Image

ഒറ്റയടിപ്പാത (കവിത: സതീഷ് അയ്യര്‍)

Published on 02 October, 2019
ഒറ്റയടിപ്പാത (കവിത:  സതീഷ് അയ്യര്‍)
നമ്മളൊന്നായ് തീര്‍ന്നൊരീ...
ഒറ്റയടിപ്പാത,
വിജനമായിരുന്നൊരീ ഒറ്റയടിപ്പാത.!!
നഗരപരിഷ്കാരത്തിന്‍...
പുത്തനാം മോടികള്‍ പൂത്തുലഞ്ഞപ്പോള്‍...
നാട്ടുവഴിയും കൗതുകക്കാഴ്ചതന്‍
മേളക്കൊഴുപ്പില്‍.!!
നമ്മുടെ പ്രണയം വഴിതെറ്റിപ്പിരിഞ്ഞതും...
മൂകസാക്ഷിയായ് കണ്ടുനിന്നതുമീ
ഒറ്റയടിപ്പാത.!!
ഇനിയെന്‍ യാത്രയില്‍...
തുടിച്ചുപിടയും വഴിമറന്ന,
ചിന്തകള്‍ ഒന്നുമാത്രം.!!
വഴിക്കണ്ണാലുടക്കി നീറുന്ന...
നരവീണ നൊമ്പരചിത്രങ്ങള്‍,
ഇന്നിനിയും ബാക്കിയായ് നീറുന്നു.!!
നമ്മുടെ പിന്നാമ്പുറക്കാഴ്ചകള്‍...
എന്‍ കണ്ണീരുപ്പിന്‍ രുചിതേടി,
ഓര്‍മ്മയാം നാഗങ്ങളായിഴഞ്ഞ്...
ഫണമുയര്‍ത്തിയാടുന്നു.!!
ഇനിയുമേറെ ദൂരങ്ങള്‍ താണ്ടുവാന്‍...
തനിച്ചെനിക്കാവില്ല സഖീ.!!
മൃതിതേടിയലയുന്ന പഥികനെപ്പോലിന്ന് ഞാന്‍...
മൂകനായ് ഏകാന്തയാത്രതുടരുന്നു
അര്‍ത്ഥശൂന്യനായ്.!!
മഴപെയ്തകന്നങ്ങുപോകെ...
മരംപെയ്യുന്ന പൂമരച്ചോട്ടിലെത്രവട്ടം നമ്മള്‍...
ചുടുനിശ്വാസച്ചൂടില്‍,
ചുംബനപ്പൂക്കള്‍ വിരിയിച്ചിരുന്നു.!!
പ്രണയമൊരു വേനല്‍ച്ചൂടിന്‍...
വറുതിപോലുഴറി നെഞ്ചുപിടയ്ക്കും,
നൊമ്പരം താങ്ങുവാനിനി വയ്യ.!!
മദമിളകിപ്പായും മതഭ്രാന്തിന്‍,
ക്രൂരമുഖത്തുനാം...
മരണംപതിയിരിക്കുന്നതിന്‍,
ഭയംമുറുകി പിരിഞ്ഞൊളിച്ചതും,
ഇരുവഴികള്‍താണ്ടി
അകലങ്ങളില്‍ കൂടണഞ്ഞതും...
മറക്കുവാനാകുന്നില്ല സഖീ.!!
സദാചാരം സടകുടഞ്ഞുചാടുമീ മണ്ണില്‍...
സ്‌നേഹത്തിന്‍ പവിത്രമുഖം,
പാഴ് സ്വപ്നമായ് മായുന്നു.!!
ഒറ്റയടിപ്പാതകള്‍ വിജനമാകുന്നില്ല...
വിജനമായ് വികൃതമായ് മാറുന്നത്...
മാനവ ഹൃദയങ്ങള്‍മാത്രം.!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക