Image

ഹഫീസ് സെയ്ദ് മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളെന്ന് ഹില്ലരി

Published on 08 May, 2012
ഹഫീസ് സെയ്ദ് മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളെന്ന് ഹില്ലരി
ന്യൂഡല്‍ഹി: ഹഫീസ് സെയ്ദ് മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹില്ലരി.

സ്വന്തം മണ്ണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിളനിലമാകാതിരിക്കാന്‍ പാക്കിസ്ഥാന്‍ കൂടുതല്‍ നടപടികളെടുക്കേണ്ടതുണ്ടെന്ന് ഹില്ലരി പറഞ്ഞു. തീവ്രവാദി ആക്രമണങ്ങളില്‍ 30,000 ത്തോളം പാക്കിസ്ഥാനികളാണ് കൊല്ലപ്പെട്ടതെന്നും ഹില്ലരി ചൂണ്ടിക്കാട്ടി. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാക്കിസ്ഥാന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.എം. കൃഷ്ണയും ആവശ്യപ്പെട്ടു. മുംബൈ ആക്രമണം കൂടാതെ പാക്കിസ്ഥാന്‍, അഫ്ഗാന്‍ വിഷയങ്ങളും ഇറാന്‍ ആണവ പ്രശ്നവും ഇരുവരും ചര്‍ച്ച ചെയ്തു.

ആണവായുധങ്ങള്‍ കൈവശപ്പെടുത്തുന്നതില്‍ നിന്നും ഇറാനെ തടയാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങളില്‍ ഇന്ത്യയും പങ്കാളിയാകുമെന്നാണ് യുഎസ് കരുതുന്നതെന്ന് ഹില്ലരി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്ന തീരുമാനമെടുക്കുന്നതില്‍ ഇന്ത്യ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രശ്നത്തില്‍ സമാധാനപരമായ നയതന്ത്ര പരിഹാരം കാണുന്നതു വരെ ഇറാന് മേല്‍ സമ്മര്‍ദ്ദം തുടരുമെന്നും അവര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ഉത്തമ മാര്‍ഗം നയതന്ത്ര ഇടപെടലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ ലഭ്യതയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താനായി യുഎസ് എനര്‍ജി കോര്‍ഡിനേറ്ററെ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് അയക്കുമെന്നും ഹില്ലരി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക