പ്രണയാനുഭവങ്ങള്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ സര്‍ഗ്ഗവേദി (പി. ടി. പൗലോസ്)
SAHITHYAM
23-Sep-2019
SAHITHYAM
23-Sep-2019

2019 സെപ്റ്റംബര്‍ 15 ഞായര്‍ സായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ വ്യത്യസ്തമായ ഒരു വിഷയവുമായി കവിയും എഴുത്തുകാരനുമായ രാജു തോമസിന്റെ അദ്ധ്യക്ഷതയില്‍ സര്‍ഗ്ഗവേദി പുതിയൊരദ്ധ്യായം തുറന്നു. സരസവും സര്‍ഗ്ഗാത്മകവുമായ ഒരു വിഷയം ''ബാല്യ കൗമാര യവ്വനങ്ങളിലെ പ്രണയാനുഭവങ്ങള്‍ ഒരു തുറന്നുപറച്ചില്‍''. കാലത്തിന്റെ കറപുരളാത്ത മുത്തുമണികള്‍ ഓരോന്നായി ഓര്‍മ്മകളുടെ സ്പടികത്തിളക്കത്തില്‍ മിന്നിമറഞ്ഞു സര്‍ഗ്ഗവേദിയില്‍.
പി. ടി. പൗലോസ് തന്റെ ഗതകാലങ്ങളിലെ മധുരിക്കുന്ന പ്രണയാനുഭവങ്ങള്‍ സദസ്യര്‍ക്ക് പങ്കുവച്ചുകൊണ്ടുകൊണ്ട് തുറന്നുപറച്ചിലിന് തുടക്കമിട്ടു. മിക്ക
സാഹിത്യരചനകളുടെയെല്ലാം അടിസ്ഥാനംതന്നെ പ്രണയമാണ്. അത് മഴയോടാകാം, പുഴയോടാകാം,പക്ഷിമൃഗാദികളോടാകാം, നീലാകാശത്തിലെ നക്ഷത്രങ്ങളോടാകാം, പ്രകൃതിയുടെ നിറപ്പകിട്ടിനോടാകാം, ചക്രവാളങ്ങള്‍ക്കപ്പുറത്തെ അനന്തമായ കാണാപ്പുറങ്ങളോടാകാം.
പി. ടി. പൗലോസ് തന്റെ ഗതകാലങ്ങളിലെ മധുരിക്കുന്ന പ്രണയാനുഭവങ്ങള്‍ സദസ്യര്‍ക്ക് പങ്കുവച്ചുകൊണ്ടുകൊണ്ട് തുറന്നുപറച്ചിലിന് തുടക്കമിട്ടു. മിക്ക
സാഹിത്യരചനകളുടെയെല്ലാം അടിസ്ഥാനംതന്നെ പ്രണയമാണ്. അത് മഴയോടാകാം, പുഴയോടാകാം,പക്ഷിമൃഗാദികളോടാകാം, നീലാകാശത്തിലെ നക്ഷത്രങ്ങളോടാകാം, പ്രകൃതിയുടെ നിറപ്പകിട്ടിനോടാകാം, ചക്രവാളങ്ങള്‍ക്കപ്പുറത്തെ അനന്തമായ കാണാപ്പുറങ്ങളോടാകാം.
സ്ത്രീക്കും പുരുഷനും പ്രണയിക്കാം. പുരുഷനും പുരുഷനും പ്രണയിക്കാം.
സ്ത്രീക്കും സ്ത്രീക്കും പ്രണയിക്കാം. സ്വയം ആത്മാവിനെതന്നെയും പ്രണയിക്കാം. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് പൗലോസ് തുടര്‍ന്നു . തന്റെ ബാല്യകാലത്തിലെ പ്രണയം കൂട്ടിലടച്ച കോഴിക്കുഞ്ഞുങ്ങളോടായിരുന്നു. കൂട്ടിലടച്ച കോഴികളെ തുറന്നുവിടുമ്പോള്‍ അമ്മ വടിയും ശകാരവുമായി പിറകെ എത്തുന്നത് സ്ഥിരം പതിവായിരുന്നു. വളര്‍ത്തുനായ്ക്കളെയും ആട്ടിന്‍കുഞ്ഞുങ്ങളെയും റോസ് നിറത്തെയും പ്രണയിച്ചിട്ടുണ്ട്. നോട്ടുബുക്ക് കവറുകള്‍ക്ക് റോസ് നിറം വേണമെന്ന് ശാഠ്യം പിടിക്കുമായിരുന്നു. ബാല്യം കൗമാരത്തിന് വഴിമാറുന്നതിനു മുന്‍പ് തോട്ടിന്‍കരയിലെ മണല്‍പ്പരപ്പില്‍ മലര്‍ന്നുകിടന്ന തന്റെ നെഞ്ചത്തിരുന്നു മണ്ണുവാരിക്കളിച്ചുകൊണ്ട് വാഴപ്പിള്ളി കുഞ്ഞേലി ചോദിച്ചു ''എടാ, നിന്നെ ഞാനങ്ങ് കെട്ടട്ടെ ?''. ''ആയിക്കോ കുഞ്ഞേലി'' എന്ന മറുപടി കേട്ടതോടെ അവള്‍ തോട്ടിറമ്പിലെ പുല്ലാന്തിവള്ളി പറിച്ചു തന്റെ കഴുത്തില്‍കെട്ടി ആണ്‍ പെണ്‍ പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചു . നാലാം കഌസില്‍ പഠിക്കുമ്പോള്‍ ക്ലാസ്സ്ടീച്ചര്‍ രാധാമണിടീച്ചര്‍ക്ക് ആദ്യത്തെ പ്രണയലേഖനമെഴുതിപ്പിച്ച ഒരു വില്ലന്‍ കൂട്ടുകാരനും തനിക്കുണ്ടായിരുന്നു . സത്യമറിഞ്ഞപ്പോള്‍ തന്നോട് ക്ഷമിച്ച രാധാമണിടീച്ചറിന്റെ ഹൃദയവിശാലതയെ ആദരവോടെ സ്മരിച്ചുകൊണ്ട് തുടര്‍ന്നു . കൗമാരത്തില്‍ പ്രണയത്തിന്റെ രീതിയും ഭാവവും മാറി. സ്കൂള്‍ വാര്‍ഷികദിനത്തിലെ ഡാന്‍സ് പരിപാടിയില്‍ ''ചെപ്പുകിലുക്കണ ചങ്ങാതി.....'' സ്ഥിരം പാടുന്ന ഇടത്തെ കവിളില്‍ കറുത്ത മറുകുള്ള വെളുത്ത മേരിക്കുട്ടി, ലബോറട്ടറി കഌസ്സിലേക്ക് പോകുമ്പോള്‍ പിറകില്‍നിന്നും കാലില്‍ ചവിട്ടിയാല്‍ ഇടതുവശത്തേക്ക് കിറികോട്ടി കൊഞ്ഞനംകുത്തുന്ന സി. വി. ഏലിയാമ്മ, ഡ്രില്ലിന് വിടുമ്പോള്‍ 9ആ യില്‍ നിന്നും തന്റെ ചലനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്ന ചന്ദ്രമണി കെ. നായര്‍, വെള്ളിയാഴ്ചകളില്‍ ആകാശനീല നിറമുള്ള ഓയില്‍ നീണ്ടപാവാടയും വെള്ളയില്‍ കറുത്ത പുള്ളികളുള്ള നീളന്‍ബ്ലൗസുമിടുന്ന 10ഇ യിലെ ഇരുനിറക്കാരി ലീലാമ്മ ഐസക്. ഇവര്‍ക്കെല്ലാം എഴുതിയ പ്രണയലേഖനങ്ങള്‍ മുട്ടത്തു വര്‍ക്കിയുടെ പ്രണയസാന്ദ്രമായ നോവലുകളുടെ കൊച്ചു കൊച്ചു പതിപ്പുകളായിരുന്നു. കോളേജ് തലത്തില്‍ എത്തിയപ്പോള്‍ മോളി എബ്രാഹവും താനും അസ്ഥിയില്‍ പിടിച്ച പ്രേമവുമായി കോളേജ് ക്യാമ്പസ് പ്രണയത്തിന്റെ പൂരപ്പറമ്പാക്കി. തന്റെ ആത്മാവിന്‍റെ അന്തരാളങ്ങളില്‍ അവാച്യമായ അനുഭൂതികളുടെ തായമ്പക കൊട്ടിച്ച അവളെ ഒരു വേനല്‍ക്കാല അവധിക്കാലത്ത് ഒരു വടക്കന്‍ പറവൂര്‍ക്കാരന്‍ അവറാച്ചന്‍ കെട്ടി ബോംബെക്ക് കൊണ്ടുപോയതുകൊണ്ട് അവളുടെ അപ്പന്‍ ഇട്ട പേര് മാറ്റേണ്ടി വന്നില്ല. ഇപ്പോഴും മോളി എബ്രാഹം തന്നെ. മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മുംബെയില്‍ അവളുടെ വീട്ടില്‍ ഒരു ദിവസം ഗസ്റ്റ് ആയി താമസിക്കേണ്ടിവന്നത് യാദൃഛികം എന്ന് പൗലോസ് പറഞ്ഞുനിറുത്തി.
രാജു തോമസ് പറഞ്ഞത് കോളേജ് പഠനകാലത്തെ 'ചുറ്റിക്കളി'കളെ കുറിച്ചായിരുന്നു. പക്ഷെ വീട്ടുകാരെ പേടിച്ച് അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. ചിന്നമ്മ സ്റ്റീഫന് പറയാനുണ്ടായിരുന്നത് ചെറുപ്പകാലത് എല്ലാത്തിനോടും ഇഷ്ടമുണ്ടായിരുന്നു എന്നതാണ്. പ്രണയം വിവാഹതലത്തിലേക്കുയര്‍ന്നപ്പോള്‍ അതിന്റെ തീവ്രത കൂടി. തെരേസ ആന്റണിയുടെ പഠനം ഗേള്‍സ് സ്കൂളിലും വിമന്‍സ് കോളേജിലും ഒക്കെ ആയിരുന്നു. അന്ന് തന്റെ പ്രണയം നന്നായി പഠിപ്പിക്കുന്ന ടീച്ചറോട് ആയിരുന്നു. ടീച്ചറിന്റെ ഇഷ്ടം കിട്ടാന്‍ റോസാപ്പൂവ് കൊടുക്കുമായിരുന്നു. അത് അസൂയക്കാരികളായ പല കൂട്ടുകാരികളെയും സൃഷ്ടിക്കാന്‍ കാരണമായി എന്ന് തെരേസ ആന്റണി പറഞ്ഞു.
ഇ. എം. സ്റ്റീഫന്റെ പ്രണയം പി. കേശവദേവിനോടും എ. ടി. കോവൂരിനോടും ഇ.എം.എസ് നോടും ശ്രീനാരായണ ഗുരുവിനോടും പവനനോടും ഒക്കെ ആയിരുന്നു. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയോട് ലേശം മോഹം തോന്നാതിരുന്നില്ല. ഒരു തീവണ്ടിയാത്രയില്‍ കണ്ടുമുട്ടിയ മറ്റൊരു പെണ്‍കുട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രണയിച്ചു. പക്ഷെ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ദുബായിക്ക് പോകണമെന്ന് പറഞ്ഞു. അതോടെ ആ മോഹവും അകാലചരമം പ്രാപിച്ചു. ഇന്നത്തെ പ്രണയം സ്വന്തം ഭാര്യ കഴിഞ്ഞാല്‍ കേരളാ സെന്ററിനോടാണെന്ന് സ്റ്റീഫന്‍ താത്വികമായി പറഞ്ഞു.
ഡോഃ നന്ദകുമാര്‍ ചാണയില്‍ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചതുകൊണ്ടും ആണ്‍കുട്ടികളുടെ സ്കൂളിലും കോളേജിലും പഠിച്ചതുകൊണ്ടും ഒരു ആണ്‍ പെണ്‍ പ്രണയത്തിന് സ്‌കോപ്പ് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു. പോസ്റ്റ് ഗ്രാജുവേഷന്‍ കാലത്ത് പെണ്‍കുട്ടികളോട് ഇടപെടുവാന്‍ സാഹചര്യം ഉണ്ടായിരുന്നെങ്കിലും വീട്ടില്‍നിന്നും കിട്ടിയ ശിക്ഷണം ഒരു പ്രേമത്തിലേക്ക് വളരുവാന്‍ അനുവദിച്ചില്ല. എങ്കിലും വീട്ടില്‍ വളര്‍ത്തിയ ഒരു ആടിനെ 'സീത' എന്ന് പേരിട്ട് പ്രണയിച്ചിരുന്നു എന്ന് ഡോഃ നന്ദകുമാര്‍ പറഞ്ഞു.
പഠനകാലത്ത് ഒരു പെണ്‍കുട്ടിക്ക് പുസ്തകത്തില്‍ തന്റെ ഫോട്ടോ വച്ചുകൊടുക്കുകയും ഒരു വര്‍ഷം കഴിഞ്ഞ് ഫോട്ടോയോടുകൂടി പുസ്തകം
തിരിച്ചുകിട്ടിയ അനുഭവം സരസമായി വിവരിച്ചുകൊണ്ടാണ് സാനി അമ്പൂക്കന്‍ തന്റെ മനസ്സ് തുറന്നത് . അക്കാലത്ത് പെണ്‍കുട്ടികളെ പ്രണയിക്കാന്‍ സങ്കോചമായിരുന്നു. എന്നിരുന്നാലും നൃത്തം, സംഗീതം, സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പ്രാവീണ്യം നേടുന്ന പെണ്‍കുട്ടികളെ ഇഷ്ടമായിരുന്നു. പ്രണയത്തിനു വ്യവസ്ഥകള്‍ പറയുന്ന പെണ്‍കുട്ടികളോട് അകല്‍ച്ചയും ഉണ്ടായിരുന്നു എന്ന് സാനി തുറന്നു പറഞ്ഞു.
സന്തോഷ് പാല തന്റെ അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്തി. പ്രണയത്തിന്റെ മുകുളങ്ങള്‍ വിരിയുന്നത് കാബസ്സുകളില്‍ നിന്നാണ് എന്നദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികളുടെ സ്കൂളിലും കോളേജിലും പഠിച്ചത് കൊണ്ട് പ്രണയത്തിന്റെ പൂമൊട്ടുകള്‍ വിരിയിക്കാനുള്ള സാധ്യത വ്യക്തിപരമായി കുറവായിരുന്നു. പുഷ്പിച്ച പ്രണയത്തിന്റെ സൗരഭ്യം കൂടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത് ബസ്സ് യാത്രകളിലാണ്. പലരുടെയും പ്രണയസാഫല്യത്തിന് ഇടനിലക്കാരനാകാന്‍ തനിക്കവസരം കിട്ടിയിട്ടുണ്ട്. ആ നല്ല കാലത്തെകുറിച്ച് ഓര്‍ക്കുമ്പോള്‍ നഷ്ടബോധമുണ്ട്. ആ നൊസ്റ്റാള്‍ജിയായിലേക്ക് ഒരു മടങ്ങിപ്പോക്കിന് മനസ്സ് കൊതിക്കുന്നു എന്ന് സന്തോഷ് പറഞ്ഞവസാനിപ്പിച്ചു.
ഡോഃ നന്ദകുമാര്‍ ചാണയില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ധ്യക്ഷനും സദസ്സിനും നന്ദി പറഞ്ഞതോടെ ഒരു സര്‍ഗ്ഗസായാഹ്നം സമാപ്തിയിലെത്തി.



Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments