Image

വ്യാജന്മാരെക്കൊണ്ട് പൊറുതിമുട്ടി; ഒടുവില്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ശ്രീനിവാസന്‍

Published on 24 September, 2019
വ്യാജന്മാരെക്കൊണ്ട് പൊറുതിമുട്ടി; ഒടുവില്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ശ്രീനിവാസന്‍
കൊച്ചി: തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച്‌ വ്യാജ പ്രചാരണം നടത്തുന്നുവെന്നും അതില്‍ വഞ്ചിതരാകരുതെന്നും ശ്രീനിവാസന്‍. തനിക്ക് ഇതുവരെ അക്കൗണ്ടില്ലായിരുന്നുവെന്നും വ്യാജപ്രചരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. ആദ്യം സിപിഎമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ മകന്‍ വിനീതിനെ ഉപദേശിച്ചെന്നടക്കം വ്യാജ പ്രചരണങ്ങളാണ് ഈ അക്കൗണ്ടുകളിലൂടെ നടക്കുന്നത്. സിപിഎം ഒരു ചൂണ്ടയാണ് സൂക്ഷിക്കണം, എന്നും താന്‍ പറഞ്ഞെന്നാണ് പ്രചരണം. ഇതെല്ലാം തീര്‍ത്തും വ്യാജമാണെന്നും വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. പുതുതായി തുടങ്ങിയ Sreenivasan Pattiam (sreeni) എന്ന പേരിലുള്ളതാണ് ഔദ്യോഗിക അക്കൗണ്ടെന്നും ഇതേ പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി.

ശ്രീനിവാസന്റെ വാക്കുകള്‍

ഫേസ്ബുക്കില്‍ എനിക്ക് ഇതുവരെ അക്കൗണ്ടില്ലായിരുന്നു. പക്ഷേ എന്റെ പേരില്‍ ആറ് അക്കൗണ്ടുകളുണ്ടെന്നാണ് ചില സഹൃത്തുക്കളുടെ സഹായത്തോടെ ഞാന്‍ മനസിലാക്കിയത്. ആ അക്കൗണ്ടിലൂടെ സുഹൃത്തുക്കള്‍ പറയാറുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതായി അവര്‍ പറയുകയാണ്. വിനീതിന് രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കിയെന്നൊക്കെയാണ്. സിപിഎമ്മില്‍ ചേരണമെന്ന് ഒരിക്കല്‍, പാടില്ലെന്ന് പിന്നീടൊരിക്കല്‍. സിപിഎമ്മില്‍ ചേരുകയെന്നാല്‍ ചൂണ്ടയാണ് സൂക്ഷിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പ്രചരണം. ഇതുവരെ ഞാന്‍ വിനീതിനോട് രാഷ്ട്രീയം സംസാരിച്ചിട്ടില്ല. കാരണം ഓരോ ആളുകള്‍ക്കും പ്രായപൂര്‍ത്തിയാകുമ്ബോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്തെന്ന് തിരിച്ചറിയാന്‍ അവരവര്‍ക്ക് കഴിവുണ്ടാകണം. വിനീതിന് ആ രീതിയില്‍ ഒരു കഴിവുണ്ടാകുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. വിനീതിനു മാത്രമല്ല, നിരവധി ആളുകള്‍ക്ക്, ഒന്നും പുറത്തുപറയാത്ത ആളുകള്‍ക്ക് പോലും അവര്‍ക്ക് പറയാനുള്ള കാര്യങ്ങളെ കുറിച്ച്‌ വ്യക്തമായ ബോധ്യമുണ്ടാകും. അതുകൊണ്ട് എന്റെ ഉപദേശമോ അഭിപ്രായമോ ഒരാള്‍ക്കും ആവശ്യമില്ല. ഞാന്‍ ആരെയും ഉപദേശിക്കാന്‍ തയ്യാറല്ല. . ലോകത്തെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്കറിയാം. പക്ഷേ ഫേക്ക് അക്കൗണ്ടുകളില്‍ എന്നെ പറ്റി എഴുതുന്നവര്‍ക്ക് ആ സത്യം അറിയില്ലായിരിക്കും. അവര്‍ ഇനിയെങ്കിലും അത് മനസ്സിലാക്കണം. Sreenivasan Pattiam (Sreeni) എന്ന ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. അതിലൂടെ എനിക്ക് പറയാന്‍ ആഗ്രഹമുള്ള ഉപദേശമല്ലാത്ത കുറേ കാര്യങ്ങളുണ്ട്. അത് പറയാന്‍ ആ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ശ്രമിക്കുന്നതാണ്-ശ്രീനിവാസന്‍ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക