല്ല ആ കത്ത്. അതില്‍ ഒപ്പിട്ട 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്.

ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസമായിരുന്നു അങ്ങനെ കത്തെഴുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും പരിഹാരം കാണുക എന്നതാണ് സാധാരണ ഗതിയില്‍ ഭരണകൂടം ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും അടൂര്‍ പ്രതികരിച്ചു.

കോടതി അത്തരമൊരു പരാതി പരിഗണിച്ച് കേസെടുക്കാന്‍ ആവശ്യപ്പെട്ടത് തന്നെ രാജ്യത്തെ ആശങ്കജനകമായ സാഹചര്യം വ്യക്തമാക്കുന്നു. ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ചത് പോലെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിന് നേരെ വെടിവെച്ചവര്‍ രാജ്യ ദ്രോഹികളല്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അത്തരക്കാരെ ഒരു കോടതിയും ഭരണകൂടവും കാണുന്നില്ല. അവരെല്ലാം ഇപ്പോള്‍ എംപിമാരാണ്. അത്തരമൊരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. നീതിന്യായ വ്യവസ്ഥയിലും സംശയമുണ്ടാക്കുന്ന നിലയിലാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

അടൂരടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് പുറമെ പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക