Image

നവരാത്രി കാലവും നാവില്‍ അറിവിന്റെ ആദ്യാക്ഷരമെഴുതുന്ന വിദ്യാരംഭവും (ശ്രീനി)

ശ്രീനി Published on 03 October, 2019
നവരാത്രി കാലവും നാവില്‍ അറിവിന്റെ ആദ്യാക്ഷരമെഴുതുന്ന വിദ്യാരംഭവും (ശ്രീനി)
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി ്യു
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ...

ഇത് നവരാത്രി കാലമാണ്. പൂജവയ്പ്പുകാലം. കന്നി മാസത്തിലെ വെളുത്ത പക്ഷത്തില്‍ പ്രഥമ തുടങ്ങിയുള്ള ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ദുര്‍ഗാപൂജ നടത്തുന്ന കാലം. വിദ്യാ ദേവതയായ സരസ്വതിയെ അകമഴിഞ്ഞ് സ്തുതിക്കുന്ന പവിത്ര കാലം. (ഒക്‌ടോബര്‍ രണ്ടുമുതല്‍ 10 വരെ) ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികള്‍ ആഘോഷിക്കുന്ന ഉത്സവ കാലം. അതായത് ദുര്‍ഗാപൂജയുടെ ഭക്തിനിര്‍ഭരമായ വൃതദിനങ്ങളാണിത്. നവരാത്രി ദീപങ്ങള്‍ പ്രകാശമാനമാകുന്ന പുലരികളും തൃസന്ധ്യാ വേളകളും. ഇക്കുറി ഒകിടോബര്‍ അഞ്ചാം തീയതി ശനിയാഴ്ചയാണ് പൂജവയ്പ്പ്. ഏഴിന് മഹാനവമി. എട്ടിന് വിജയദശമി-വിദ്യാരംഭം. കുരുന്നു നാവില്‍ അറിവിന്റെ ആദ്യാക്ഷരമെഴുതുന്ന മഹാദിനം.

നവരാത്രി ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. അസമിലും ഒറീസയിലും ശക്തിയുടെ പ്രതീകമായി ദുര്‍ഗാദേവിയെ ആരാധിക്കുന്നു. പഞ്ചാബികള്‍ക്ക് ഉപവാസത്തിന്റെ നാളുകളാണിവ. തമിഴ്‌നാട്ടില്‍ ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസം ലക്ഷ്മീദേവിയേയും അടുത്ത മൂന്നു ദിവസം പാര്‍വതീ ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീ ദേവിയേയും ആരാധിക്കുന്നു. കേരളത്തില്‍ ഇത് പൂജവയ്പ്പിന്റെ ആഘോഷമാണ്. ആയുധപൂജയും അതിനോടനുബന്ധിച്ച് നടത്തുന്നു. നവരാത്രിയുടെ ഒടുവില്‍ വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്.

വിദ്യയെന്നാല്‍ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. ഹൈന്ദവ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. നവരാത്രിയുടെ ഏറ്റവും പ്രധാന ദിനങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എിവയാണ്.

ദക്ഷയാഗം മുടക്കുവാനായി ഭദ്രകാളി തിരുവവതാരമെടുത്ത പുണ്യ ദിനമാണ് ദുര്‍ഗ്ഗാഷ്ടമി. ദുര്‍ഗ്ഗാദേവി മഹിഷാസുരനേയും, ശ്രീരാമന്‍ രാവണനെയും, ദേവേന്ദ്രന്‍ വൃത്രാസുരനേയും, മഹാവിഷ്ണു മധു കൈടഭന്മാരേയും നിഗ്രഹിച്ച ദിവസമാണ് വിജയദശമി. വിരാട രാജ്യം ആക്രമിച്ച കൗരവരെ അര്‍ജ്ജുനന്റെ നേതൃത്വത്തില്‍ പാണ്ഡവര്‍ തോല്പിച്ചതും വിജയദശമിനാളിലാണ്. തിന്മയുടെ മേല്‍ നന്മയുടേയും, അന്ധകാരത്തിനു മേല്‍ പ്രകാശത്തിന്റെയും, അജ്ഞാനത്തിനു മേല്‍ ജ്ഞാനത്തിന്റെയും വിജയം സംഭവിച്ച ദിവസമാകയാലാണ് ഈ ദിനം വിജയദശമി എന്നറിയപ്പെടുന്നത്. വിജയന് (അര്‍ജ്ജുനന്) ജയം ലഭിച്ച ദിനമെന്നും അര്‍ത്ഥമുണ്ട്.

ക്രൂരനായ മഹിഷാസുരന്‍ തപസുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി. സ്ത്രീകള്‍ മാത്രമേ തന്നെ കൊല്ലാവൂ എന്ന് വരവും നേടി. അതിനുശേഷം ദേവന്മാരുമായി നൂറുവര്‍ഷം നീണ്ടുനിന്ന മഹായുദ്ധത്തില്‍ മഹിഷാസുരന്‍ വിജയിച്ചു. മഹിഷാസുരനെ വധിക്കാനായി ദേവന്മാര്‍ ശിവനേയും മഹാവിഷ്ണുവിനേയും ശരണം പ്രാപിച്ചു. അവരുടെ ശരീരത്തില്‍ നിന്നും പുറപ്പെട്ട ഉജ്ജ്വലമായ പ്രകാശം ഭൂമിയില്‍ പതിച്ച് ദുര്‍ഗാദേവി രൂപംകൊണ്ടു. ദേവന്മാര്‍ ആയുധങ്ങളും ആഭരണങ്ങളും ദുര്‍ഗാദേവിക്ക് നല്‍കി. ഹിമവാന്‍ ഒരു സിംഹത്തെയും ദേവിക്ക് സമ്മാനിച്ചു. ആ സിംഹത്തിന്റെ പുറത്തുകയറി ദുര്‍ഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം.

കുട്ടികളെ ആദ്യമായി അക്ഷരങ്ങള്‍ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികള്‍ക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ക്ഷേത്രങ്ങളില്‍ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികള്‍ക്ക് മൂന്നാം വയസ്സിലാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തില്‍ അക്ഷരാഭ്യാസം അല്ലെങ്കില്‍ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കള്‍ കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാര്‍ത്ഥന നടത്തുന്നു. കുട്ടിയെ മടിയില്‍ ഇരുത്തിയശേഷം ഗുരു സ്വര്‍ണമോതിരം കൊണ്ടു നാവില്‍ 'ഹരിശ്രീ' എന്നെഴുതുന്നു. 'ഹരി' എന്നത് ദൈവത്തേയും 'ശ്രീ' എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരല്‍ കൊണ്ട് ധാന്യങ്ങള്‍ (പച്ചരി) നിറച്ച പാത്രത്തില്‍ 'ഓം ഹരി ശ്രീ ഗണപതയെ നമഃ' എന്ന് എഴുതിക്കുന്നു. ധാന്യങ്ങള്‍ നിറച്ച പാത്രത്തില്‍ എഴുതുന്നത് അറിവ് ആര്‍ജിക്കുന്നതിനേയും പൂഴിമണലില്‍ എഴുതുന്നത് അറിവ് നിലനിര്‍ത്തുന്നതിനേയും സൂചിപ്പിക്കുന്നു. സാധാരണയായി അക്ഷരങ്ങള്‍ എഴുതിച്ച് തുടങ്ങുന്നത് ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്‌നമസ്തു; ശ്രീ ഗുരുഭ്യോ നമഃ എന്ന മന്ത്രം ധാന്യങ്ങള്‍ (പച്ചരി) നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്. ഇന്ന് ജാതി മത ഭേദമെന്യേ വിവിധ കേന്ദ്രങ്ങളില്‍ എഴുതിതുനിരുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചുവരുന്നു. ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളും വിദ്യാരംഭം അനുഷ്ഠിക്കുന്നവരാണിപ്പോള്‍. കാരണം അറിവിന് വര്‍ണവര്‍ഗ ഭേദങ്ങളില്ലെന്നതുതന്നെ.

പ്രധാന വിദ്യാരംഭ സ്ഥലങ്ങള്‍ ഇവയാണ്. തുഞ്ചന്‍ പറമ്പ് (തിരൂര്‍, മലപ്പുറം ജില്ല), ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ( തിരുവനന്തപുരം), പനച്ചിക്കാട് സരസ്വതി ക്ഷേത്രം (കോട്ടയം), മൂകാംബിക സരസ്വതി ക്ഷേത്രം (വടക്കന്‍ പറവൂര്‍), എഴുകോണ്‍ മൂകാംബിക ക്ഷേത്രം (കൊല്ലം), തിരുവുള്ളക്കാവ് ശ്രീ ധര്‍മശാസ്ത ക്ഷേത്രം, (തൃശ്ശൂര്‍), ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ത്രിക്കാവ് ശ്രീദുര്‍ഗ്ഗാ ക്ഷേത്രം, (പൊന്നാനി), ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം), കൊല്ലൂര്‍ മൂകംബികാ ക്ഷേത്രം. കര്‍ണാടകയിലെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികള്‍ ഭാവിയില്‍ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വര്‍ഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയില്‍ എല്ലായിടത്തും നവരാത്രി നാളുകളില്‍ ദേവീ പൂജ നടന്നു വരുന്നു. പക്ഷേ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാം. കേരളത്തില്‍ നവരാത്രി പൂജ പ്രത്യേകിച്ച് കുമാരീ പൂജ ആര്‍ഭാടമായി നടന്നു കാണാറില്ല. ഇവിടെ ദേവീ ഭാഗവത നവാഹയജ്ഞങ്ങളും പൂജവെയ്പും, വിദ്യാരംഭവും വിശേഷാല്‍ ചടങ്ങുകളുമേ നടന്നു വരാറുള്ളല്ലോ. യഥാര്‍ത്ഥ നവരാത്രി പൂജയെന്നത് കുമാരീ പൂജയോടും ദേവീ ഭാഗവത നവാഹത്തോടും ചണ്ഡികായാഗത്തോടും, നവാക്ഷരീ, ദേവീ മാഹാത്മ്യ ജപത്തോടും, ദേവീബിംബ പൂജയോടും, ദേവീ ബിംബ നിമജ്ജനത്തോടും കൂടിയ മഹാപൂജയാണ്. ഉത്തരഭാരതത്തില്‍ ഈ ചടങ്ങുകളോടെയാണു നവരാത്രിയാഘോഷം. ബംഗാളിലെ നവരാത്രി കാളീ പൂജയെന്നും ചണ്ഡീപൂജയെന്നും അറിയപ്പെടുന്നു.

ബംഗാളില്‍ ദേവിയുടെ മണ്ണു കൊണ്ടുള്ള ബിംബങ്ങള്‍ നിര്‍മ്മിച്ച് നവരാത്രി കാലത്ത് വിശേഷാല്‍ ചടങ്ങുകളോടെ പൂജിക്കുന്നു. തുടര്‍ന്ന് പൂജയുടെ ഒടുവില്‍ വിജയദശമി നാളില്‍ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്നു. തമിഴ്‌നാട്ടില്‍ കൊലുവെയ്‌പോടെയാണ് നവരാത്രി ആഘോഷം. തമിഴ് ബ്രാഹ്മണരുടെ ബൊമ്മക്കൊലു ഒരുക്കലും പൂജയും പ്രസിദ്ധമാണ്. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയമായി രാമലീല കൊണ്ടാടിയാണ് ഉത്തരേന്ത്യയിലെ നവരാത്രി.

വിജയദശമിയുടെ പുണ്യദിനത്തില്‍ നമ്മുടെ മുന്നിന്‍ വിദ്യയാല്‍ നേടിയ വിജയത്തിന്റെ പുതു ചക്രവാളം കാണാനാവും. ഏവര്‍ക്കും വഴികാട്ടിയാവാന്‍ പോന്നവിധം ലോകത്തെവിടെയായാലും ഇന്ത്യക്കാര്‍ നന്‍മയുടെ ജീവിതം കരുപ്പിടിപ്പിക്കണം. സൃഷ്ടിയിലെ വിഭിന്നതകളത്രയും ഹൃദയത്തിലേറ്റി സമത്വത്തോടെ ഭാവിയിലേയ്ക്ക് സഞ്ചരിക്കുന്ന ഉത്തമമാതൃകളാവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ദിനമാണ് പടിവാതില്‍ക്കലെത്തിനില്‍ക്കുന്നത്. വിജയദശമി...ആ ദിനം വിജയത്തിന്റെ മാത്രം അധ്യായമാണ്...ചൊരിമണലിലെഴുതിപ്പഠിച്ച പാഠങ്ങളുടെ ആദ്യാക്ഷരക്കുറിക്കലാണ്...


നവരാത്രി കാലവും നാവില്‍ അറിവിന്റെ ആദ്യാക്ഷരമെഴുതുന്ന വിദ്യാരംഭവും (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക