Image

സാഹോദരീയ നഗരം മഹാത്മജിയുടെ ജന്മദിനം ആഘോഷിക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2019
സാഹോദരീയ നഗരം മഹാത്മജിയുടെ ജന്മദിനം ആഘോഷിക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലഡല്‍ഫിയ: അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നായ ഫിലഡല്‍ഫിയയില്‍ വച്ചു മേയേഴ്‌സ് കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സിന്റെ നേതൃത്വത്തിലും, മറ്റ് ഇതര സംഘടനകളുടെ സഹകരണത്തിലുമായി ഒക്‌ടോബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഫിലഡല്‍ഫിയ സിറ്റി ഹാളില്‍ വച്ചു ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നുറ്റമ്പതാം ജന്മദിനം സമുചിതമായി കൊണ്ടാടുന്നു.

അമേരിക്കയിലെ ചരിത്രസ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന നഗരമായ ഫിലഡല്‍ഫിയയില്‍ വച്ചു ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മോര്‍ ഡിക്കായി ജോണ്‍സണില്‍ നിന്നും മഹാത്മാഗാന്ധിയുടെ അഹിംസാ രീതികളിലൂടെയുള്ള സ്വാതന്ത്ര്യസമരങ്ങളെക്കുറിച്ച് റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആദ്യമായി കേട്ടറിഞ്ഞതില്‍ നിന്നും ഉടലെടുത്ത ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് അമേരിക്കയിലെ ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട പൗരാവകാശ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടിയുള്ള ഉജ്വലലമായ പോരാട്ടങ്ങള്‍ക്ക് ആരംഭംകുറിച്ചത്.

സമൂഹത്തിലെ വിവിധ വര്‍ഗ്ഗവണ്ണ വിവേചനങ്ങള്‍, മതങ്ങള്‍, സംസ്കാരങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവയുടെ ചരിത്രപരമായ ബന്ധങ്ങള്‍ എത്തിക്കുകയെന്നുള്ളതും കൂടാതെ പുതുതലമുറയിലേക്ക് സമാനരീതിയിലുള്ള ഇന്ത്യന്‍ ജനാധിപത്യ സ്വാതന്ത്ര്യസമരവും അമേരിക്കന്‍ പൗരാവകാശ സ്വാതന്ത്ര്യസമരവും തമ്മിലുള്ള ചരിത്രപരമായ ബന്ധം അറിയിക്കുക എന്നുള്ളതും ഏഷ്യന്‍ അമേരിക്കന്‍ കമ്യൂണിറ്റിയും ആഫ്രിക്കന്‍ അമേരിക്കന്‍ കമ്യൂണിറ്റിയും തമ്മിലുള്ള ആശയപരമായ ബന്ധം പരസ്പരം കൈമാറുന്നതിനായും, അതിലും ഉപരിയായി ലോക ജനതയോട് ചേര്‍ന്നുനിന്നുകൊണ്ട് സമാധാനത്തിന്റെ സന്ദേശം കൈമാറുക എന്നുള്ള ദൗത്യവും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

അതുവരെയുള്ള ലോക ചരിത്രത്തെ മാറ്റിമറിച്ച 'സിംഗിള്‍ ഗവണ്‍മെന്റ് ഓഫ് ഡെസ്റ്റിനി' എന്നതാണ് മുഖ്യചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഭാരതത്തില്‍ നിന്നും ഗാന്ധിയന്‍ ജീവചരിത്രവും അക്രമരഹിതമായ സമര രീതികളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയതിനുശേഷം തിരികെ അമേരിക്കയിലെത്തി പൗരാവകാശ സ്വാതന്ത്ര്യത്തിനുള്ള സമരങ്ങളുടെ ചുക്കാന്‍പിടിച്ച റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനോടൊപ്പം മുഖ്യധാരയില്‍ പ്രവര്‍ത്തിച്ച റവ. ജയിംസ് ലോസണ്‍ മുഖ്യാതിഥിയായി എത്തുകയും അന്നേദിവസം മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.

ഫിലഡല്‍ഫിയ സിറ്റി മേയേഴ്‌സ് കമ്മീഷന്‍ അംഗങ്ങളായ ജീമോന്‍ ജോര്‍ജ്, മാത്യു തരകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ജന്മദിനാഘോഷം ക്രമീകരിച്ചിരിക്കുന്നത്. ഈ അവിസ്മരണീയമായ ചരിത്ര സുദിനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ഒരു പത്രക്കുറിപ്പിലൂടെ ബന്ധപ്പെട്ടവര്‍ അറിയിക്കുകയുണ്ടായി.
 
സാഹോദരീയ നഗരം മഹാത്മജിയുടെ ജന്മദിനം ആഘോഷിക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക