Image

മാപ്പിളപാട്ടുകളുടെ സൗന്ദര്യം നഷ്‌ടമാകുന്നത്‌ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന്‌ വ്യതിചലിക്കുമ്പോള്‍: വി.എം. കുട്ടി

ഷക്കീബ്‌ കൊളക്കാടന്‍ Published on 08 May, 2012
മാപ്പിളപാട്ടുകളുടെ സൗന്ദര്യം നഷ്‌ടമാകുന്നത്‌ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന്‌ വ്യതിചലിക്കുമ്പോള്‍: വി.എം. കുട്ടി
റിയാദ്‌: മാപ്പിളപ്പാട്ടുകളുടെ സൗരഭ്യവും സൗന്ദര്യവും നഷ്‌ടമാകുന്നത്‌ യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന്‌ വ്യതിചലിക്കുമ്പോഴാണെന്ന്‌ പ്രശസ്‌ത മാപ്പിളപ്പാട്ട്‌ ഗായകന്‍ വി.എം കുട്ടി അഭിപ്രായപ്പെട്ടു. റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്‌) സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായ അനേകം മാറ്റങ്ങള്‍ക്ക്‌ കാരണമായ മഹത്തായ സന്ദേശമാണ്‌ മാപ്പിളപ്പാട്ടിലൂടെ സമൂഹത്തിന്‌ ലഭിച്ചിരുന്നത്‌. പുതിയ തലമുറ ഈ സാഹിത്യരൂപത്തെ വേണ്‌ടത്ര ഗൗരവത്തില്‍ സമീപിക്കാത്തതിനാല്‍ സ്വത്വം നഷ്‌ടപ്പെട്ടുകൊണ്‌ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്‌ടിക്കാട്ടി.

പൗരാണിക കലകളില്‍ പലതിനും അപചയം സംഭവിച്ച കൂട്ടത്തില്‍ മാപ്പിളപ്പാട്ടുകള്‍ക്കും പരിക്ക്‌ പറ്റിയിട്ടുണ്‌ട്‌. നല്ല രചനകളുണ്‌ടാകാത്തതാണ്‌ പ്രധാന പ്രശ്‌നം. പി.ടി. അബ്ദുറഹ്‌മാനുശേഷം വിരലിലെണ്ണാവുന്നവരേ രംഗത്തുള്ളൂ. ഈണമിട്ട ശേഷം വാക്കുകള്‍ പെറുക്കിവയ്‌ക്കുന്ന ആധുനിക സിനിമാഗാന സമ്പ്രദായം മാപ്പിളഗാന ശാഖയും സ്വീകരിച്ചു തുടങ്ങിയതോടെ അപചയത്തിന്‌ ആരംഭമായി. പ്രമുഖ മലയാള കവികളുടെ പത്തുവരി കവിതപോലും മനഃപാഠമില്ലാത്തവരാണ്‌ പുതിയ പാട്ടെഴുത്തുകാര്‍. റിയാലിറ്റി ഷോകളിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌.

മാപ്പിളപ്പാട്ട്‌ എന്താണെന്ന്‌ അറിയാത്തവരാണ്‌ വിധികര്‍ത്താക്കളായെത്തുന്നത്‌. ചാനലുകളുടെ കച്ചവട താല്‍പര്യത്തിനനുസരിച്ചാണ്‌ മാര്‍ക്ക്‌. കല തനിക്ക്‌ ജീവവായു ആണെന്നും അതിനോട്‌ നീതി പുലര്‍ത്താന്‍ കഴിയാത്ത ചില ദുരനുഭവമുണ്‌ടായതുകൊണ്‌ടാണ്‌ കൈരളി ചാനലിലെ പട്ടുറുമാല്‍ പരിപാടിയില്‍ നിന്നു പിന്‍മാറേണ്‌ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പാടുന്നതിനേക്കാള്‍ തനിക്കിഷ്ട്‌ടം മാപ്പിളപ്പാട്ട്‌ ശാഖയുടെ ചരിത്രവും വികാസവും പറയാനാണ്‌.

മാപ്പിളപ്പാട്ടെന്ന രചനാശാഖ തന്നെ ഇല്ലാതാകുമ്പോള്‍ പുതുതലമുറയിലെ രചയിതാക്കള്‍ക്കും ഗായകര്‍ക്കും അതിന്റെ ഉത്തരവാദിത്വമുണ്‌ട്‌. വായനയില്ലാത്തതിനാല്‍ പുതിയ രചനകള്‍ക്ക്‌ ദിശാബോധം നഷ്‌ടമാകുന്നു. കവിത്വം നഷ്ടപ്പെടുകയും ആശയം ഇല്ലാതാവുകയും ചെയ്യുന്നു. മനുഷ്യ മനസുകളെ ഒന്നിപ്പിക്കാന്‍ കഴിവുള്ള സംഗീതത്തിന്‍െറ ഈ ബഹുസ്വര സവിശേഷത ജാതിയും മതവും പറഞ്ഞ്‌ അകന്നുപോകുന്ന മനസുകളെ കൂട്ടിയിണക്കാനുള്ള വേദികളാക്കി മാറ്റാന്‍ കഴിയും.

പണ്‌ടത്തെ മാപ്പിളപ്പാട്ട്‌ കവികള്‍ ജന്മിത്വത്തിനെതിരെയും ബ്രിട്ടീഷ്‌ കോളനിവാഴ്‌ചക്കെതിരെയുമെല്ലാം ശബ്ദിച്ചിരുന്നു. തീവ്രവാദം, അന്യമതവൈരം, അന്ധവിശ്വാസം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ടിന്റെ ഈരടികളില്‍ കനത്ത വിമര്‍ശനത്തിന്‌ വിധേയമായിരുന്നു. മാപ്പിളപ്പാട്ടുകളുടെ വളര്‍ച്ചക്ക്‌ ഒരുപാട്‌ സംഘടനകളുണെ്‌ടങ്കിലും ആരും കാര്യമായി ഒന്നും ചെയ്യുന്നില്ല. ആളുകളെ കൂട്ടി ഒരു പരിപാടി സംഘടിപ്പിച്ചതുകൊണേ്‌ടാ അവാര്‍ഡ്‌ നല്‍കിയതുകൊണേ്‌ടാ മാത്രം മാപ്പിളപ്പാട്ട്‌ വളരില്ല. മാപ്പിളപ്പാട്ടിന്റെ വളര്‍ച്ചക്ക്‌ അല്‍പ്പമെങ്കിലും ചെയ്യുന്നത്‌ കേരള മാപ്പിളകലാ അക്കാദമിയാണ്‌.

പഴയ മാപ്പിളപ്പാട്ടുകള്‍ സാമൂഹിക വിമര്‍ശനങ്ങള്‍ക്കാണ്‌ മുന്‍തൂക്കം നല്‍കിയതെങ്കില്‍ ഇന്ന്‌ പ്രേമമാണ്‌ സകല പാട്ടുകളുടെയും പ്രമേയം. സ്‌ത്രീകളുടെ പേരുകളും പ്രേമവും ചേര്‍ത്തുവെച്ചാല്‍ മാപ്പിളപ്പാട്ടായി എന്നാണ്‌ അവരുടെ ധാരണ. ഇത്തരം പാട്ടുകളില്‍ പ്രണയത്തിന്റെ ആവിഷ്‌കരണവും അരോചകമാണ്‌. എന്നാല്‍ പ്രണയത്തെ മനോഹരമായി അവതരിപ്പിക്കാനും ഏറ്റവും ഹൃദയസ്‌പര്‍ശിയായി വര്‍ണിക്കാനും മികവ്‌ കാട്ടിയ മഹാകവിയാണ്‌ മോയിന്‍ കുട്ടി വൈദ്യര്‍.

കുഞ്ചന്‍ നമ്പ്യാരും കാളിദാസനും തുഞ്ചത്ത്‌ എഴുത്തച്‌ഛനുമെല്ലാം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. മുഹിയുദ്ദീന്‍ മാലയുടെ ഈണം ആദിവാസികളുടെ നാടോടി പാട്ടിന്‍േറതാണെന്നും വി.എം കുട്ടി പറഞ്ഞു.

ഏഴാം വയസില്‍ തുടങ്ങി 77 ാം വയസിലെത്തി നില്‍ക്കുമ്പോള്‍ സൗദിയിലെ തന്റെ സന്ദര്‍ശനമാണ്‌ ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ മുഹൂര്‍ത്തം. സൗദിയിലെ ആദ്യ ഇന്ത്യന്‍ വിദ്യാലയമായ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാപ്പിള കലാ പ്രേമികളുടെ കൂട്ടായ്‌മയില്‍ നിന്നാണ്‌ ആരംഭം കുറിച്ചതെന്നും സ്‌കൂള്‍ നിര്‍മാണത്തിനുള്ള പ്രഥമ ഫണ്‌ട്‌ ജിദ്ദയില്‍ തന്റെ നേതൃത്വത്തില്‍ നടന്ന ഇശല്‍ സന്ധ്യയിലൂടെയാണ്‌ കണെ്‌ടത്തിയതെന്നും വി.എം കുട്ടി പറഞ്ഞു.

റിംഫ്‌ പ്രസിഡന്റ്‌ ഷക്കീബ്‌ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ നജീം കൊച്ചുകലുങ്ക്‌ ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഉബൈദ്‌ എടവണ്ണ സ്വാഗതവും കള്‍ച്ചറല്‍ വിംഗ്‌ കണ്‍വീനര്‍ നൗഷാദ്‌ കോര്‍മത്ത്‌ നന്ദിയും പറഞ്ഞു.
മാപ്പിളപാട്ടുകളുടെ സൗന്ദര്യം നഷ്‌ടമാകുന്നത്‌ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന്‌ വ്യതിചലിക്കുമ്പോള്‍: വി.എം. കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക