Image

ലോകസിനിമകള്‍ - ടേക്കണ്‍

അഭി Published on 22 September, 2019
ലോകസിനിമകള്‍  - ടേക്കണ്‍
"ഹലോ,
നീയാരാണെന്ന് എനിക്കറിയില്ല |
നിനക്കെന്താണ് വേണ്ടതെന്നും എനിക്കറിയില്ല,
നിനക്ക് വേണ്ടത് മോചനദ്രവ്യം ആണെങ്കില്‍, ഒരു കാര്യം പറയാം, എന്റെ കയ്യില്‍ പണമൊന്നുമില്ല.
പക്ഷെ എന്റെ കയ്യില്‍ സവിശേഷമായ പ്രത്യേക കഴിവുകളുണ്ട്,
എന്റെ തൊഴിലില്‍ നിന്നും ദീര്‍ഘകാലം കൊണ്ട് ഞാന്‍ ആര്‍ജിച്ചെടുത്ത പാടവം.
നിന്നെ പോലുള്ളവന്മാര്‍ക്ക് എന്നെയൊരു പേടിസ്വപ്നമാക്കുന്ന സാമര്‍ഥ്യം!
ഇപ്പോള്‍ നീയെന്റെ മകളെ വിട്ടയച്ചാല്‍ അതോടെ എല്ലാം അങ്ങ് അവസാനിക്കും.
ഞാന്‍ നിന്നെ തിരഞ്ഞു വരില്ല,
ഞാന്‍ നിന്നെ പിന്തുടരില്ല,
മറിച്ചാണെങ്കില്‍ ഞാന്‍ നിന്നെ തേടിയിറങ്ങും
നിന്നെ ഞാന്‍ പൊക്കും,
എന്നിട്ട് നിന്നെയങ്ങ് തീര്‍ക്കും"

ഇത് മമ്മൂട്ടിയുടെയോ സുരേഷ്‌ഗോപിയുടെയോ ഏതെങ്കിലും മാസ് സിനിമകളിലെ കോരിത്തരിപ്പിക്കുന്ന ഡയലോഗല്ല! ലിയാം നീസണ്‍ എന്ന അതുല്യനായ അഭിനേതാവിന്റെ കയ്യൊപ്പ് ചാര്‍ത്തിയ 'ടേക്കണ്‍' എന്ന ഇന്‍ഗ്ലീഷ് സിനിമയിലെ ഒരു രംഗമാണ്!  ആക്ഷന്‍ ഹീറോകളുടെ കൂട്ടത്തിലേക്ക് 'ലിയാം നീസണ്‍'  എന്ന പേരു കൂടി ചേര്‍ത്തുവെച്ച പടം.
ടേക്കണ് മൂന്നുഭാഗങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം! ഇതില്‍ ടേക്കണ്‍1 നെ കുറിച്ചാണ് ഈ ലക്കത്തില്‍ പ്രതിപാദിക്കുന്നത്.

TAKEN (2008)
Thriller/Action
Directed by Pierre Morel
Produced by Luc Besson
Written by Luc Besson, Robert Mark Kamen
Starring  Liam Neeson, Maggie Grace, Leland Orser, Jon Gries, David Warshofsky, Katie Cassidy,Holly Valance,
Famke Janssen
Running time: 90 minutes
Coutnry: France
Language: English

CIAയിലെ ഏജന്‍റ് ആണ് ബ്രയാന്‍ മില്‍സ്. ജോലിയോടുള്ള ആത്മാര്‍ഥത കൂടിയപ്പോള്‍ സ്വാഭാവികമായും ബ്രയാന്റെ കുടുംബ ബന്ധം താറുമാറായി. ഭാര്യ ലെനോര്‍ അയാളില്‍ നിന്ന് വിവാഹമോചനം നേടി വേറൊരാളെ കല്യാണം കഴിച്ചു. കിം എന്ന മകള്‍ ഉണ്ടായിരുന്നു ഇരുവര്‍ക്കും. കിം അമ്മയുടെ കൂടെ പോയപ്പോള്‍ ബ്രയന്‍ ഒറ്റക്കായി! ജീവന്റെ ജീവനായ മകളെയെങ്കിലും തനിക്കു നഷ്ടപ്പെടരുതെന്ന ചിന്ത ബ്രയാനെ ആ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ബ്രയാന്‍ CIAയില്‍ നിന്ന് രാജിവെക്കുന്നു. മുഴുവന്‍ സമയവും തന്റെ മകളുടെ കൂടെ ചെലവഴിക്കണം എന്നതാണ് ഇനി അയാളുടെ ലക്ഷ്യം. അങ്ങനെ മകളുടെ സ്‌നേഹം തിരിച്ചു പിടിക്കണം.

ബ്രയാന്റെ അഭിപ്രായത്തിനു എതിരായി വാശി പിടിച്ചു, കള്ളം പറഞ്ഞു മകള്‍ തന്റെ കൂട്ടുകാരിയോടൊപ്പം യൂറോപ്യന്‍ പര്യടനത്തിന് പോകുന്നു. പക്ഷെ വലിയൊരു റാക്കറ്റിന്റെ കൈയില്‍ മകളും കൂട്ടുകാരിയും അകപ്പെടുന്നു. ഇത് മനസിലാക്കുന്ന ബ്രയാന്‍ പക്ഷെ ഒട്ടും പതറുന്നില്ല. പഴയ ജോലി തന്ന അനുഭവവും ആത്മവിശ്വാസവും കൈമുതലായുള്ള ബ്രയാന്‍ തന്റെ മകളെ തേടിയിറങ്ങുന്നു. മകളെ രക്ഷിക്കാനുള്ള ബ്രയാന്റെ സാഹസിക ശ്രമങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും നാള്‍വഴികള്‍.... വലിയ അന്താരാഷ്ട്ര ബന്ധങ്ങളുള്ള സെക്‌സ് മാഫിയയുടെയും അവര്‍ക്കു മുന്നില്‍ തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരച്ഛന്റെയും ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് 'ടേക്കണ്‍'.  പതിഞ്ഞ താളത്തില്‍ തുടങ്ങി ആക്ഷന്റെ കൊടുമുടി കയറുന്ന ഈ സിനിമ. തുടങ്ങിയ ശേഷം ഒരു സെക്കന്റ് പോലും കണ്ണ് ചിമ്മാതെ കണ്ടു തീര്‍ക്കാം.

ലോകസിനിമകള്‍  - ടേക്കണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക