Image

ലണ്ടനില്‍ ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ നടന്ന റെയ്‌ഡില്‍ നിരവധി കുടിയേറ്റക്കാര്‍ അറസ്റ്റില്‍

Published on 08 May, 2012
ലണ്ടനില്‍ ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ നടന്ന റെയ്‌ഡില്‍ നിരവധി കുടിയേറ്റക്കാര്‍ അറസ്റ്റില്‍
ലണ്‌ടന്‍: അനധികൃതകുടിയേറ്റങ്ങള്‍ക്കെതിരെ ബോര്‍ഡര്‍ ഏജന്‍സിയുടെ കര്‍ശനപരിശോധന യുകെയിലെമ്പാടും തുടരുന്നു. ഇതിന്റെ ഭാഗമായി ബ്രിസ്‌റ്റോളിനുസമീപം നെയില്‍സീയിലും യാട്ടണിലും രണ്‌ടു ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ നടത്തിയ റെയ്‌ഡില്‍ 11 പേര്‍ അറസ്റ്റിലായി. ഇതില്‍ എട്ടുപേര്‍ ബംഗ്ലാദേശികളാണ്‌. മറ്റുള്ളവരുടെ പൗരത്വം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. നെയില്‍സിലെ പോഷ്‌ സ്‌പൈസിസ്‌, യാട്ടണിലെ തന്തൂരി ഇന്‍ യാട്ടണ്‍ എന്നിവയിലായിരുന്നു റെയ്‌ഡ്‌. പോഷ്‌ സ്‌പൈസിസില്‍ നിന്നും അറ്‌ അനധികൃത ജീവനക്കാരെ ബോര്‍ഡര്‍ ഏജന്‍സി പിടികൂടി. ഇവരെ ബ്രിസ്‌റ്റോളിലെ ട്രിനിറ്റി റോഡ്‌ പോലീസ്‌റ്റേഷനില്‍ വിശദമായി ചോദ്യംചെയ്‌തു. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റത്തിന്‌ ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. തുടര്‍നടപടകളുടെ ഭാഗമായി രണ്‌ടു റസ്റ്റോറന്റുകളും അടച്ചുപൂട്ടി.

ഇവരില്‍ വീസാകാലാവധി കഴിഞ്ഞശേഷവും രാജ്യത്ത്‌ തങ്ങിയെന്ന കുറ്റത്തിനു മൂന്നുപേരെ മാതൃരാജ്യത്തേക്ക്‌ തിരിച്ചയച്ചേക്കും. പിടിയിലായവരില്‍ ഒരാള്‍ക്കെതിരേ അനധികൃതമായി കുടിയേറിയെന്ന കുറ്റത്തിനും കേസെടുക്കും. മറ്റു രണ്‌ടുപേരുടെ കുടിയേറ്റരേഖകള്‍ വിശദമായി പരിശോധിച്ചുവരികയാണ്‌. ഇവര്‍ക്ക്‌ ജാമ്യം അനുവദിച്ചിട്ടുണ്‌ട്‌.

യാട്ടണിലെ റസ്റ്റോറന്റില്‍ അഞ്ചുപേരാണ്‌ പിടിയിലായത്‌. ഇവരില്‍ രണ്‌ടുപേര്‍ വീസചട്ടങ്ങള്‍ ലംഘിച്ചതായി കണെ്‌ടത്തി. ഒരാള്‍ കാലാവധി കഴിഞ്ഞും യുകെയില്‍ താമസിച്ചുവരികയാണ്‌. മറ്റൊരാള്‍ അനധികൃതമായി രാജ്യത്ത്‌ കടന്നതായും ബോര്‍ഡര്‍ ഏജന്‍സി കണെ്‌ടത്തി. നാടുകടത്തലിനു മുന്നോടിയായുള്ള നടപടിക്രമങ്ങളിലാണ്‌ ഇവര്‍. അറസ്റ്റിലായ അഞ്ചാമനെ ജാമ്യത്തില്‍ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക