Image

കാക്രാനയിലെ വിശുദ്ധ പിശാച് (ഒന്ന്-ഗംഗ .എസ് )

ഗംഗ .എസ് Published on 25 September, 2019
കാക്രാനയിലെ വിശുദ്ധ പിശാച് (ഒന്ന്-ഗംഗ .എസ് )
റോബര്‍ട്ട് വില്‍ഫ്രഡ് ഗോണ്‍സലവാസ് ഭൂജാതന്‍ ആയത് (ജാതഭുതന്‍ എന്ന് വിശേഷിപ്പിയ്ക്കുന്നതാവും കൂടുതല്‍ ശരി) ഒരു ഈസ്റ്ററിന്റെ കാലപ്പഴക്കമേറിയ നോവുകളിലേയ്ക്ക് ആയിരുന്നു.

കാലപ്പഴക്കമേറിയ നോവുകള്‍

കാക്രാനയുടെ സ്വന്തം ശരികളുടെ കൂമ്പാരം.

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദരിദ്രമായ ആഘോഷങ്ങള്‍ കാക്രാന നിവാസികളെ തല്‍ക്കാലത്തേക്കെങ്കിലും വറുതി ദിനങ്ങളെ മറന്ന് മാപ്പാക്കാന്‍ സഹായിച്ചു.

ഇടവകയിലെ, അത്രയ്ക്ക് ഒന്നും വകയില്ലാത്ത കൊത്രോടനച്ചന്‍ കര്‍ത്താവിനെ തലേന്നേ ഉണര്‍ത്തി ഇപ്രകാരം അറിയിച്ചു.

'നിന്റെ ജന്മദിനവും മരണദിനവും ഉയര്‍ത്തെഴുന്നേല്‍പ്പും നടപ്പും കിടപ്പും ഇല്ലായിരുന്നേല്‍ കാക്രാനയുടെ സന്തതികള്‍ നിത്യ ദാരിദ്ര്യത്തിന്റെ കൊടുമയില്‍ സമാധി ആയിപ്പോയേനെ'.

അച്ചന് മുന്നിലിരുന്ന മെലിഞ്ഞ ബിസ്‌ക്കറ്റുകളും ഗ്രഹണി പിടിച്ചു വയറുന്തിയ പാളയങ്കോടന്‍ പഴങ്ങളും ഉണങ്ങി വരണ്ട് ക്രമത്തിലധികം മൊരിഞ്ഞ റൊട്ടിത്തുണ്ടുകളും കണ്ടവാറേ കര്‍ത്താവും അക്കാര്യം ശരി വച്ചു.
.......
പകല്‍ ഉണരുന്നതിന് മുന്‍പുള്ള നാലാം മണി നേരത്ത് മുള്ളുമുരിക്കില്‍ കാറ്റ് നഗ്‌നതയെ ഉരിഞ്ഞിട്ട് കയറും പോലെ ക്രീ ക്രീ ന്ന് അരോചകമായി മുരണ്ട് അവന്‍ മണ്ണും മാനവും സ്പര്‍ശിച്ചു,

കല്ല് പോലെ ഒരം ഉള്ള കടല്‍ക്കാറ്റിനെയും കല്ലില്‍ കാറ്റ് പിടിച്ചപോലെ കടുത്ത പട്ടിണിയേയും ദര്‍ശിച്ചു. കണ്ണ് അടച്ചു തുറന്നു...
അത്ര പ്രതീക്ഷാനിര്‍ഭരം അല്ല സാഹചര്യം...

അവന്റെ മാതാവ് ശോശിമ്മയും പിതാവ് ഉപ്പിട് എന്ന് വിളിപ്പേരുള്ള വില്‍ഫ്രഡ് ഗോണ്‍സലവാസും പതിച്ചി കുഞ്ഞാടിച്ചിയും മാത്രമേ അന്നേരം ആ പരിസരത്ത് ഉണ്ടായിരുന്നുള്ളൂ.
കാ ക്രാ നയുടെ സന്തതികള്‍ മുഴുവന്‍ പള്ളിയിലാണ്.
'നല്ലോരു ഈസ്റ്റര്‍ മുടക്കി '

കൊത്രോടനച്ചന് മുന്നിലിരുന്ന് ശോശി മ്മയുടെ പെണ്മക്കള്‍ അന്വേന്യം പിറുപിറുത്തു.

ബ ത്ത ലാ ഹം ന്നു വെള്ള ചോക്ക് കൊണ്ടെഴുതിയ, പൂപ്പലും തുപ്പലും ചെതുമ്പലും തൊങ്ങലിട്ട പലക ഭിത്തിയിലേയ്ക്ക് കണ്ണും മിഴിച്ചു കോട്ടുവായിട്ടു, അവന്‍ നവജാതന്‍ ക്ഷീണമകറ്റി.

കൊത്രോടനച്ചന്റെ നിലയും നില്‍ക്കള്ളിയുമില്ലാത്ത പ്രസംഗ മധ്യസ്ഥത യില്‍ സഹികെട്ടു കര്‍ത്താവും അന്നേരം കുരിശിന്റെ അസ്വാതന്ത്ര്യത്തില്‍ അനുനയിച്ചു ശരീരം വളച്ചു കോട്ടുവായിട്ടു.

കുഞ്ഞാടിച്ചി പ്പതിച്ചി ശിശുവിനെ പൊക്കിള്‍ വള്ളിയില്‍ നിന്ന് നിഷ്‌ക്കരുണം അറുത്തു മാറ്റി കവുങ്ങും പാളക്കഷണത്തിന്റെ വെളിച്ചത്തിലേക്ക് ചൊരിഞ്ഞിട്ടു.

അമര്‍ത്തി അമര്‍ത്തി അലറി അവന്‍ പ്രതിക്ഷേധിച്ചു ക്രേ ക്രേ ന്ന്.

കുഞ്ഞാടിച്ചി അന്തിച്ചു. ഇതെന്താ മഴയെ ക്ഷണിയ്ക്കുന്ന മാക്രിയെപ്പോലെ??

'ജന്തൂന്റെ ഒടുക്കത്തെ നെലോളി. ശാശങ്ങു് ചത്തെങ്കി'

. ശോശിമ്മ പ്രത്യാശയോടെ പ്രതീക്ഷ കൈവിടാതെ പതിച്ചിയെ നോക്കി.

പതകരി പിടിച്ചു വികൃതമായ ഈ ബലിഷ്ഠ കൈകളില്‍ കൂടെ ആണ് കാക്രാനയിലെ സകല പ്രജകളും ഭൂമിയെ തൊട്ടത് അറിഞ്ഞത്. ഏതാണ്ട് അത്ര ത്തോളം തന്നെ ചാപിള്ള കളും. എന്നിട്ടും.

'ബ് ഭാ.. പരക്കഴി. !കര്‍ത്താവിനും കാക്കിരാനയ്ക്കും നിരക്കാത്ത പണിയും പടുതിയും ഈ കുഞ്ഞാടിച്ചി ഇന്നേവരെ ചെയ്തിട്ടില്ല. ഇനി ഒട്ട് ചെയ്യുവേം ഇല്ലായെ തമ്പിരാനെ. '

പാളപാത്രം ആട്ടിയുലച്ചു കൊണ്ട്, അതിശക്തിയില്‍ കുഞ്ഞാടിച്ചി ആട്ടി.

ശോശിമ്മയെ ആണോ ഉപ്പിടിനെ ആണോ?

. ആരാണോ ഈ വെറുക്കപ്പെട്ട സന്തതിയ്ക്ക് കാരണഭൂതര്‍ ആയത് അതുങ്ങളെ

കര്‍ത്താവ് തല വീണ്ടും ചരിച്ചു വച്ചു.

കുഞ്ഞാടിച്ചിയ്ക്ക് ഉള്ളത് കുഞ്ഞാടിച്ചിയ്ക്ക് കൊടുക്കണം.

അതും വൈകരുത്. അന്നന്നു ഉള്ള കൂലി അതാത് ദിവസം കൊടുക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക