Image

യു.എന്‍.എ തട്ടിപ്പ്: പണം ഉപയോഗിച്ച് ഭാര്യയുടെ പേരില്‍ 2 കാറുകളും, ഫ്‌ളാറ്റും

Published on 01 October, 2019
യു.എന്‍.എ തട്ടിപ്പ്: പണം ഉപയോഗിച്ച് ഭാര്യയുടെ പേരില്‍ 2 കാറുകളും, ഫ്‌ളാറ്റും
തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എന്‍.എ) പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വകമാറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. യു.എന്‍.എയുടെ പേരിലുള്ള നാല് അക്കൗണ്ടുകളില്‍ നിന്നായി ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷംനയുടെ പേരിലുളള അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്ന് കണ്ടെത്തി. 2017 മുതല്‍ 2019 മാര്‍ച്ചുവരെ വകമാറ്റിയ പണം ഉപയോഗിച്ച് ഷംനയുടെ പേരില്‍ ഇന്നോവയും സ്വിഫ്റ്റ് കാറും തൃശൂരില്‍ അരക്കോടിയിലേറെ രൂപ വിലയുള്ള ഫ്‌ലാറ്റും സ്വന്തമാക്കിയതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. 55 ലക്ഷം രൂപാ വിലയുള്ള ഫ്‌ലാറ്റിന്റെ ഇടപാടിനായി പത്ത് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ നിന്ന് ചെലവഴിച്ചത്. ബാക്കി 45 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തതായുളള രേഖകളും കണ്ടെത്തി. ബാങ്ക് വായ്പകള്‍ ഷംന മുടക്കംവരുത്താതെ അടച്ചിരുന്നെങ്കിലും കേസില്‍ ഇവരെ കൂടി പ്രതിചേര്‍ക്കുകയും ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പേരില്‍ നാല് ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകള്‍ അന്വേഷണസംഘം മരവിപ്പിച്ചു. നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് ഷംനയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷംനയേയും കേസില്‍ പ്രതിചേര്‍ത്തത്. ഒന്നാംപ്രതി ജാസ്മിന്‍ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു എന്നിവരും യഥാക്രമം രണ്ടുമുതല്‍ നാലുവരെ പ്രതികളാണ്. നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തിരിമറികള്‍ പുറത്താകുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ജൂലൈ 19ന് ജാസ്മിന്‍ ഷായും മറ്റ് നാല് പ്രതികളും നെടുമ്പാശേരി വിമാനത്താവളം വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ 'താന്‍ ഖത്തറിലാണ്, സംഘടനയില്‍ നിന്ന് താത്കാലികമായി അവധിയെടുത്തതാണ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. താന്‍ ഒളിവിലാണെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്' തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം രാജ്യം വിട്ടതായി കണ്ടെത്തിയത്.

യാത്രാവിവരങ്ങളും മൊബൈല്‍ ഫോണ്‍ വിളികളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക