Image

സ്വാമി അഗ്‌നിവേശിനുനേരെ പ്രതിഷേധവും കൈയേറ്റശ്രമവും

Published on 02 October, 2019
സ്വാമി അഗ്‌നിവേശിനുനേരെ പ്രതിഷേധവും കൈയേറ്റശ്രമവും
തിരുവനന്തപുരം: പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്വാമി അഗ്‌നിവേശിനുനേരെ പ്രതിഷേധവും കൈയേറ്റശ്രമവും. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി. കൈയേറ്റശ്രമത്തിനുപിന്നില്‍ ഹിന്ദുത്വശക്തികളാണെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. തനിക്കുനേരെ രണ്ടുതവണ കൈയേറ്റശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത്തരമൊരു സംഭവം നടന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജപ്പുര സരസ്വതിമണ്ഡപം ഓഡിറ്റോറിയത്തില്‍ വൈദ്യസഭയുടെ സൗജന്യ നാട്ടുചികിത്സാ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

സ്വാമി അഗ്‌നിവേശ് വേദിയിലെത്തിയതോടെ ഒരു സംഘം പ്രതിഷേധവുമായി എത്തി.

സ്വാമി അഗ്‌നിവേശിനെ ഇവിടെ പ്രവേശിപ്പിക്കാനും പ്രസംഗിക്കാനും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. മുദ്രാവാക്യംവിളികളുമായി അവര്‍ വേദിക്കുമുന്നിലെത്തി. ചിലര്‍ വേദിയിലേക്കുകയറി സ്വാമിയെ തടയാനും കൈയേറ്റംചെയ്യാനും ശ്രമിച്ചതോടെ സ്വാമിതന്നെ വേദിയില്‍നിന്ന് ഇറങ്ങിപ്പോയി.

''എനിക്കുപറയാനുള്ളത് പറയാന്‍ അനുവദിച്ചില്ല. ഒട്ടേറെത്തവണ കേരളത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു സംഭവം ആദ്യമാണ്. പോലീസ് നോക്കിനില്‍ക്കെയാണ് അക്രമമുണ്ടായത്'' -സ്വാമി പറഞ്ഞു. പരാതി കിട്ടാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൂജപ്പുര പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം താന്‍ പങ്കെടുക്കേണ്ട ഒരു പരിപാടിയില്‍നിന്ന് അവസാനനിമിഷം ഗവര്‍ണര്‍ പിന്മാറിയിരുന്നു. കേരള ഗവര്‍ണര്‍ തന്റെ സുഹൃത്താണെങ്കിലും ആര്‍.എസ്.എസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയതെന്നാണ് കരുതുന്നതെന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക