Image

ഒരു അഭിനേതാവ് എന്ന നിലയില്‍ ഒടിയന്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്'; മോഹന്‍ലാല്‍

Published on 23 September, 2019
ഒരു അഭിനേതാവ് എന്ന നിലയില്‍ ഒടിയന്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്'; മോഹന്‍ലാല്‍

പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു 'ഒടിയന്‍'. ഈ ചിത്രം തന്നെ ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നാണ് 'ആശീര്‍വാദത്തോടെ ലാലേട്ടന്‍' എന്ന പേരില്‍ നടന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ ഒടിയനെ കുറിച്ച്‌ പറഞ്ഞത്.


ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളുടെ വിജയാഘോഷവും മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, എംപുരാന്‍, ബറോസ് എന്നീ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളും ഒരുമിച്ച്‌ നടന്ന വേദിയിലാണ് മോഹന്‍ലാല്‍ ഒടിയനെ കുറിച്ച്‌ മനസ് തുറന്നത്.


'മറ്റ് ചിത്രങ്ങളെ പോലെ തന്നെ സംഭവിച്ച ഒരു സിനിമയാണ് ഒടിയനും എന്ന് നമുക്ക് വിശ്വസിക്കാം. പക്ഷേ എനിക്ക് ആ ചിത്രം ഒരുപാട് നന്മകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ വീക്ഷണങ്ങള്‍ മാറിയിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ശ്രീകുമാറിനും ഹരികൃഷ്ണനും ആന്റണിക്കും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.


ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായി. പക്ഷേ അതിനെയൊക്കെ മാറ്റിവെച്ചുകൊണ്ട് നിങ്ങള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണ്. തീര്‍ച്ചയായും ശ്രീകുമാറിന്റെ കഠിനശ്രമം ആ ചിത്രത്തിന്റെ പിന്നിലുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് എന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമകളില്‍ ഒന്നായി മാറി ഒടിയന്‍. അതിന് ശ്രീകുമാറിന് നന്ദി. ഈ സിനിമ കണ്ട് ഞങ്ങളെ അനുഗ്രഹിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു' എന്നാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക