Image

കേജ്രിവാളിന്റെ ബീഹാറികള്‍ക്കെതിരെയുള്ള പരാമര്‍ശം- പാവപ്പെട്ടവര്‍ക്ക് ശബ്ദം നഷ്ടപ്പെടുന്ന പുതിയ ഇന്ത്യ (വെള്ളാശേരി ജോസഫ്)

Published on 01 October, 2019
കേജ്രിവാളിന്റെ ബീഹാറികള്‍ക്കെതിരെയുള്ള പരാമര്‍ശം- പാവപ്പെട്ടവര്‍ക്ക് ശബ്ദം നഷ്ടപ്പെടുന്ന പുതിയ ഇന്ത്യ  (വെള്ളാശേരി ജോസഫ്)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആളൊരു ബുദ്ധിമാനാണ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഒരു പാര്‍ട്ടി എന്ന ലേബലില്‍ നിന്ന് ഇപ്പോള്‍ കേജ്രിവാളിന്റെ പ്രാദേശിക വികാരം മുതലാക്കാനുള്ള തീരുമാനം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ഒന്നാണെന്ന് ചിന്തിക്കുന്ന എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കും. ബുദ്ധിമാനായ കേജ്രിവാളിന്റെ രാഷ്ട്രീയ കുരുട്ടു ബുദ്ധിയുടെ ഭാഗമായാണ് അദ്ദേഹം ബീഹാറികള്‍ക്കെതിരെ തിരിഞ്ഞത്. ബി.ജെ.പി. തീവ്ര ദേശീയത മുതലാക്കുമ്പോള്‍, ഉങഗ തമിഴ് ദേശീയത മുതലാക്കുമ്പോള്‍, മമതാ ബാനര്‍ജി ബംഗാളി ഭാഷാ വികാരം രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ കേജ്രിവാളിനെ കുറ്റം പറയാനും സാധിക്കില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റ്‌റെ 'കംബള്‍ഷന്‍സ്' ആയി കേജ്രിവാളിന്റ്‌റെ ബീഹാറികള്‍ക്കെതിരെയുള്ള നീക്കം വ്യാഖിനിക്കേണ്ടി വരും; ആം ആദ്മി പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്ന് അത്തരമൊരു സമീപനം വ്യതിചലിക്കുക ആണെങ്കിലും.

2016  ലെ കണക്കനുസരിച്ച് ഡല്‍ഹിയുടെ മൊത്തം ജനസംഖ്യ 18.6 മില്യണ്‍ ആണ്. അതായത് ഏകദേശം ഒരു കോടി 90 ലക്ഷത്തിനടുത്ത്. ഡല്‍ഹിക്ക് ചുറ്റുമുള്ള ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ, ഗുര്‍ഗോണ്‍, സോനിപ്പട്ട്  ഈ സ്ഥലങ്ങളിലെ ജനസംഖ്യ കൂടി കൂട്ടിയാല്‍ ഏകദേശം 24 മില്യണ്‍ ആളുകള്‍ അഥവാ രണ്ടര കോടിക്കടുത്തുള്ള ജനങ്ങള്‍ 'നാഷണല്‍ ക്യാപ്പിറ്റല്‍ റീജിയനില്‍' താമസിക്കുന്നു. ഈ ജനസംഖ്യയില്‍ ഒരു പങ്ക് 'ഫ്‌ളോട്ടിങ് പോപ്പുലേഷന്‍' ആണ്. അന്യ സംസ്ഥാന തൊഴിലാളികളും, വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വരുന്നവരും ആണവര്‍. ഡല്‍ഹിയില്‍ വോട്ടവകാശം ഇല്ലാത്ത ഈ അന്യ സംസ്ഥാന തൊഴിലാളികളോടും, വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വരുന്നവരോടും ഡെല്‍ഹിക്കാര്‍ക്ക് പ്രത്യേകിച്ച് മമത ഒന്നുമില്ല; പലപ്പോഴും വിരോധവുമുണ്ട്. ഈ വിരോധം വോട്ടാക്കി മാറ്റാനുള്ള യജ്ഞത്തിലാണെന്നു തോന്നുന്നു ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.

ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളിലൊന്നായ ഡല്‍ഹിയില്‍ 63 ലക്ഷത്തോളം അന്യ സംസ്ഥാനക്കാര്‍ ഉണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. അതായത് മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തോളം ഈ അന്യ സംസ്ഥാന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായി വരും. ഈ 'മൈഗ്രന്റ്‌റ് ലേബറേഴ്‌സില്‍' ഏറ്റവും ദരിദ്ര വാസികള്‍ ആണ് ബീഹാറികള്‍. ദാരിദ്ര്യത്തേയും, പിന്നോക്കാവസ്ഥയേയും പുച്ഛിക്കുന്ന ഉത്തരേന്ത്യന്‍ സമൂഹം പണ്ട് 'ബീഹാറിയോം കോ മാര്‍നാ ഹേ' എന്നാണ് പറഞ്ഞിരുന്നത്  ബീഹാറിയെ കണ്ടാല്‍ തല്ലണമെന്ന്. ഇപ്പോഴും ആ മനോഗതിക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. 'അരേ ബീഹാറി' എന്ന് വിളിക്കുന്നതാണ് ഉത്തരേന്ത്യയയില്‍ പലപ്പോഴും ഏറ്റവും നിന്ദ്യമായി കണക്കാക്കപ്പെടുന്നത്.

ഈ ബീഹാറികളോടുള്ള പൊതുജനത്തിന്റ്‌റെ വിരോധം സമര്‍ത്ഥമായി മുതലാക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്രിവാള്‍ ഇപ്പോള്‍. 500 രൂപക്ക് ടിക്കറ്റെടുത്ത് 5 ലക്ഷം രൂപയുടെ മെഡിക്കല്‍ സേവനങ്ങള്‍ ബീഹാറികള്‍ക്ക് ഡല്‍ഹിയില്‍ കിട്ടുന്നു; അതുകൊണ്ടാണ് ഡല്‍ഹിയിലെ ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്നത് എന്ന് അരവിന്ദ് കേജ്രിവാള്‍ പറയുമ്പോള്‍ അതിലൊരു ഗൂഢ ലക്ഷ്യമുണ്ട്. താന്‍ ഡല്‍ഹി നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വളരെയേറെ കാര്യങ്ങള്‍ ചെയ്തു; പക്ഷെ പുറത്തു നിന്നുള്ളവര്‍ ആ നേട്ടങ്ങളൊക്കെ അടിച്ചുമാറ്റുകയാണ് എന്ന് പറയാതെ പറയുകയാണ് അരവിന്ദ് കേജ്രിവാള്‍. ദരിദ്ര വാസികളായ ബീഹാറികള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതൊക്കെ അടിച്ചുമാറ്റുന്നു എന്ന് ഒരു 'ഫീലിംഗ്' വരുമ്പോള്‍ പ്രാദേശിക ജനത തന്നോടൊപ്പം നില്‍ക്കും എന്ന് ബുദ്ധിമാനായ കെജ്രിവാളിന് അറിയാം.

സത്യത്തില്‍ ബീഹാറികള്‍ക്കെതിരെയുള്ള ജനവികാരം ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്നതല്ല. പണ്ട് ബീഹാറികള്‍ക്കെതിരെ പ്രസംഗിച്ചതിന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെക്കെതിരെ ബിഹാര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതാണ്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ബീഹാറികള്‍ക്കെതിരെ മോശമായ ഭാഷയില്‍ ലേഖനമെഴുതിയ കേസിലാണ് ബോജ്പുര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി താക്കറെക്കെതിരെ അറസ്റ്റ് വാറന്റ്‌റ് പുറപ്പെടുവിച്ചത്. കൂടെ ശിവസേനാ പ്രവര്‍ത്തകര്‍ മുംബൈയിലെ ചില ബീഹാറികളെ ആക്രമിക്കുകയും ചെയ്തു. മുംബൈയില്‍ താമസിക്കുന്ന ബീഹാറികള്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കണമെന്ന് ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ്‌റ് ഉദ്ദവ് താക്കറേ പറഞ്ഞിരുന്നു. ഒരു പടി കൂടി പോയി മഹാരാഷ്ട്രയിലെ ബീഹാറികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന രാജ് താക്കറേയും പറഞ്ഞു.

ഇന്ത്യയുടെ നഗരങ്ങളില്‍ റിക്ഷാ ചവിട്ടുകാരും, 'മൈഗ്രന്റ്‌റ് ലേബറേഴ്‌സുമായി' ഏറ്റവും കൂടുതലുള്ള വിഭാഗമാണ് ബീഹാറികള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ഗ്രൂപ്പാണിവര്‍. അവര്‍ പാവപ്പെട്ടവരാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റ്‌റെ മിഥ്യാഭിമാനത്തിന് രാജ്യത്തിലെ അത്തരം ദാരിദ്ര്യമൊന്നും ഇപ്പോള്‍ രുചിക്കുന്നില്ല. അതുകൊണ്ട് ഇന്ത്യയിലെ ടി.വി. ചാനലുകളൊന്നും ദരിദ്രരുടെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നുമില്ല. മൊത്തത്തില്‍ അവര്‍ക്കുള്ള മീഡിയ കവറേജ് വളരെ കഷ്ടിയാണ്. മഹാത്മാ ഗാന്ധിയുടെ 'ദരിദ്രനാരായണന്മാരുടെ ഇന്ത്യ' എന്ന നിലയില്‍ നിന്ന് 'ശക്തമായ ഇന്ത്യ' എന്ന ഇമേജ് നല്‍കാനാണിപ്പോള്‍ കേന്ദ്ര സര്‍ക്കാരും, ബി.ജെ.പി.  യും, സംഘ പരിവാറും ഒക്കെ ചേരുന്ന ഇന്നത്തെ ഭരണവര്‍ഗം ശ്രമിക്കുന്നത്. അതിനനുസരിച്ച് താളം തുള്ളുകയാണ് അരവിന്ദ് കേജ്രിവാളും. ചുരുക്കം പറഞ്ഞാല്‍ പാവപ്പെട്ടവര്‍ക്ക് ശബ്ദം നഷ്ടപ്പെടുന്ന ഇന്ത്യയായി പുതിയ ഇന്ത്യ മാറിക്കൊണ്ടിരിക്കയാണിപ്പോള്‍.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്‌റിലെ അസിസ്റ്റന്റ്‌റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക